പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു
കോഴിക്കോട്: മീഡിയവണ്‍ ആസ്ഥാനത്തിന് നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കേരള പത്രപ്രവര്ത്തകയൂണിയന് കോഴിക്കോട്
ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ കോഴിക്കോട് വെള്ളിപറമ്പുള്ള മീഡിയവണ്‍ ആസ്ഥാനത്തിന്റെ കോമ്പൗണ്ടിലേക്ക് പടക്കമെറിയുകയായിരുന്നു. അക്രമം ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമം ജനാധിപത്യ സംവിധാനത്തിനകത്ത് അംഗീകരിക്കാന്‍ കഴിയില്ല. നിര്‍ഭയമായി മാധ്യമ പ്രവര്‍ത്തനം ചെയ്യാനുള്ള സാഹചര്യത്തിന് തടസമാകുന്ന നടപടികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കണമെന്ന് പ്രസിഡന്റ് എം.ഫിറോസ് ഖാന്, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂണിയന് പൊലീസിനോട് ആവശ്യപ്പെട്ടു.
