കെ.എഫ്.ജോര്‍ജ്ജ്
ആകാശത്തേക്ക് ഉയര്‍ന്നുവരുന്ന പന്തിനെ ലക്ഷ്യമാക്കി ഒരു കൊള്ളിയാന്‍ പോലെ കുതിച്ചുയര്‍ന്ന് എതിര്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിക്കുന്ന ഊക്കന്‍ സ്മാഷുകള്‍ ഉതിര്‍ക്കുന്ന വോളിബോള്‍ കളിക്കാരനായിരുന്നു ജിമ്മിജോര്‍ജ്ജ്. കാലുകള്‍ പുറകോട്ട് മടക്കി ചാടുന്ന ജിമ്മി മുകളിലെത്തുമ്പോള്‍ സ്മാഷിന് ഊര്‍ജ്ജം സംഭരിക്കാനായി നെഞ്ച് പുറകോട്ട് വളയ്ക്കും. വായുവില്‍ നിശ്ചലനാകുന്ന ഈ അല്‍പ്പ സമയത്ത് പന്ത് ബ്ലോക്ക്‌ചെയ്യാന്‍ ചാടുന്ന എതിര്‍ ടീമിലെ കളിക്കാരുടെ കൈവിരലുകള്‍ അല്‍പ്പം താഴും. ഈ പഴുതിലൂടെ ജിമ്മിയുടെ ഊക്കനടി കണ്‍ചിമ്മി തുറക്കുന്നതിന് മുമ്പ് എതിര്‍കോര്‍ട്ടില്‍ പതിച്ചിരിക്കും.
ഇന്നാട്ടുകാരെ മാത്രമല്ല പിന്നീട് കളിച്ച വിദേശ ടീമുകളേയും ജിമ്മിയുടെ ഈ പ്രത്യേക ‘സ്‌പോട്ട് ജംപ്’ ആകര്‍ഷിച്ചു. ഹെര്‍മസ് ദേവനെന്നാണ് ഇറ്റലിയിലെ ഒരു പത്രം ജിമ്മിയെ വിശേഷിപ്പിച്ചത്. കാലില്‍ ചിറകുള്ളപോലെ അനായാസം കുതിച്ചുയരുന്ന ജിമ്മിയെ കാണുമ്പോള്‍ പാദങ്ങളില്‍ സ്വര്‍ണ്ണച്ചിറകുള്ള പുരാണത്തിലെ ഹെര്‍മസ് ദേവനെ ഓര്‍മ്മ വരുമെന്ന് പത്രം എഴുതി.
വോളിബോള്‍ ഇതിഹാസം ജിമ്മിജോര്‍ജ്ജ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ എന്റെ ഒരു കൊല്ലം ജൂനിയറായാണ് പഠിക്കാനെത്തിയത്. ഞാന്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷം. ജിമ്മി ഒന്നാം വര്‍ഷക്കാരന്‍. എന്നാല്‍ ഞങ്ങള്‍ ഒരേ ഹോസ്റ്റലിലായിരുന്നു താമസം. കുറച്ചുകാലം ഞങ്ങള്‍ ഒരേ മുറിയിലുമായിരുന്നു.
കണ്ണൂരിലെ കര്‍ഷക ഗ്രാമമായ പേരാവൂരില്‍ കുടക്കച്ചിറ ജോര്‍ജ്ജ് വക്കീലിന്റെയും മേരിയുടെയും പുത്രനായി 1955 മാര്‍ച്ച് എട്ടിനു ജനിച്ച ജിമ്മി 1987 നവംബര്‍ 30 വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഇറ്റലിയില്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് 32-ാം വയസ്സില്‍ പൊലിഞ്ഞു പോയ ജിമ്മി വോളിബോള്‍ കളികൊണ്ട് ഏറെ അംഗീകാരവും പ്രശസ്തിയും നേടിയെങ്കിലും പതിരില്ലാത്ത കതിര്‍ക്കുലകള്‍ കനംകൊണ്ട് തല കുനിക്കുന്നതുപോലെ അനുമോദനങ്ങള്‍ കുമിഞ്ഞു കൂടിയപ്പോഴും ഏറെ വിനയാന്വിതനാവുകയാണുണ്ടായത്. കളിക്കളങ്ങളിലെ ജേതാക്കളില്‍ അപൂര്‍വ്വം കാണുന്ന ഈ സ്വഭാവ സവിശേഷതയാകാം ജിമ്മിക്ക് ഏറെ ആരാധകരെയുണ്ടാക്കിയത്.
പേരാവൂരില്‍ മുതിര്‍ന്നവര്‍ പന്തു കളിക്കുമ്പോള്‍ ‘ഔട്ടു പെറുക്കി’യായി കോര്‍ട്ടിനു പുറത്തു നിന്ന ജിമ്മി ഏറെ വൈകാതെ വോളിബോളിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് മികച്ച കളിക്കാരനായി. പിതാവ് നല്ല വോളിബോള്‍ കളിക്കാരനായിരുന്നു.
കളിക്കിടയിലും ഉഴപ്പാതെ പഠിച്ച ജിമ്മി എസ്എസ്എല്‍സി ഒന്നാം ക്ലാസ്സില്‍ പാസായി ദേവഗിരി കോളേജില്‍ പ്രീഡിഗ്രി പഠിക്കാനെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീമില്‍ ഇടംപിടിച്ച ജിമ്മി 16 വയസ്സുള്ളപ്പോള്‍ കേരള സംസ്ഥാന ടീമില്‍ അംഗമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആദ്യമായി നടത്തിയ നീന്തല്‍ മത്സരത്തില്‍ ചാമ്പ്യനായ ജിമ്മി മികച്ച ചെസ് കളിക്കാരന്‍ കൂടിയായിരുന്നു.
തുടര്‍ പഠനത്തിന് പാലാ സെന്റ് തോമസ് കോളേജിലെത്തി. എം.ബി.ബി.എസ് പഠനത്തിന് അവസരം ലഭിച്ചുവെങ്കിലും വോളിബോളിനായി അത് ഉപേക്ഷിച്ച് പൊലീസില്‍ ഉദ്യോഗം സ്വീകരിച്ചു.
ജിമ്മിയെ പിതൃനിര്‍വിശേഷം സ്‌നേഹിച്ചിരുന്ന മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ എം.കെ.ജോസഫ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചതുപോലെ മെഡിക്കല്‍ പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ ജിമ്മി രോഗികളോട് കാരുണ്യ പൂര്‍വ്വം പെരുമാറുന്ന ഒരു ഡോക്ടറാകുമായിരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ മാന്യനായ ഒന്നാംകിട പൊലീസ് ഓഫീസറായി ശോഭിക്കുമായിരുന്നു.
ടെഹ്‌റാനില്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 19 വയസേ പ്രായമുണ്ടായിരുന്നുള്ളൂ. സോള്‍, ബാങ്കോക്ക്, ഏഷ്യാഡുകളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. സോളില്‍ ജിമ്മിയുടെ മിന്നുന്ന പ്രകടനം ഇന്ത്യക്ക് വെങ്കല മെഡല്‍ നേടിക്കൊടുത്തു. 1985ല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി.
ജിമ്മിക്ക് 1975ല്‍ ജി.വി.രാജ അവാര്‍ഡും, 1976ല്‍ മികച്ച സ്‌പോര്‍ട്‌സ് മാനുള്ള മലയാള മനോരമ അവാര്‍ഡും ലഭിച്ചു. 1979ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചു.
പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉദ്യോഗം സ്വീകരിച്ച ജിമ്മി കൂടുതല്‍ ഉയരങ്ങള്‍ തേടിയാണ് 1979ല്‍ അബുദാബിയിലേക്ക് പുറപ്പെട്ടത്. 1982 വരെ അവിടെ കളിച്ച ജിമ്മി യു.എ.ഇയിലെ മികച്ച കളിക്കാരനെന്ന ബഹുമതി കരസ്ഥമാക്കി.
ഗള്‍ഫില്‍ കളിക്കുമ്പോഴാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ വോളിബോള്‍ ടീമുകളെ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹം ഇറ്റാലിയന്‍ ക്ലബ്ബിലെത്തി. ജിമ്മിയുടെ വോളിബോള്‍ കളിയുടെ പുഷ്‌കല കാലം ആവോളം ആസ്വദിക്കാന്‍ ഇന്നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇറ്റലിക്കാര്‍ ഈ മലയാളി പ്രതിഭയെ സ്‌നേഹിച്ചു, ആദരിച്ചു. കളി കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോള്‍ ഒരു ട്രക്ക് കാറിലിടിച്ചാണ് ജിമ്മി മരണമടയുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ലൗലി ഗര്‍ഭിണിയായിരുന്നു. ജിമ്മിയുടെ മരണ ശേഷം രണ്ട് മാസം കഴിഞ്ഞായിരുന്നു പുത്രന്‍ ജോസഫ് ജിമ്മി ജോര്‍ജ്ജിന്റെ ജനനം.
ജിമ്മി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നമ്പര്‍ 10 ജഴ്‌സി ക്ലബ്ബ് പ്രത്യേക പേടകത്തിലാക്കി സൂക്ഷിച്ചു. മാത്രമല്ല ഈ നമ്പര്‍ അണിഞ്ഞ് ഇനി ഒരു കളിക്കാരനും കോര്‍ട്ടിലിറങ്ങില്ലെന്ന് ക്ലബ്ബ് തീരുമാനിക്കുകയും ചെയ്തു. ഈ വോളിബോള്‍ പ്രതിഭയെ ഇറ്റലിക്കാര്‍ എന്തു മാത്രം സ്‌നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്.
വിദേശത്ത് പ്രശസ്തിയില്‍ മുങ്ങി നില്‍ക്കുമ്പോഴും പൊലീസിനും ഇന്ത്യക്കും വേണ്ടി കളിക്കാനുള്ള ഒരു അവസരവും ജിമ്മി പാഴാക്കിയില്ല. 1985ല്‍ ജിമ്മിയുടെ കേരള പൊലീസ് ടീം ബല്‍വന്ത് സിങിനെപ്പോലെയുള്ള പ്രഗല്‍ഭര്‍ അടങ്ങിയ സി.എസ്.എഫിനെ തോല്‍പ്പിച്ച് ആദ്യമായി അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ കിരീടം നേടി.
ജിമ്മിയുടെ സഹോദരന്മാരും മികച്ച വോളിബോള്‍ കളിക്കാരായിരുന്നു. കേരള പൊലീസില്‍ ഐ.ജിയായി വിരമിച്ച ജ്യേഷ്ഠന്‍ ജോസ് ജോര്‍ജ്ജ് ഇന്ത്യന്‍ വോളിബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു. മറ്റു സഹോദരന്മാരായ സെബാസ്റ്റിയന്‍ മാത്യു, ഫ്രാന്‍സിസ്, സ്റ്റാന്‍ലി, വിന്‍സ്റ്റന്‍, റോബര്‍ട്ട് എന്നിവരും കായിക രംഗത്ത് പ്രശസ്തരായി. ഇവരില്‍ പലരും ദേശീയ ടീമുകളില്‍ കളിച്ചു. ചിലര്‍ അത്‌ലറ്റിക് രംഗത്ത് ശോഭിച്ചു. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ മെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മിയുടെ സഹോദരന്റെ ഭാര്യയാണ്.
പേരാവൂരില്‍ 1987 മെയ് 26നു നടന്ന വോളിബോള്‍ മത്സരം പോലെയൊന്ന് ചരിത്രത്തില്‍ ഇനി ആവര്‍ത്തിക്കാനിടയില്ല. ജിമ്മിയും വോളിബോള്‍ കളിക്കാരായ ഏഴു സഹോദരന്മാരും അണിനിരന്ന ജോര്‍ജ്ജ് ബ്രദേഴ്‌സും സെലക്ടഡ് കേരള ടീമുമായി നടന്ന മത്സരം കാണാന്‍ അനേകായിരങ്ങളെത്തി. ജോര്‍ജ്ജ് ബ്രദേഴ്‌സ് ജയം കണ്ട ആ കളിയാണ് ജിമ്മി ഇന്ത്യന്‍ മണ്ണില്‍ അവസാനമായി കളിച്ച മത്സരം.
നമുക്ക് നല്ല കോര്‍ട്ടുകളും രാജ്യാന്തര നിലവാരമുള്ള കളിക്കാരുമുണ്ടാകണമെന്ന സ്വപ്‌നമാണ് മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കല്‍പ്പറ്റയില്‍വച്ച് നടത്തിയ അഭിമുഖത്തില്‍ ജിമ്മി എന്നോട് പങ്കുവച്ചത്. ജിമ്മിയെ ഓര്‍ക്കുമ്പോഴെല്ലാം ദേവഗിരി കോളേജ് ഹോസ്റ്റലിലെ സൗഹൃദ നാളുകളും കോര്‍ട്ടില്‍ വെടിയുണ്ടപോലെ പതിക്കുന്ന സ്മാഷുകളും കൂട്ടുകാരുടെ ആഹ്ലാദാരവങ്ങളും മനസില്‍ തിരയടിക്കുന്നു.