വാടാമല്ലികള്‍ (ഭാഗം ഒന്ന്)   ഇത് ജനാധിപത്യം, എല്ലാവരും കാണട്ടെ

വാടാമല്ലികള്‍ (ഭാഗം ഒന്ന്) ഇത് ജനാധിപത്യം, എല്ലാവരും കാണട്ടെ

കെ.എഫ്.ജോര്‍ജ്ജ്

          ഇംഗ്ലണ്ട് സന്ദര്‍ശിച്ച അവസരത്തില്‍ കാര്യമായ തിരക്കൊന്നുമില്ലാത്ത ഒരു സായാഹ്നത്തില്‍ ലണ്ടന്‍ നഗരത്തിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു. കൂടെ കോഴിക്കോട്ടുകാരനായ സുഹൃത്തുമുണ്ട്. ലണ്ടനിലെ തെരുവുകളിലൂടെയുള്ള നടത്തം വളരെ രസകരമാണ്. പാഠപുസ്തകങ്ങളില്‍ പഠിച്ചതും പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ളതുമായ ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ കണ്‍മുന്നില്‍. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ അനുവദനീയമല്ല. വാഹനങ്ങള്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ട് എല്ലാവരും നടക്കുന്നു.
നടന്നു നടന്ന് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെത്തി. പലതവണ ചിത്രങ്ങളില്‍ കണ്ട് പരിചിതമായ പാര്‍ലമെന്റ് കെട്ടിടം, സായാഹ്ന സൂര്യന്റെ  ശോഭയില്‍ തിളങ്ങി നില്‍ക്കുന്നു. പ്രസിദ്ധമായ നാഴികമണി ‘ബിഗ്‌ബെന്‍ ‘ അവിടെയുണ്ട്.ബാറ്റണ്‍ കയ്യിലേന്തിയ പോലീസുകാര്‍ പരിസരത്ത് കാവലിനുണ്ട്. നടക്കാനുള്ള വഴി കയര്‍കെട്ടി തിരിച്ചിരിക്കുന്നു.
മന്ദിരം അടുത്തു കാണാനുള്ള ആഗ്രഹം കൊണ്ട് കയര്‍വേലിക്കടുത്തേക്ക് നീങ്ങി. അപ്പോള്‍ അപ്രതീക്ഷിതമായ ചോദ്യം ഒരു പോലീസുകാരനില്‍ നിന്ന് ‘നിങ്ങള്‍ പാര്‍ലമെന്റ് കാണാന്‍ വന്നതാണോ?’  അതെ എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ഇതിലേ പോകൂ എന്നു പറഞ്ഞ് വഴി കാണിച്ചു.
പാര്‍ലമെന്റ് പുറത്തു നിന്ന് കാണാന്‍ വന്ന ഞങ്ങളെ കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോകാനുള്ള വഴിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
പോലീസുകാരന്‍ പറഞ്ഞ വഴിയെ പടവുകള്‍ കടന്ന് ഇതാ ഞങ്ങള്‍ ചരിത്ര പ്രസിദ്ധ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് കടക്കുന്നു.
ഇന്ത്യയില്‍ പാര്‍ലമെന്റോ, നിയമസഭയോ സന്ദര്‍ശിക്കണമെങ്കില്‍ എത്രയെത്ര കടമ്പകള്‍ കടക്കണം. എം.പി.അല്ലെങ്കില്‍ എം.എല്‍.എയെ കാണണം. രേഖകള്‍ സമര്‍പ്പിക്കണം, ഫോമുകള്‍ പൂരിപ്പിച്ച് നല്‍കണം, രേഖകള്‍ ഹാജരാക്കണം. എന്നിട്ട് അനുമതിക്കായി കാത്തിരിക്കണം.
ഇവിടെ റോഡില്‍ കാഴ്ച കണ്ടു നടന്ന ഇന്ത്യക്കാരെ ഒരു രേഖയും  ചോദിക്കാതെ ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ  ശ്രീകോവിലിലേക്ക് കടത്തിവിടുന്നു.
എനിക്ക് അവിശ്വസനീയമായി തോന്നി. കൂടെ നടക്കുന്ന പൊലീസുകാരനോട് ഞാന്‍ ചോദിച്ചു, എന്ത് ഉറപ്പിലാണ് അല്ലെങ്കില്‍ രേഖക്ക് പുറത്താണ് ഞങ്ങളെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് കടത്തിവിടുന്നത്?
ആ പൊലീസുകാരന്‍ പറഞ്ഞ മറുപടി ‘ഇത് ജനാധിപത്യമാണ്. എല്ലാവരും കാണട്ടെ’.
നമ്മള്‍ ജനാധിപത്യമെന്ന് പറഞ്ഞ് ഇവിടെ കൊണ്ട് നടക്കുന്നതും ബ്രിട്ടീഷുകാര്‍ അനുഭവിക്കുന്നതുമായ ജനാധിപത്യത്തിന്റെ വ്യത്യാസം ആ മറുപടിയിലുണ്ടായിരുന്നു. മുകള്‍ നിലയിലെത്തിയപ്പോള്‍ മറ്റൊരു പൊലീസുകാരന്‍ ഒരു ഫോം തന്നു. പേര്, ഏതു രാജ്യത്തു നിന്നു വന്നു, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങി കുറച്ചു കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ മതി. ഫോമിന്റെ അടിയില്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്. ഗാലറിയില്‍ ഇരുന്ന് സംസാരിക്കരുത്. മെഗാ ഫോണ്‍ ഉപയോഗിക്കരുത്. ലഘുലേഖകള്‍ താഴേക്ക് ഇടരുത് തുടങ്ങിയ നിബന്ധനകളാണ് അതിലുണ്ടായിരുന്നത്. ഞങ്ങളുടെ ബാഗും ഫോണും വാങ്ങിവെച്ചു.
അവിടെ നിന്ന് നേരെ പോയാല്‍ മുകള്‍ നിലയിലെ സന്ദര്‍ശക ഗാലറിയിലെത്തും. അവിടെ ചെന്നിരുന്നപ്പോള്‍ താഴെ പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടില്‍ പഴയ കാലത്തുണ്ടായിരുന്ന തരം സോഫകളിലാണ് അംഗങ്ങള്‍ ഇരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഒരു സോഫയില്‍ ഇരിക്കുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ഒരാള്‍ സംസാരിക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ ഗ്രൂപ്പ് ശ്രീലങ്കയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാലമാണത്. ഈ പ്രശ്‌നത്തില്‍ ബ്രിട്ടന്റെ നിലപാടിനെ ഒരു പ്രതിപക്ഷ അംഗം വിമര്‍ശിച്ചു സംസാരിക്കുകയാണ്. താഴെ ഇരിക്കുന്ന അംഗങ്ങള്‍ ഞങ്ങളെ നോക്കി. വിശാലമായ ഗാലറിയില്‍ ഞങ്ങള്‍ രണ്ടുപേരേ ഉള്ളൂ. നിയമനിര്‍മ്മാണ സഭകള്‍ കാണാനും അവിടെ നടക്കുന്നവ കേള്‍ക്കാനും അവിടത്തുകാര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ അവര്‍ക്ക് വേറെ പണികള്‍ കാണുമായിരിക്കും.
മന്ദിരത്തിന്റെ ഗാംഭീര്യം ശ്രദ്ധിച്ചും താഴെ നടക്കുന്ന പ്രസംഗങ്ങള്‍ കേട്ടും കുറേ നേരം ചെലവഴിച്ചു. നമ്മുടെ ലോക്‌സഭയ്ക്കു തുല്ല്യമായ ഹൗസ് ഓഫ് കോമണ്‍സിലാണ് ഞങ്ങള്‍ കയറിയത്. തുടര്‍ന്ന് നമ്മുടെ രാജ്യസഭയ്ക്ക് പകരമുള്ള അവിടുത്തെ പ്രഭു സഭയും ഞങ്ങള്‍ സന്ദര്‍ശിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടുന്നത് പലപ്പോഴും ഉച്ച കഴിഞ്ഞാണ്. അത് രാത്രി പത്തര വരെ നീളും. മറ്റു ചില ദിവസങ്ങളില്‍ രാവിലെ 9.30നും 11.30നുമാണ് ചേരുക. ജനപ്രതിനിധികള്‍ ബസിലും ട്രെയിനിലുമാണ് സമ്മേളനത്തിന് എത്തുന്നത്. എല്ലാവര്‍ക്കും എന്തെങ്കിലും ജോലിയോ ബിസിനസോ ഉണ്ടാകും. അതാണ് അവരുടെ ഉപജീവന മാര്‍ഗം. അധികാരത്തിന്റെ ഒരു പരിവേഷവും അവര്‍ക്കില്ല. സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ തുടങ്ങി യുജന സംഘടനയിലൂടെ വളര്‍ന്ന് എം.എല്‍.എയും മന്ത്രിയുമായി മറ്റൊരു പണിയും ചെയ്യാതെ രാഷ്ട്രീയം കൊണ്ട് കോടീശ്വരരായി സസുഖം കഴിയുന്ന ജനാധിപത്യം അവിടെയില്ല. സെക്യൂരിറ്റിക്കാരുടെ അകമ്പടിയില്ലാതെ പ്രധാനമന്ത്രി വ്യായാമത്തിനായി തെരുവിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നതും ഒരു ദിവസം കണ്ടു.
ട്രെയിനിലും ബസിലും സഞ്ചരിക്കുമ്പോള്‍ പലപ്പോഴും ജനപ്രതിനിധികള്‍ സഹയാത്രികരായി ഉണ്ടാകും. അവരെ എന്തെങ്കിലും പ്രത്യേകതയുള്ളവരായി ആരും കണക്കാക്കാറില്ല. പാര്‍ലമെന്റിലെ അധികാര കാലാവധി കഴിഞ്ഞാല്‍ പഴയ തൊഴിലിലേക്ക് മടങ്ങും. അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മികാര്‍ട്ടര്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞശേഷം പഴയ തൊഴിലായ നിലക്കടല കൃഷിയിലേക്ക് മടങ്ങിപ്പോയത് ഓര്‍മിക്കാം.
സ്ഥാനമൊഴിയുന്നത് പ്രമാണിച്ച് യാത്ര പറയാന്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനെ കാണാന്‍ വരുന്നുവെന്ന് വാര്‍ത്ത വന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനിക നടപടികള്‍ക്കു കാരണക്കാരനായ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ സമാധാന പ്രവര്‍ത്തകര്‍ എത്തുമെന്നും അറിയിപ്പുണ്ടായിരുന്നു.
വലിയ പ്രതിഷേധവും ഗതാഗതം തിരിച്ചു വിടലും സംഘര്‍ഷവുമുണ്ടാകുമെന്ന് കരുതി പാര്‍ലമെന്റ് സ്‌ക്വയറില്‍ നേരത്തെ എത്തിയ എന്നെ  അവിടുത്തെ ശാന്തത അത്ഭുതപ്പെടുത്തി. ബസുകള്‍ പതിവുപോലെ ഓടുന്നു.
പ്രതിഷേധിക്കാന്‍ അയ്യായിരത്തോളം പേര്‍ എത്തിയിട്ടുണ്ട്. ‘കൊലയാളി ബുഷ്, പതിനായിരങ്ങളുടെ കൊലയാളി’ തുടങ്ങിയ എഴുത്തുകളുള്ള പ്ലക്കാര്‍ഡുകള്‍ കൈയ്യിലുണ്ട്. മെഗാഫോണില്‍ നേതാക്കന്മാര്‍ സംസാരിക്കുന്നു. ശ്മശാന മാതൃകയില്‍ റീത്തുകള്‍ വെച്ചിട്ടുണ്ട്.
ഇതിനിടയില്‍ ബുഷിന്റെ കാര്‍ വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക ഓഫീസിലേക്ക് പോയി.
ആരും അദ്ദേഹത്തെ തടഞ്ഞില്ല. പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് നിന്നു. മാന്യമായ പ്രതിഷേധം. ജനജീവിതത്തിന് ഒരു തടസവുമില്ല. ഇതല്ലേ യഥാര്‍തഥ ജനാധിപത്യ മാതൃക!
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ  കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.

 

 

വാടാമല്ലികള്‍ (ഭാഗം ഒന്ന്)

ഇത് ജനാധിപത്യം, എല്ലാവരും കാണട്ടെ

Share

Leave a Reply

Your email address will not be published. Required fields are marked *