പി വി വിവേകാനന്ദ് കേരളത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന മാധ്യമ പ്രതിഭ

പി വി വിവേകാനന്ദ് കേരളത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന മാധ്യമ പ്രതിഭ

മധ്യ പൗരസ്ത്യ ദേശത്തെ രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്ര ഗണ്യന്‍.
വസ്തുതകളുടെ ശേഖരത്തോടൊപ്പം അനുഭവ സമ്പത്തും അദ്ദേഹത്തിന് തുണയായി

പുന്നക്കന്‍ മുഹമ്മദലി

പാലക്കാട് ഒറ്റപ്പാലം പുതുക്കുടി വീട്ടില്‍ വിവേകാനന്ദന്‍ എന്ന, പി വി വിവേകാനന്ദന്‍ യുഎഇയിലെ ഷാര്‍ജ കേന്ദ്രമായ ഗള്‍ഫ് ടുഡെ ഇംഗ്ലിഷ് ദിനപത്രത്തില്‍ എഡിറ്റോറിയില്‍ അഡൈ്വസറായാണ് പിരിഞ്ഞത്. നേരത്തെ, ഗള്‍ഫ് ടുഡെയില്‍ ഏഴു വര്‍ഷത്തോളം എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായും സേവനം അനുഷ്ടിച്ചു. 1980 മുതല്‍ ജോര്‍ദാന്‍ കേന്ദ്രമായ ജോര്‍ദാന്‍ ടൈംസില്‍ സീനിയര്‍ എഡിറ്ററായി 17 വര്‍ഷം ജോലി ചെയ്തു. പിന്നീട്, ബഹ്റിന്‍ ട്രിബ്യൂണില്‍ അസിസ്റ്റന്റ് എഡിറ്ററായി ഒന്നര വര്‍ഷത്തോളം. കൂടാതെ, ഇംഗ്ലിഷ് , മലയാളം ഉള്‍പ്പടെയുള്ള പത്രങ്ങളിലും മാസികകളിലും പ്രത്യേക കോളങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിരുന്നു.

കേരളത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് പി വി വിവേകാനന്ദ്. യു എ ഇക്കാരെ സംബന്ധിച്ചിടത്തോളം, ഏറ്റവും അറിയപ്പെടുന്ന, കഴിവുറ്റ പത്രപ്രവര്‍ത്തകന്‍. മധ്യപൗരസ്ത്യദേശത്തിന് പ്രതിബദ്ധതയാര്‍ന്ന ധിഷണാശാലി. ഷാര്‍ജ ആസ്ഥാനമായുള്ള ‘അല്‍ ഖലീജ്’ ഗ്രൂപ്പിലെ ദി ഗള്‍ഫ് ടുഡെ ഇംഗ്ലീഷ് ദിനപത്രത്തിന്റെ എല്ലാമായി 15 വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു. അവിടെ എത്തിപ്പെടാന്‍ അദ്ദേഹം താണ്ടിയ വഴികള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

പാലക്കാട് സ്വദേശിയായ വിവേകാനന്ദിന്റെ കുടുംബം ബോംബെയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ബോംബെയിലേക്കു പറിച്ചുനടപ്പെട്ടു. കുടുംബ ബിസിനസില്‍ കുറച്ചു കാലം ശ്രദ്ധ കേന്ദ്രീകരിച്ചു. ബോംബെയിലെ ജീവിതം മടുത്തപ്പോള്‍ അദ്ദേഹം ലബനാനിലേക്ക് വിമാനം കയറി. അന്ന് മധ്യപൗരസ്ത്യദേശം ഫലസ്തീന്‍ പ്രശ്നത്താല്‍ കലുഷിതമായിരുന്നു. എങ്ങും വെടിയൊച്ചകളും പലായനങ്ങളുമായിരുന്നു. അദ്ദേഹം ലബനാനില്‍ ചെന്നുപെട്ടത്, കെട്ടിട നിര്‍മാണത്തൊഴിലാളികളുടെ കേന്ദ്രത്തില്‍. കുറച്ചു ദിവസം അവിടെ പിടിച്ചു നിന്നു. ജോര്‍ദാനില്‍ മികച്ച തൊഴിലവസരങ്ങളുണ്ടെന്നറിഞ്ഞ് അങ്ങോട്ടേക്ക് പോയി. 1979 ജോര്‍ദാന്‍ ടൈംസില്‍ പാര്‍ട്ട് ടൈം പ്രൂഫ് റീഡറായി. ജോര്‍ദാന്‍ ടൈംസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ഥിരോത്സാഹം കൊണ്ട്, പ്രധാന കോളമിസ്റ്റായി. ഇത് അന്നത്തെ ജോര്‍ദാന്‍ ഭരണാധികാരി ഹുസൈന്‍ രാജാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇടക്കിടെ രാജാവില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ലഭിക്കുമായിരുന്നു.
ഇതിനിടയില്‍ ഇറാന്‍-ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല ലഭിച്ചു. ജോര്‍ദാന്‍ ടൈംസിനു മാത്രമല്ല, ലോകത്തിലെ മിക്ക പത്രങ്ങളും വിവേകാനന്ദിന്റെ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും കാത്തു നിന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ യു എന്‍ ഐയുടെ പ്രതിനിധിയായി. 1992ല്‍ അദ്ദേഹം യു എ ഇയിലെത്തി.
ദി ഗള്‍ഫ് ടുഡെ ഒരു പ്രതിസന്ധി ഘട്ടം നേരിട്ടു തുടങ്ങിയ കാലത്താണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. മികച്ച പത്രാധിപക്കുറിപ്പുകളിലൂടെ ദി ഗള്‍ഫ് ടുഡെയെ ശ്രദ്ധേയമാക്കി. യു എ ഇയിലെ ഇന്ത്യന്‍ മാധ്യപ്രവര്‍ത്തകര്‍ കൂട്ടായ്മ രൂപവത്കരിച്ചപ്പോള്‍ പ്രസിഡന്റായി മറ്റൊരാളെ ആര്‍ക്കും നിര്‍ദേശിക്കാനുണ്ടായിരുന്നില്ല. എത്രയോ വേദികളെ അദ്ദേഹം അനുഭവ വിവരണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കി. യു എ ഇയുടെ സാംസ്‌കാരിക ജീവിതത്തെ സക്രിയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ചിരന്തന ,മാധ്യമ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ കിട്ടിയ അവസരം വിലപ്പെട്ടതായി കാണുന്നു. അതില്‍ ഏറെ സന്തോഷിക്കുന്നു ‘
ഇന്നലെ ഇന്ത്യന്‍ മീഡിയ ഫോറവും ചിരന്തനയും സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ എല്ലാവരും അദ്ദേഹത്തിന്റെ മഹത്വം കണ്ടറിഞ്ഞവര്‍ കൂടി ആണ്.അദ്ദേഹത്തിന്റെ കൂടെ കുറേ കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

 

 

 

പി വി വിവേകാനന്ദ് കേരളത്തില്‍ നിന്ന്
ലോകത്തോളം വളര്‍ന്ന മാധ്യമ പ്രതിഭ

 

Share

Leave a Reply

Your email address will not be published. Required fields are marked *