വൈദ്യുതി നിരക്ക് വര്‍ദ്ധന ഇനിയും ജനങ്ങളെ ദ്രോഹിക്കല്ലേ (എഡിറ്റോറിയല്‍)

വൈദ്യുതി നിരക്ക് വര്‍ദ്ധന ഇനിയും ജനങ്ങളെ ദ്രോഹിക്കല്ലേ (എഡിറ്റോറിയല്‍)

അതിരൂക്ഷമായ വിലക്കയറ്റം, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, നാള്‍ക്ക് നാള്‍ കൂടിക്കൂടി വരുന്ന സംസ്ഥാനത്തിന്റെ പൊതുകടം ഇതെല്ലാംകൊണ്ട് ഞെങ്ങി ഞെരുങ്ങിയാണ് മലയാളികളില്‍ മഹാഭൂരിപക്ഷവും കഴിയുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്താനോ ഫലപ്രദമായ ഇടപെടല്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിക്കുന്നത് പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാമേഖലയിലും നികുതി വര്‍ദ്ധിപ്പിക്കുകയാണ്. നികുതി ഭാരം പേറേണ്ടി വരുന്നത് ജനങ്ങള്‍ തന്നെയാണ്. തൊട്ടതിനെല്ലാം നികുതി വര്‍ദ്ധിപ്പിക്കുന്ന ഒരു ബജറ്റായിരുന്നു കടന്നു പോയത്. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമായപ്പോള്‍ പല വര്‍ദ്ധിപ്പിച്ച നികുതികളും കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
രാജ്യത്തെയും, സംസ്ഥാനത്തെയും ജനങ്ങളുടെ സാമ്പത്തിക നില പരിതാപകരമാണെന്നതാണ് സത്യം. കേരളത്തില്‍ പ്രതിദിനം ആയിരം രൂപ വരുമാനമുള്ള ഒരു കുടുംബത്തിന് പോലും മാന്യമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കുടുംബത്തിന്റെ ജീവിതച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ ഇതെല്ലാം മുന്നോട്ട് കൊണ്ട്‌പോകാന്‍ ഓരോ കുടുംബവും പെടാപാട് പെടുകയാണ്.
അതിനിടയിലാണ് ഇപ്പോള്‍ വൈദ്യുതി നിരക്കും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഒരു രൂപയുടെ വര്‍ദ്ധനവ് പോലുംതാങ്ങാന്‍ ശേഷി ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അക്കാര്യത്തില്‍ പഴുതുകളടച്ചും വൈദ്യുതി ഉപയോഗത്തില്‍ അച്ഛടക്കം പാലിച്ചും, ചിലവ് കുറഞ്ഞ രീതിയില്‍ വൈദ്യുതി സാധ്യത വര്‍ദ്ധിപ്പിച്ചും സോളാര്‍ വൈദ്യുതി സാധ്യത വര്‍ദ്ധിപ്പിച്ചും, നവീനവും വേഗതയാര്‍ന്നതും, ചിട്ടയാര്‍ന്നതുമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാവണം. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പഴഞ്ചന്‍ സിദ്ധാന്തം തന്നെ പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി നിരക്ക് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കരാര്‍ റദ്ദാക്കി അതിന്റെ ഇരട്ടിയിലധികം തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത്‌കൊണ്ടാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. 2016ല്‍ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് 25 വര്‍ഷക്കാലത്തേക്ക് ഒപ്പിട്ട നിരക്ക് കുറവുള്ള ദീര്‍ഘകാല കരാര്‍ 2023ല്‍ റദ്ദാക്കി അദാനി പവറിന് സംസ്ഥാനത്തെ വൈദ്യുത മേഖലയില്‍ ഇടം ഒരുക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് പച്ച പരവതാനി വിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ രാജ്യത്ത് പലയിടങ്ങളിലും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.
സര്‍ക്കാരിന്റെ ഏതാണ്ടെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. നഷ്ടത്തിലായ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫണ്ടനുവദിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതൊക്കെ എത്ര കാലം കൊണ്ടുപോകാനാവും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കേണ്ടത് ആ സ്ഥാപനം നിയന്ത്രിക്കുന്നവരാണ്. ലാഭകരമായി നടത്തിയില്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കണം.
ജനങ്ങളെ പ്രയാസപ്പെടുത്തുന്ന അമിത നികുതിയടക്കം അടിച്ചേല്‍പ്പിച്ച് പിരിച്ചെടുക്കുന്ന തുക ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്ന ഏര്‍പ്പാട് സര്‍ക്കാരും നിര്‍ത്തണം.
ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, വെള്ളം, വെളിച്ചം, നല്ല ജീവിത സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിന് മുന്‍ഗണന നല്‍കിയാവണം പ്രവര്‍ത്തനങ്ങള്‍നടത്തേണ്ടത്. ജനങ്ങള്‍ പ്രയാസപ്പെടുന്ന ഈ കാലത്ത് വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം.

വൈദ്യുതി നിരക്ക് വര്‍ദ്ധന ഇനിയും ജനങ്ങളെ ദ്രോഹിക്കല്ലേ (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *