കോഴിക്കോട് : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവിര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും, മഴക്കെടുതികള്‍ നേരിടാനും സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റെസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലാ സംഗമം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ റെസിഡന്റ്സ് അസോസിയേഷനുകളെ പങ്കാളികള്‍ ആക്കണമെന്നും, സര്‍ക്കാര്‍ കമ്മിറ്റികളിലും വികസന സമിതികളിലും റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ജില്ലാ തലത്തിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിലും 3 മാസത്തിലൊരിക്കല്‍ അതാത് മേഖലകളിലെ റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരാതി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. റെഡിഡന്റ്സ് അസോസിയേഷനുകള്‍ക്ക് അര്‍ദ്ധ സ്റ്റാറ്റിയുട്ടറി പദവി നല്‍കി ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും, റെസിഡന്റ്സ് അസോസിയേഷന്‍ യോഗങ്ങള്‍ക്ക് സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഹാളുകളും ഓഡിറ്റോറിയങ്ങളും സൗജന്യമായി അനുവദിക്കണമെന്നും ജില്ലാ സംഗമം ആവശ്യം ഉന്നയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലും 2 മാസത്തിനുള്ളില്‍ അപ്പെക്‌സ് കമ്മിറ്റികള്‍ രൂപീകരിക്കാനും, ജില്ലാ വനിതാ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു
കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( കോര്‍വ) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മുരളീധരന്‍ പുതുക്കുടി ജില്ലാ സംഗമം ഉദ്്ഘാടനം ചെയ്തു. റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ ബീരാന്‍, കോര്‍വ സംസ്ഥാന സെക്രട്ടറി നൗഷാദ് എടവണ്ണ, അഡ്വ എ കെ ജയകുമാര്‍, അഡ്വ കെ എം കാതിരി, പി കെ ശശിധരന്‍, കെ സത്യനാഥന്‍, എം പി രാമകൃഷ്ണന്‍, എ രാജന്‍, കെ വി ഷാബു, ശ്രീജ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.