ഇന്ത്യ-കാനഡ തര്‍ക്കം: നയതന്ത്രത്തില്‍ വലയുമോ വിദ്യാര്‍ഥികള്‍; ആശങ്ക
കാനഡ: നയതന്ത്രത്തില്‍ പരസ്പരം ഇന്ത്യയും കാനഡയും കൊമ്പ്‌കോര്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളും ആശങ്കയില്‍. ഹൈക്കമ്മീഷണര്‍മാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സര്‍ക്കാരുകളുടെ നടപടികള്‍ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും. നിലവില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.
കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്സിങ് നിജ്ജാറിന്റെ വധത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം നടത്തിയിരുന്നു. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും കാനഡ അഭയം നല്‍കിയെന്ന് ഇന്ത്യ തിരിച്ചും ആരോപിച്ചു.
തുടര്‍ന്നാണ് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയത്. തുടര്‍ന്നാണ് ആക്ടിംഗ് ഹൈകമ്മീഷണര്‍ അടക്കം ആറുപേരെ ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ചക്കകം ഇന്ത്യയില്‍നിന്ന് പോകണമെന്നാണ് നിര്‍ദേശം. ആക്ടിങ് ഹൈകമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിന്‍, ഇയാന്‍ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒര്‍ജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. അതേസമയം, ഹൈകമ്മീഷണര്‍ അടക്കം ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു. ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.
നിലവില്‍ ഡല്‍ഹിയിലെ കനേഡിയന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുറവാണ്. ഇത് കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ്, തൊഴില്‍ ആവശ്യങ്ങള്‍ക്കായി അങ്ങോട്ടും പോകുന്നവരുടെ വിസാ നടപടികളെ ബാധിക്കാനോ വിസകളുടെ എണ്ണം വെട്ടി കുറയ്ക്കാനോ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിയന്ത്രണങ്ങളും കാനഡ കടുപ്പിച്ചിരുന്നു. വിദേശ രാജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 7,70,000 പേര്‍ സിഖുകാരാണ്. കൂടാതെ കാനഡയിലേക്ക് ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഏകദേശം 4,27,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെയുള്ളത്.
കഴിഞ്ഞ വര്‍ഷം നാല്‍പതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും തിരികെ വിളിച്ചപ്പോള്‍ വിസ നടപടികളില്‍ കാലതാമസം നേരിട്ടിരുന്നു. നിലവില്‍ നാല് മുതല്‍ ആറ് മാസം വരെ സമയമെടുത്താണ് കനേഡിയന്‍ സന്ദര്‍ശക വിസ ലഭിക്കുന്നത്. നയതന്ത്ര ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ വിമാനയാത്ര,വിസാ നടപടിക്രമങ്ങള്‍ എന്നിവ തടസപ്പെടുമോയെന്ന ആശങ്കയും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യം സിഖുകാരെയും വിദ്യാര്‍ഥികളെയും മാത്രമല്ല, കാനഡയില്‍ താമസിക്കുന്ന മറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റികളെയും ആശങ്കയിലാക്കുന്നു.
കുടിയേറ്റ നയങ്ങളില്‍ കാനഡ നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 70000-ഓളം വിദേശ വിദ്യാര്‍ഥികള്‍ നിലവില്‍ കാനഡയില്‍ നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതും കാരണം വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാണ്.