കോഴിക്കോട്: 2010ല്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ മാനാഞ്ചിറ നെയ്ത്ത് ഫാക്ടറിയും നിലവിലുള്ള തൊഴിലാളികളെയും, കോംട്രസ്റ്റ് കമ്പനിയും അതിന് ചുറ്റുമുള്ള 3.84 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരികയും, 2018 ഫിബ്രൂവരിയില്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയതുമാണെന്നും കോംട്രസ്റ്റിന്റെ ഭൂമി കയ്യടക്കാന്‍ ഭൂ മാഫിയകളെ അനിവദിക്കരുതെന്നും കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ആശ്വാസ ധന സഹായം പ്രഖ്യാപിച്ചത്. കമ്പനിയിലുണ്ടായിരുന്ന 107 തൊഴിലാളികളില്‍ മരണപ്പെട്ട 5 തൊഴിലാളി കുടുംബാംഗങ്ങള്‍ക്കും 58 വയസ്സ് പൂര്‍ത്തീകരിച്ചെന്ന് പറഞ്ഞ് 45 ഓളം തൊഴിലാളികള്‍ക്കും കെ.എസ്.ഐ.ഡി.സി ഈ തുക നിഷേധിക്കുകയാണ് ഉണ്ടായത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് മറ്റൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത നിലയ്ക്ക് കെഎസ്‌ഐഡിസിയുടെ സമീപനം നീതി നിഷേധമാണ്. നിയമ വിരുദ്ധമായി കോംട്രസ്റ്റ് ഭൂമി കൈ കൈവശപ്പെടുത്തിയവര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. രാഷ്ട്രപതി ഒപ്പിട്ട സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച ഓര്‍ഡിനന്‍സ് നിലനില്‍ക്കുമ്പോഴാണ് കോംട്രസ്റ്റ് ഭൂമിയില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാഹന പാര്‍ക്കിങ്ങും മറ്റും നടക്കുന്നത്. ഈ ഭൂമിയില്‍ ഒരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മറ്റൊന്നിനും അനുമതിയില്ല.
2009ല്‍ കോംട്രസ്റ്റ് കമ്പനി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്നും 2010ല്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ തൊഴില്‍ തര്‍ക്കം നിലനില്‍ക്കെ 2012ല്‍ ഈ സ്ഥലങ്ങള്‍ വില്‍പ്പന നടത്തിയതും, വാങ്ങിയതും നിയമവിരുദ്ധമാണ്. കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നും, അടച്ചിട്ട കാലത്തെ മുഴുവന്‍ വേതനവും തൊഴിലാളികള്‍ക്ക് നല്‍കണമെന്നും 2017ല്‍ ട്രൈബ്യൂണലണിന്റെ വിധി നിലവിലുണ്ട്. പണവും, ഭരണ സ്വാധീനവും ഉപയോഗിച്ച് 200 വര്‍ഷം പഴക്കമുള്ള 1844ല്‍ സ്ഥാപിതമായ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ഈ സ്ഥാപനം കയ്യടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജനരോക്ഷമുയരണമെന്നവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി പി.കെ.സന്തോഷ് കുമാര്‍, പ്രസിഡണ്ട് എം.കെ.രജീന്ദ്രന്‍, ട്രഷറര്‍ ഷാജു.പി, കെ.പി.കുമുദം ബിനീഷ് ചന്ദ്രന്‍ പങ്കെടുത്തു.