കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ ലോക രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി വൊളോദ്മിര്‍ സെലന്‍സ്‌കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനവേളയിലാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. റഷ്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ.2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം തുടര്‍ന്നിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള ഇറക്കുമതിയേക്കാള്‍ 39%മാണ് യുദ്ധത്തിന് ശേഷം ഇന്ത്യ ഇറക്കുമതി ചെയ്തത്.
റഷ്യയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എണ്ണയുടെ കയറ്റുമതി ആണ്.അതല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ല പിടിച്ച് നില്‍ക്കാന്‍. അതിനാല്‍ റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് വഴി പല രാജ്യങ്ങളും അവരെ സഹായിക്കുകയാണന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.ലോകത്ത് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം റഷ്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി ജോണ്‍ കിര്‍ബി പ്രതികരിച്ചു. ഇന്ത്യ യു.എസിന്റെ എക്കാലത്തെയും മികച്ച പങ്കാളിയാണെന്ന് പറഞ്ഞ യു.എസ് വക്താവ് മോദിയുടെ കീവ് സന്ദര്‍ശനം യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുടെ സമാധാനശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും പ്രതികരിച്ചു.അതേസമയം ഇന്ത്യ ഒരിക്കലും നിഷ്പക്ഷരായിരുന്നില്ലെന്നും എപ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നെന്നും സമാധാന ചര്‍ച്ചകള്‍ക്ക് പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
1992ല്‍ സോവിയേറ്റ് യൂണിയനില്‍ നിന്ന് വിഭജിച്ച് യുക്രെയ്ന്‍ സ്വതന്ത്ര രാജ്യമായതിന് ശേഷം യുക്രെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിക്കാന്‍
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി
നിര്‍ത്തിവെക്കണം; സെലന്‍സ്‌കി