റസാഖ് പാലേരിയുടെ റെയില്‍വേ പ്രക്ഷോഭ യാത്ര നാളെ

റസാഖ് പാലേരിയുടെ റെയില്‍വേ പ്രക്ഷോഭ യാത്ര നാളെ

കാസര്‍കോഡ് നിന്ന് പാലക്കാട്ടേക്ക്

കോഴിക്കോട് : കേരളത്തിലെ റെയില്‍വെ യാത്ര ദുരിതപൂര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഒക്ടോബര്‍ 17 ന് കാസര്‍കോട് നിന്ന് പാലക്കാട്ടേക്ക് റെയില്‍ പ്രക്ഷോഭ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണ റെയില്‍വേയ്ക്ക് എറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനം ആയിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യാത്രക്കാരുടെ വര്‍ദ്ധനവിനനുസരിച്ച് പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാകുന്നില്ല. എല്ലാ ട്രെയിനുകളും നിറഞ്ഞു കവിഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.
അശാസ്ത്രീയമായ സമയക്രമവും സിഗ്‌നല്‍ സംവിധാനങ്ങള്‍ ആധുനികവല്‍കരിക്കാത്തതും ട്രെയിനുകളിലെ യാത്ര അതീവ പ്രയാസകരമാണ്.
മലബാര്‍ മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണ്. ട്രെയിനുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ യാത്രക്കാര്‍ കഷ്ടപ്പെടുകയാണ്. മലബാറിലൂടെ ഓടുന്ന ട്രെയിനുകളിലെ വീര്‍പ്പ് മുട്ടിക്കുന്ന തിരക്കില്‍ ശ്വാസംമുട്ടി സ്ത്രീകളും കുട്ടികളുമടക്കുള്ള യാത്രക്കാര്‍ ബോധരഹിതരാകുന്ന സ്ഥിതി ഉണ്ടായി. 72 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കോച്ചുകളില്‍ 300 ന് മുകളില്‍ യാത്രക്കാരാണ് സഞ്ചരിക്കുന്നത്.കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പല സര്‍വ്വീസുകളും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന ട്രെയിനുകളുടെ സമയം മാറ്റിയത് ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളും ജോലിക്കാരും രോഗികളുമടങ്ങുന്ന യാത്രക്കാരുടെ ആശ്രയമാണ് പാസഞ്ചര്‍ ട്രെയിനുകള്‍. എന്നാല്‍ ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകള്‍ ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നില്ല.
ട്രെയിനുകളില്‍ ആവശ്യത്തിനുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്തതിനാല്‍ റിസര്‍വ്ഡ് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനുകള്‍ എല്ലാ ദിവസവും സര്‍വീസ് നടത്തിയാല്‍ യാത്രാദുരിതം കുറയ്ക്കാനാകുമെങ്കിലും അതിനും റെയില്‍വേ തയ്യാറാകുന്നില്ല.
കേരളത്തില്‍ റെയില്‍ ഗതാഗതം അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം ആധുനികമല്ലാത്ത സിഗനല്‍ സംവിധാനമാണ്. വന്ദേ ഭാരതിനും മറ്റ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും വേണ്ടി പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നത് പതിവാണ്
കേരളത്തില്‍ രണ്ട് റെയില്‍വേ ഡിവിഷനുകളാണ് ഉള്ളത് – തിരുവനന്തപുരവും പാലക്കാടും. മലബാറിലെ റെയില്‍വേ വികസനം പാലക്കാട് ഡിവിഷന്‍ കീഴിലാണ് നടക്കുന്നത് എന്നാല്‍ പാലക്കാട് ഡിവിഷന്‍ വിഭജിച്ച് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തിലെ എംപിമാരും മുന്നോട്ടു വരണം. കേരളത്തിനുള്ളില്‍ ഓടുന്ന എല്ലാ ട്രെയിനുകളുടെയും കോച്ചുകള്‍ കാലപ്പഴക്കം സംഭവിച്ചതാണ്. യാത്ര ചെയ്യാന്‍ കഴിയാത്ത വണ്ണം വൃത്തിഹീനമാണ് കോച്ചുകള്‍. എന്നാല്‍ ഈ ട്രെയിനുകള്‍ക്ക് പുതിയ കോച്ചുകള്‍ അനുവദിക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല.ഇത് സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്ല്യമാണ്. അടിസ്ഥാന യാത്രാ സൗകര്യങ്ങള്‍ ഒരുക്കാതെ റെയില്‍വേ സ്റ്റേഷനുകളെ മാളുകള്‍ ആക്കി മാറ്റുവാനാണ് റെയില്‍വേ അധികാരികള്‍ ശ്രമിക്കുന്നത്. കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പോലും ഉണ്ടാക്കുന്നില്ല. ഇതിനെല്ലാം പരിഹാരമായി
കേരളത്തിന് വേണ്ടി സ്‌പെഷ്യല്‍ റെയില്‍വേ പാക്കേജ് തയ്യാറാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാവുകയാണ് വേണ്ടത്.

കോവിഡിന് മുമ്പ് സര്‍വീസ് നടത്തിയിരുന്ന 06495 തൃശ്ശൂര്‍ – കോഴിക്കോട്, 06496 കോഴിക്കോട് – തൃശൂര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ട്രെയിനുകളും പുനസ്ഥാപിക്കുക. സമയമാറ്റം വരുത്തിയ 06455 ഷൊര്‍ണൂര്‍ – കോഴിക്കോട്, 16307 ആലപ്പുഴ – കണ്ണൂര്‍ ട്രെയിനുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പഴയ സമയത്ത് തന്നെ സര്‍വീസ് നടത്തുക. അന്ത്യോദയ എക്‌സ്പ്രസുകളുടെ സര്‍വീസ് എല്ലാദിവസവും ആക്കുക, നേത്രാവതി ,മംഗള ,ചെന്നൈ മെയില്‍ എന്നീ ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കോഴിക്കോട് നിന്ന് മംഗലാപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും പാലക്കാട് നിന്ന് കോഴിക്കോട്ടേക്കും വൈകീട്ട് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുക, പാലക്കാട് ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക, കേരളത്തിന്റെ റെയില്‍വെ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക, തിരുവനന്തപുരം – എറണാകുളം –
എറണാകുളം – കോഴിക്കോട് -കോഴിക്കോട് – മംഗലാപുരം റൂട്ടില്‍ സബര്‍ബെന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുക, എറണാകുളം – കായംകുളം റൂട്ടില്‍ ഡബിള്‍ ലൈന്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുക, വെള്ളി , ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം – മംഗലാപുരം, മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുക, എന്നിവയാണ് റെയില്‍ പ്രക്ഷോഭ യാത്രയിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

രാവിലെ 9 മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന യാത്രക്ക് , കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 5.30 ന് പാലക്കാട് യാത്ര സമാപിക്കും. ഒലവക്കോട് നടക്കുന്ന സമാപന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ജബീന ഇര്‍ഷാദ് എന്നിവരും സംസ്ഥാന – ജില്ലാ ഭാരവാഹികളും യാത്രയില്‍ പങ്കാളികളാകും.

വാര്‍ത്ത സമ്മേളനത്തില്‍ ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി),
ടി.കെ. മാധവന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി), പി.സി മുഹമ്മദ് കുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്) പങ്കെടുത്തു.

 

 

റസാഖ് പാലേരിയുടെ റെയില്‍വേ പ്രക്ഷോഭ
യാത്ര നാളെ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *