ഹരിത രാഷ്ട്രീയം ശക്തിപ്പെടും: എം.എന്‍.കാരശ്ശേരി

ഹരിത രാഷ്ട്രീയം ശക്തിപ്പെടും: എം.എന്‍.കാരശ്ശേരി

മുന്‍ മന്ത്രി സിറിയക്‌ജോണിനെ അനുസ്മരിച്ചു

 

കോഴിക്കോട്: നമുക്ക് ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെ സംരക്ഷണവും കര്‍ഷകരും, കൃഷിയും മുഖ്യമായി വരുന്ന ഹരിത രാഷ്ട്രീയം രാജ്യത്ത് ശക്തിയാര്‍ജ്ജിച്ച് വരുന്നതായി പ്രശസ്ത സാമൂഹിക ചിന്തകനുംാഹിത്യകാരനുമായ എം.എന്‍.കാരശ്ശേരി പറഞ്ഞു. മുന്‍മന്ത്രി പി.സിറിയക്‌ജോണിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിറിയക്‌ജോണ്‍ കര്‍ഷകന്റെ നേരും നെറിയും ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു. കര്‍ഷകന്റെ ഗുണം അവന്റെ വേര് മണ്ണിലുറച്ചതാണ് എന്നതാണ്. ആ നേരാണ് അദ്ദേഹത്തിന്റെ ജീവിതം. സ്വയം ഉയര്‍ന്ന് പഠിക്കാനാവാത്ത ദുഃഖത്തില്‍ നിന്നാണ് കോടഞ്ചേരിയില്‍ കോളേജ് കൊണ്ട്‌വരാന്‍ അദ്ദേഹം മുന്‍കൈയ്യെടുക്കുന്നത്. കൃഷി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തില്‍ കൃഷി ഭവനുകള്‍ ആരംഭിച്ചത്. ഗാന്ധിജി എഴുന്നേറ്റ് നിന്നത് കര്‍ഷകന് വേണ്ടിയായിരുന്നു. കര്‍ഷകന്റെ വേഷമായിരുന്നു ഗാന്ധിജിയുടേത്. കൃഷി നേരിന്റേതാണ്. പ്രകൃതിയില്‍ കളവില്ല. അഗ്രികള്‍ച്ചറോടുകൂടിയാണ് കള്‍ച്ചര്‍ ഉണ്ടാവുന്നത്. മോദി സര്‍ക്കാര്‍ ഏറ്റവുമധികം വേട്ടയാടിയത് കര്‍ഷകരെയാണ് കൃഷിയെ എങ്ങിനെ വ്യവസായികള്‍ക്കും, വന്‍കിട വ്യാപാരികള്‍ക്കുംഅടിയറവെക്കാമെന്ന് കാട്ടിത്തന്നത് മോദിയാണ്. രാജ്യത്തെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ചെറുത്ത് നില്‍പ്പിന് മുമ്പില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വന്നു. കൃഷിയെപ്പറ്റി ചിന്തിക്കുന്ന എത്ര നേതാക്കള്‍ നമുക്കുണ്ട്?. കമ്പ്യൂട്ടറോ, ലാപ്‌ടോപ്പോ ഭക്ഷിക്കാന്‍ പറ്റുമോ? എന്നദ്ദേഹം ചോദിച്ചു.

ലോകത്ത് സന്തോഷമുള്ള ജീവിതം നയിക്കുന്ന ഒരു ജനതയാണ്‌ ന്യൂസിലന്റുകാര്‍. അവിടെ എഴുതിവെച്ചത് ഗോഡ്‌സോണ്‍കണ്‍ട്രിയെന്നാണ്. അവര്‍ക്ക് മുഖ്യം കൃഷിയാണ്. ക്ഷീര കൃഷി വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ഓക്‌സിജന്‍ അവര്‍ ചൈനയിലേക്കടക്കം കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ വായു മലിനീകരണം ഇതിന്റെകൂടെ കൂട്ടി വായിക്കണം. പെപ്‌സി കുടിക്കുന്നത് ഒഴിവാക്കി സംഭാരമോ ഇളനീരോ കുടിച്ചാല്‍ ശരീരത്തിന് നല്ലതും നമ്മുടെ കര്‍ഷകര്‍ക്ക് ഗുണവും ചെയ്യും. ഇതു പറഞ്ഞാല്‍ വികസന വിരുദ്ധമായി ചിത്രീകരിക്കും.

കോഴിക്കോടിന്റെ ഹരിത പശ്ചാത്തലം എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. 1939ല്‍ കണ്ടംകുളം നികത്താന്‍ ശ്രമമുണ്ടായപ്പോള്‍ അന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു. അദ്ദേഹം ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടത് നാടിന് വലിയ നഷ്ടമായിരുന്നു. ഒരു കാലത്ത് കോഴിക്കോട് പലയിടങ്ങളിലും കുളമുണ്ടായിരുന്നു. മുതലക്കുളം, ആനക്കുളം, കണ്ടംകുളം, ബിലാത്തിക്കുളം ഇതെല്ലാം തകര്‍ക്കപ്പെട്ടതിലൂടെ ശുദ്ധ ജലസ്രോതസ്സുകളാണ് നശിച്ചത്.

സിറിയക് ജോണ്‍ ഉയര്‍ത്തിപ്പിടിച്ച കര്‍ഷക രാഷ്ട്രീയം, മാനവികതയുടെ രാഷ്ട്രീയം മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന രാഷ്ട്രീയം അത് ഭാവി ലോകം ചര്‍ച്ച ചെയ്യുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണ യോഗം ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.കര്‍ഷക പ്രതിഭാ പുരസ്‌കാരം എമേഴ്‌സന്‍ ജോസഫ് ആനക്കാംപൊയിലിന് മേയര്‍ ഡോ.ബീന ഫിലിപ്പ് സമര്‍പ്പിച്ചു. പി.എം.സുരേഷ് ബാബു, എന്‍.കെ.അബ്ദുറഹിമാന്‍, മുക്കം മുഹമ്മദ്, സോണി സബാസ്റ്റിയന്‍, കെ.ബാലനാരായണന്‍, പി.എം.നിയാസ്, കെ.സി.അബു, പി.ജെ.മാത്യു, ബാബു സിറിയക്, കെ.ബാലകൃഷ്ണ കിടാവ് സംബന്ധിച്ചു.

 

ഹരിത രാഷ്ട്രീയം ശക്തിപ്പെടും: എം.എന്‍.കാരശ്ശേരി

Share

Leave a Reply

Your email address will not be published. Required fields are marked *