കേരളത്തിലെ ഏറ്റവും വലിയ വസ്ത്ര വിപണന മാര്‍ക്കറ്റായ കോഴിക്കോടിനെ വസ്ത്ര നിര്‍മ്മാണത്തത്തിന്റെ ഹബ്ബാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്നും ഈ ദിശയിലുള്ള ശക്തമായ ചുവട് വെപ്പാണ് കേരള ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജില്ലാ സമ്മേളനവും അതിനോടനുബന്ധിച്ച് നടത്തുന്ന എക്സ്പോയും ലക്ഷ്യമിടുന്നതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ് സിറാജ് പറഞ്ഞു. ജില്ലയിലെ രണ്ടായിരത്തോളം ചെറുകിട-വന്‍കിട വസ്ത്ര വ്യാപാരികള്‍ ഇന്ന് സംഘടനയില്‍ അംഗങ്ങളാണ്. തുടര്‍ന്നും നൂറുകണക്കിന് കച്ചവടക്കാര്‍ ഈ സംഘടനയുടെ മഹത്വം തിരിച്ചറിഞ്ഞ് സംഘടനയിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ ഇത്രയും വിപുലമായ ഒരു സമ്മേളനവും, എക്സിബിഷനും ആദ്യമായാണ് 12,13 തിയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്നത്. എക്സിബിഷനില്‍ 100ഓളം സ്റ്റാളുകള്‍ ഉണ്ടാവും. പ്രവേശനം സൗജന്യമാണ്. സാധാരണ കച്ചവടക്കാര്‍ക്കും, ഫാഷന്‍ ഡിസൈനഴ്സിനും, കസ്റ്റമേഴ്സിനും വസ്ത്ര രംഗത്തെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടാന്‍ എക്സ്പോ വഴിയൊരുക്കും. രാജ്യത്തിനകത്തെ വന്‍കിട വസ്ത്ര നിര്‍മ്മാണ കമ്പനികളുടെ സ്റ്റാളുകള്‍ എക്സ്പോയിലുണ്ടാകും. വളരെ വലിയ അവസരങ്ങളാണ് കോഴിക്കോടിനെ കാത്തിരിക്കുന്നത്.
സമ്മേളനത്തിനെത്തുന്ന 2500ഓളം വരുന്ന വസ്ത്ര വ്യാപാരികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സ്കീമുകള്‍, ജിഎസ്ടി, ഇന്‍കംടാക്സ്, തൊഴില്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍ നല്‍കും. സംസ്ഥാനത്തിനകത്തും, ജില്ലയിലും വസ്ത്ര വ്യാപാര രംഗത്ത് വെന്നിക്കൊടി പാറിച്ച പട്ടാഭിരാമന്(കല്ല്യാണ്‍ സില്‍ക്സ്), ചമയം ബാപ്പുഹാജി(ചമയം ടെക്സ് പെരിന്തല്‍മണ്ണ, മഞ്ചേരി, ഇമ്പിച്ചി(ശോഭിക വെഡ്ഡിംഗ്സ്), പ്രഭാകരന് (ശ്രീകൃഷ്ണ ടെക്സ്റ്റൈല്‍സ്) എന്നിവര്‍ പ്രതിനിധികളുമായി സംവദിക്കും. വസ്ത്ര വ്യാപാരികളും, അവരുടെ കുടുംബവും എന്ന വിഷയത്തിലും ക്ലാസ്സ് നല്‍കും. ഗ്രാമീണ മേഖലകളിലും ചെറു നഗരങ്ങളിലും വലിയ പട്ടണങ്ങളിലും കച്ചവടം ചെയ്യുന്ന വസ്ത്ര വ്യാപാരികളെ കോര്‍പ്പറേറ്റ് തലത്തിലേക്ക് ബിസിനസ് തലത്തിലേക്ക് വളര്‍ത്തിയെടുക്കുക എന്നതും സംഘടന ലക്ഷ്യമിടുന്നുണ്ട്. കേരളമിന്ന് കണ്‍സ്യൂമര്‍ മാര്‍ക്കറ്റാണ്. അതിനെ വസ്ത്രങ്ങളുടെ മാനുഫാക്ച്ചറിംഗ് ഹബ്ബാക്കി മാറ്റുകയും കോഴിക്കോട് സര്‍ക്കാര്‍ സഹായത്തോടെ വസ്ത്ര മാനുഫാക്ച്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ കോഴിക്കോട്ടെയും കേരളത്തിലെയും കച്ചവടക്കാര്‍ സ്ഥിരമായി പര്‍ച്ചേസിന് പോകുന്നവരാണ്. ഇതിന് കാരണം കേരളത്തില്‍ വസ്ത്ര മാനുഫാക്ച്ചറിംഗിന്റെ അപര്യാപ്തതയാണ്. മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ മുംബൈയും ഹൈദരാബാദിനെയും സീസണ് കാലങ്ങളില്‍ പര്‍ച്ചേസിന് ആശ്രയിക്കുമ്പോള്‍ കേരളത്തിലെ വ്യാപാരികള്‍ സ്ഥിരമായി പര്‍ച്ചേസ് ചെയ്യുന്നവരാണെന്ന് സിറാജ് ചൂണ്ടിക്കാട്ടി. ഭക്ഷണം, വീട് എന്നിവയില്ലാതെ വേണമെങ്കില്‍ മനുഷ്യന് കഴിയാനാവും. എന്നാല്‍ ഒരു നേരം പോലും വസ്ത്രമില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ട് തന്നെ മനുഷ്യരുടെ പ്രാഥമിക ആവശ്യം വസ്ത്രം തന്നെയാണ്.
രാജ്യത്തിന്റെ ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ സംഭാവനയ്ക്ക് തൊട്ട് താഴെയാണ് വസ്ത്ര നിര്‍മ്മാണവും, വസ്ത്ര വ്യാപാരവും. കേരളത്തിന്റെ സമ്പദ് ഘടനയിലും ഈ മേഖല നിര്‍ണ്ണായക ശക്തിയാണ്. ഇത് തിരിച്ചറിഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ കോഴിക്കോടിനെ മികച്ച മാനുഫാക്ച്ചറിംഗ് ഹബ്ബാക്കി മാറ്റാന്‍ സാധിക്കും. ജില്ലയില്‍ വസ്ത്ര വ്യാപാരികളും, ജീവനക്കാരുമായി പതിനായിരങ്ങളാണ് ഈ മേഖലയിലുള്ളത്. ഈ മേഖലയെ ശക്തിപ്പെടുത്താന്‍ സമ്മേളനവും അതിലെടുക്കുന്ന തീരുമാനങ്ങളും വഴിയൊരുക്കുകതന്നെ ചെയ്യും.