വാടാമല്ലികള്‍ (ഭാഗം 4) ആന കൊണ്ടുവന്ന പാലം

വാടാമല്ലികള്‍ (ഭാഗം 4) ആന കൊണ്ടുവന്ന പാലം

 


     കെ.എഫ്.ജോര്‍ജ്ജ്
           കല്‍പ്പറ്റ ടൗണില്‍ നിന്ന് മുണ്ടേരിക്കു തിരിയുന്ന ഭാഗത്ത് ഒരു തോടുണ്ട്. മഴക്കാലത്തു മാത്രമേ ഈ തോട്ടില്‍ ധാരാളം വെള്ളമുണ്ടാവുകയുള്ളൂ. കൂടുതല്‍ സമയവും വരണ്ടു കിടക്കും. 1986ല്‍ മലയാള മനോരമയുടെ വയനാട് ലേഖകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഈ തോടിന് മരത്തടികള്‍ നിരത്തിയ ഒരു പാലമുണ്ടായിരുന്നു. മുണ്ടേരി നല്ല ജനവാസമുള്ള ദേശമാണ്. പക്ഷേ വാഹനങ്ങള്‍ പാലം വരെ മാത്രം. തടികള്‍ അകലത്തില്‍ നിരത്തിയ ഈ പാലത്തിലൂടെ നടന്നു പോകാനേ കഴിയുകയുള്ളൂ. മാത്രമല്ല, പാലത്തിലേക്ക് അപ്രോച്ച് റോഡുമില്ല.
ഇവിടെ വാഹന ഗതാഗത യോഗ്യമായ പാലം വേണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. കല്‍പ്പറ്റ ടൗണില്‍ വാഹനത്തിലെത്താന്‍ മുണ്ടേരി നിവാസികള്‍ ഏറെ ചുറ്റി വളഞ്ഞ് പിണങ്ങോട് റോഡ് വഴി വരണം. ഇതു സംബന്ധിച്ച് പല തവണ പത്രത്തില്‍ വാര്‍ത്ത കൊടുത്തു. എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നീക്കവുമില്ല.
അങ്ങനെയിരിക്കെ 1986ല്‍ ഒരു ആനയെ കൊണ്ടു വന്നു. മുസ്ലിം പള്ളിയിലെ ചന്ദനക്കുടം വളരെ പ്രശസ്തമായ ആഘോഷമാണ്. അതിനാണ് ആനയെ എത്തിച്ചത്. ആനയെ ഈ പാലത്തിലൂടെ അക്കരെയെത്തിക്കാനായിരുന്നു നീക്കം. ഭാരം കാരണം ആന ചവിട്ടിയപ്പോള്‍ പാലത്തിന്റെ നടുവിലെ തടി ഒടിഞ്ഞു. ആനയുടെ ഒരു കാല്‍ പാലത്തില്‍ നിന്നു താഴേക്ക് തൂങ്ങി. വേദന സഹിക്കാനാവാതെ ആന നിലവിളി തുടങ്ങി.
ഇവിടെ കോണ്‍ക്രീറ്റ് പാലം വേണമെന്ന് എത്ര തവണ എഴുതി! ഇതു തന്നെ അവസരം. അന്ന് പത്രങ്ങള്‍ക്ക് അച്ചടിക്കുന്ന പ്രസ്സുള്ള സ്ഥലത്തു മാത്രമേ സ്വന്തം ഫോട്ടോഗ്രാഫര്‍മാരുള്ളൂ. ജില്ലാ ലേഖകന്മാര്‍ സ്റ്റുഡിയോക്കാരെക്കൊണ്ട് പടം എടുപ്പിച്ച് ഫിലിം നെഗറ്റീവോ പ്രിന്റോ കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍ വശം കൊടുത്തയക്കുകയാണ് പതിവ്. വാര്‍ത്ത എഴുതിയ കവറുകളും ബസില്‍ കൊടുത്തുവിടും. ബസിന്റെ നമ്പറും പുറപ്പെട്ട സമയവും ഓഫീസില്‍ അറിയിക്കും. ഓഫീസ് പ്യൂണ്‍ ബസ് വരുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് കവറുകള്‍ ശേഖരിക്കും. നേരിട്ടു വിളിക്കാന്‍ പറ്റുന്ന എസ് ടി ഡി സൗകര്യം അന്ന് എത്തിയിട്ടില്ല. കവര്‍ അയച്ച ബസിന്റെ നമ്പറും സമയവും അറിയിക്കാന്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്യണം. ചിലപ്പോള്‍ കോള്‍ കിട്ടാന്‍ മണിക്കൂറുകളെടുക്കും. തൃശൂര്‍ ബസിനോ കോട്ടയം ബസിനോ ആണ് കവര്‍ അയച്ചതെങ്കില്‍ അപ്പോഴേക്കും ബസ് കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടിരിക്കും. പിന്നെ ആ ന്യൂസ് കവര്‍ മലപ്പുറത്തെ ലേഖകനെ അറിയിച്ച് അവിടെ നിന്ന് ശേഖരിച്ച് തിരിച്ച് കോഴിക്കോട്ടേക്ക് അയപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വാട്‌സാപ്പ് ന്യൂസിന്റെ ഇക്കാലത്ത് അത് ഏത് ശിലായുഗം അല്ലെ?
ഏതായാലും ഒടിഞ്ഞ പാലത്തില്‍ ആന നിലവിളിക്കുന്ന പടം സ്റ്റുഡിയോക്കാരന്‍ എടുത്തു തന്നു. ഓഫീസില്‍ വന്ന് വാര്‍ത്ത എഴുതി തുടങ്ങിയപ്പോള്‍ ഒരു പ്രശ്‌നം. ഏതു തോടിന്റെ പാലം ആന ഒടിച്ചു എന്നാണ് എഴുതേണ്ടത്? നാട്ടുകാരോട് തിരക്കിയപ്പോള്‍ ആര്‍ക്കും വ്യക്തമായ അറിവില്ല. മുണ്ടേരിക്കടുത്തുള്ള തോട് എന്ന് ചിലര്‍ പറഞ്ഞു. മുസ്ലിം പള്ളിയുടെ മുന്‍പില്‍ മൈതാനമുള്ളതിനാല്‍ മൈതാനിയിലേക്കുള്ള തോട് എന്നു മറ്റു ചിലരുടെ അഭിപ്രായം. തോട്ടിന്‍ കരയിലുള്ള പഴയ കച്ചവടക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല.
വാര്‍ത്ത എഴുതി സമയത്തിന് ഓഫീസിലേക്ക് അയയ്‌ക്കേണ്ടത് എന്റെ ആവശ്യം. ആന കയറിയതുകൊണ്ടാണല്ലോ പാലം ഒടിഞ്ഞത്. രണ്ടും കല്‍പ്പിച്ച് വാര്‍ത്ത എഴുതി തുടങ്ങി ആദ്യ വാചകം ‘ആന കയറി ആനപ്പാലം ഒടിഞ്ഞു’. തുടര്‍ന്ന് തടിപ്പാലത്തിന്റെ പഴക്കവും നല്ല പാലമില്ലാത്തതിനാല്‍ മുണ്ടേരിക്കാരുടെ ദുരിതവും പാലത്തില്‍ കാലു കുടുങ്ങിയ ആനയുടെ ദയനീയാവസ്ഥയുമെല്ലാം വിശദീകരിച്ചു. വാര്‍ത്തയും, ഒടിഞ്ഞു തൂങ്ങിയ തടിപ്പാലത്തില്‍ കാലു കുടുങ്ങിയ ആനയുടെ പടവും ഗംഭീരമായി. ഒന്നാം പേജില്‍ തന്നെ അച്ചടിച്ചു വന്നു. കോഴിക്കോട്ടു നിന്ന് അഗ്നിശമന സേന വന്ന് അടുത്ത ദിവസമാണ് ആനയെ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞത്.
അടുത്തയിടെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരു ബസിന്റെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. കല്‍പ്പറ്റ-മാനന്തവാടി ബസാണത്. ആനപ്പാലം, മുണ്ടേരി, പനമരം വഴി മാനന്തവാടി എന്ന് അതില്‍ എഴുതിയിരിക്കുന്നു. വാര്‍ത്ത എഴുതിയപ്പോള്‍ ഞാന്‍ കൊടുത്ത സ്ഥല നാമം ‘ആനപ്പാലം’ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പത്ര പ്രവര്‍ത്തനം കൊണ്ട് ഒരു പാലത്തിന് പേരു നല്‍കാന്‍ കഴിഞ്ഞല്ലോ!
ആന ഒടിച്ച തടിപ്പാലത്തിന്റെ സ്ഥാനത്ത് ഒന്നാംതരം കോണ്‍ക്രീറ്റ് പാലം, മാത്രമല്ല അത് വളരെ തിരക്കേറിയ വാണിജ്യ കേന്ദ്രവുമായി മാറിയിരിക്കുന്നു.
ആനപ്പാലം മുഴുവന്‍ നടന്നു കണ്ടു. വഴിയരികില്‍ കണ്ട ഒരു നാട്ടുകാരനോട് ചോദിച്ചു, എന്നു മുതലാണ് ഇതിന് ആനപ്പാലം എന്ന വിളിപ്പേരു വന്നത്? യാതൊരു സംശയവുമില്ലാതെ അയാളുടെ മറുപടി, പുരാതന കാലം മുതല്‍ ഇത് ആനപ്പാലമാണ്’. ഈ പുരാതനകാലമെന്നതിന് 38 വര്‍ഷത്തെ പഴക്കമേയുള്ളൂവെന്ന് എങ്ങനെ അയാളെ ബോധ്യപ്പെടുത്തും!
സുമാര്‍ 70 വയസു തോന്നിക്കുന്ന ഒരു കച്ചവടക്കാരനോടും ഇതേ ചോദ്യം ചോദിച്ചു. അയാളും പറഞ്ഞു, ‘എന്റെ കുട്ടിക്കാലം മുതല്‍ ഇത് ആനപ്പാലമാണ്’. വാര്‍ത്ത എഴുതിയപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഗതികേടു കൊണ്ട് ഞാന്‍ ഇട്ട പേരാണ് ‘ആനപ്പാലമെന്ന്’ ആരും വിശ്വസിക്കില്ല.
സ്ഥലനാമങ്ങളെല്ലാം ഇങ്ങനെ ആശയവിനിമയത്തിനും തിരിച്ചറിയാനുമായി ആരൊക്കെയോ ഇട്ട പേരുകളാണ്. വീട്ടു പേരുകളും ഇതേ രീതിയില്‍ താമസിക്കുന്ന സ്ഥലത്തിന്റെ  ഭൂപ്രകൃതിയും മറ്റു പ്രത്യേകതകളും ചേര്‍ന്ന് ഉരുത്തിരിഞ്ഞു വരുന്നതാണെന്ന് പേരുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.

 

 

(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)

വാടാമല്ലികള്‍ (ഭാഗം4) ആന കൊണ്ടുവന്ന പാലം

Share

Leave a Reply

Your email address will not be published. Required fields are marked *