നിലയ്ക്കല്‍ പ്രശ്‌നത്തിന് മത സൗഹാര്‍ദ്ദ പരിഹാരം

നിലയ്ക്കല്‍ പ്രശ്‌നത്തിന് മത സൗഹാര്‍ദ്ദ പരിഹാരം

കെ.എഫ്.ജോര്‍ജ്ജ്
           ചെറിയ മത-സമുദായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കുകയും മാധ്യമ ചര്‍ച്ചകളിലൂടെ രൂക്ഷമാകുകയും ചെയ്യുന്ന ഇക്കാലത്ത് കേരളീയ സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ പര്യാപ്തമായിരുന്ന നിലയ്ക്കല്‍ പ്രശ്‌നത്തെ ആര്‍ക്കും പരുക്കില്ലാതെ പരിഹരിക്കാന്‍ കഴിഞ്ഞ രാഷ്ട്രീയ-സമുദായ നേതൃത്വങ്ങളെയും അതിനു കൂട്ടു നിന്ന മാധ്യമങ്ങളെയും മാതൃകയാക്കാവുന്നതാണ്.
പത്തനംതിട്ടയില്‍ നിന്നുള്ള ശബരിമല യാത്രികര്‍ കടന്നു പോകുന്നത് നിലയ്ക്കലില്‍ കൂടിയാണ്. ഇവിടെയാണ് പ്രശസ്തമായ ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നു.
ക്രൈസ്തവര്‍ക്കും, നിലയ്ക്കല്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ്. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്ന് നിലയ്ക്കലിലായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു.
1983 മാര്‍ച്ചില്‍ നിലയ്ക്കലിലെ ഫാമിങ് കോര്‍പ്പറേഷന്റെ സ്ഥലത്ത് ഒരു കുരിശ് കണ്ടെത്തിയെന്ന വാര്‍ത്തയാണ് കോലാഹലങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇത് സെന്റ് തോമസ് സ്ഥാപിച്ച കുരിശാണെന്നു പറഞ്ഞ് കുറച്ചു ക്രൈസ്തവര്‍ ചേര്‍ന്ന് അവിടെ ഒരു ഷെഡ്ഡുകെട്ടി കുരിശു സ്ഥാപിച്ചു. ഇത് ഹൈന്ദവര്‍ എതിര്‍ത്തു. ക്രൈസ്തവ-ഹൈന്ദവ സംഘര്‍ഷത്തിന് ഇത് വഴിമരുന്നിട്ടു.
പത്തനംതിട്ട ജില്ലാ ലേഖകനായി എന്നെ സ്ഥലം മാറ്റുന്നത് 1983 ജൂലൈ ഒന്നിനാണ്. സ്ഥലം മാറ്റിക്കൊണ്ടുള്ള കടലാസു തരുമ്പോള്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു അവിടെയുള്ള കലുഷിതമായ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും തുല്യ പ്രാതിനിധ്യമുള്ള ജില്ലയാണ് പത്തനംതിട്ട. രണ്ടു കൂട്ടര്‍ക്കും ഏറെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
പത്തനംതിട്ടയിലെത്തി ജോലി തുടങ്ങുമ്പോഴാണ് അവിടെയുള്ള സാമൂഹികാന്തരീക്ഷത്തിന്റെ സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷം മനസിലായത്. ഇരു വിഭാഗവും റാലികളും യോഗങ്ങളും നടത്തുന്നു. ഇരു കൂട്ടരുടെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നു. ആളുകള്‍ രണ്ടു ചേരികളായി തിരിഞ്ഞ് തര്‍ക്കങ്ങളും അടിപിടികളും നടക്കുന്നു. സംഘര്‍ഷം പെരുപ്പിക്കുന്ന ഒരു തരം വാര്‍ത്തകളും പത്രത്തില്‍ കൊടുത്തില്ല. അതിനാല്‍ പത്തനംതിട്ടയിലെ ചൂട് മറ്റു ജില്ലക്കാര്‍ക്ക് അജ്ഞാതമായിരുന്നു.
സെന്റ് തോമസ് കുരിശ് സ്ഥാപിച്ച നിലയ്ക്കലില്‍ പള്ളി പണിയണമെന്നാണ് ക്രൈസ്തവ നേതാക്കളുടെ ആഗ്രഹം. മുഖ്യമന്ത്രി കെ.കരുണാകരന്‍ പള്ളി പണിയാന്‍ ഒരു ഹെക്ടര്‍ ഭൂമി അനുവദിച്ചതിനെ ഹൈന്ദവ നേതാക്കള്‍ എതിര്‍ത്തു. 18 മലകള്‍ അടങ്ങിയ അയ്യപ്പന്റെ പൂങ്കാവന പരിധിയില്‍ പള്ളി അനുവദിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.
കുമ്മനം രാജശേഖരന്‍ (വിശ്വഹിന്ദു പരിഷത്ത്) സ്വാമി നിത്യാനന്ദ സരസ്വതി(ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം), പി.പരമേശ്വരന്‍, ജെ.ശിശുപാലന്‍, കുടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള (എന്‍ എസ് എസ് ജന.സെക്രട്ടറി), ഡി.ദാമോദരന്‍ പോറ്റി(അയ്യപ്പ സേവാ സംഘം പ്രസിഡന്റ്), ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് (ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്) തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് സമര പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. അവര്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ത്തു.
സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിലയ്ക്കല്‍ ചര്‍ച്ച് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ഒന്‍പത് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ യോഗം പ്രശ്‌നം ചര്‍ച്ച ചെയ്തു. നിയുക്ത കാതോലിക്കാ ബാവ മാത്യൂസ് മാര്‍കൂറിലോസായിരുന്നു ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ്പ് ഡോ.സെബാസ്റ്റിയന്‍ മങ്കുഴിക്കരി, എം.ഡി.ജോസഫ്, ഫാ.ആന്റണി നിരപ്പേല്‍, ജോണ്‍ മടുക്കകുഴി, കെ.യു.ജോണി തുടങ്ങിയവര്‍ പ്രശ്‌ന പരിഹാരം ചര്‍ച്ച ചെയ്തു.
ഇതിനിടെ ഗാന്ധിയനായ പ്രൊഫ.എം.പി.മന്മഥന്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയത് സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.
പളളിയ്ക്ക് മറ്റൊരു സ്ഥലം കണ്ടെത്താനായി അടുത്ത ശ്രമം. അവസാനം ആങ്ങമൂഴിക്കും പ്ലാപ്പള്ളിക്കും ഇടയില്‍ ഇരു വിഭാഗത്തിനും സമ്മതമായ സ്ഥലത്ത് പള്ളി പണിയാമെന്ന് ധാരണയായി. സര്‍ക്കാര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.
പ്രശ്‌നം പരിഹരിക്കപ്പെട്ടു. നിലയ്ക്കല്‍ സ്ഥാപിച്ച കുരിശ് ഇളക്കിയെടുത്ത് മാറ്റി. ഇതിന്റെ വാര്‍ത്തകളോ പടങ്ങളോ കൊടുത്തില്ല. പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും മാത്രമാണ് വാര്‍ത്തകളായത്. ടി വിയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ഇക്കാലത്തായിരുന്നെങ്കില്‍ ‘മത വികാരം വ്രണപ്പെടുത്താന്‍’ കഴിയുന്ന എന്തെല്ലാം വാര്‍ത്തകളുണ്ടാകുമായിരുന്നുവെന്ന് ഓര്‍ത്തുപോയി. ആങ്ങമൂഴി വനത്തില്‍ അനുവദിച്ച സ്ഥലത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ 1984ല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ നിലയ്ക്കല്‍ പള്ളി സ്ഥാപിച്ചു.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.

 Mob: 9447417624

നിലയ്ക്കല്‍ പ്രശ്‌നത്തിന് മത സൗഹാര്‍ദ്ദ പരിഹാരം

Share

Leave a Reply

Your email address will not be published. Required fields are marked *