നമ്മള്‍ക്ക് ഈ നിലയ്‌ക്കെ ചെയ്യാന്‍ സാധിക്കുകയുള്ളു; അതിന് ഇഷ്ടമുള്ളവര്‍ വന്നാല്‍ മതി; നിലപാട് വ്യക്തമാക്കി എംഎ യൂസഫലി
കൊച്ചി: ഇന്ന് മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ലുലു ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ്. കേരളത്തില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികളെ പരമാവധി നേരിട്ട് തിരഞ്ഞെടുക്കുന്നതാണ് സ്ഥാപന മേധാവി എംഎ യൂസഫ് അലിയുടെ രീതി.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പതിവായി എംഎ യൂസഫ് അലിയുടെ സ്വന്തം നാടായ തൃശൂര്‍ നാട്ടികയില്‍ വെച്ചായിരുന്നു നടക്കാറുള്ളത്. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് നാട്ടികയിലേക്ക് ഒഴുകി എത്താറുള്ളത്. ഈ ദിനങ്ങളിലെ തിരക്കിന്റെ ദൃശ്യങ്ങള്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ മറ്റും പുറത്ത് വരികയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ മലയാളികളുടെ അഭിമാനമായ ബ്രാന്‍ഡാണ് ലുലു ഗ്രൂപ്പെങ്കിലും, സ്ഥാപനത്തിലേക്ക് നടത്തുന്ന അഭിമുഖങ്ങള്‍ ശാസ്ത്രീയപരമായ രീതിയില്‍ അല്ലെന്ന വിമര്‍ശനവും ശക്തമാണ്. ഉദ്യോഗാര്‍ത്ഥികളെ ഇങ്ങനെ ക്യൂ നിര്‍ത്തേണ്ടതോ, യൂസഫ് അലി തന്നെ നേരിട്ട് കാണേണ്ട ആവശ്യമോ ഇല്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം യൂസഫ് അലി തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ലുലുവിന്റെ റിക്രൂട്ട്‌മെന്റ് സയന്റിഫിക് അല്ലെന്ന് പറഞ്ഞ് എതിര്‍ക്കുന്നുവര്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ ലുലുവിന്റെ റിക്രൂട്ട്‌മെന്റിന് വരേണ്ടതില്ലെന്നാണ് യൂസഫ് അലി പറയുന്നത്.
‘കേരളത്തില്‍ നിന്നും നിരവധി ആളുകളെ ഇന്റര്‍വ്യൂ ചെയ്ത് ജോലിക്കായി കൊണ്ടുവരുന്നുണ്ട്. ആ ഇന്റര്‍വ്യൂകള്‍ സയന്റിഫിക് അല്ലെന്ന് പറഞ്ഞ് എതിര്‍ക്കുന്നുവര്‍ ഉണ്ട്. എതിര്‍ക്കുന്നവര്‍ വരണ്ട. ജോലി ആവശ്യമുള്ളവര്‍ വന്നാല്‍ മതി. നമ്മള്‍ക്ക് ഈ നിലയ്‌ക്കെ ചെയ്യാന്‍ സാധിക്കുകയുള്ളു. അതിന് ഇഷ്ടമുള്ളവര്‍ വന്നാല്‍ മതി. അല്ലാത്തവര്‍ വരണ്ട’ എംഎ യൂസഫ് അലി വ്യക്തമാക്കി.
നാട്ടില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി ഇവിടെ കൊണ്ടുവന്ന്, ട്രെയിന്‍ ചെയ്തതിന് ശേഷമാണ് ജോലി കൊടുക്കുന്നത്. അതല്ലേ നമുക്ക് പറ്റുകയുള്ളു. ആളുകളെ നേരിട്ട് കണ്ട് ഇന്റര്‍വ്യൂ നടത്താതെ അവരെ ഷോപ്പുകളില്‍ വെക്കാന്‍ പറ്റില്ല. ഞങ്ങളുടേത് ഒരു ഹോസ്പ്പിറ്റാലിറ്റി സര്‍വ്വീസ് ഓറിയന്റ് വ്യവസായമാണ്. അപ്പോള്‍ അതിന് ആളുകളെ നേരിട്ട് കണ്ട് തന്നെ ഇന്റര്‍വ്യൂ ചെയ്യണം. അത് സയന്റിഫിക് അല്ലെന്ന് പറയുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ. ജോലിക്ക് ആവശ്യമുള്ളവര്‍ വരും. അവരെ ഞങ്ങള്‍ കൊണ്ടുവരികയും ചെയ്യും- എംഎ യൂസഫ് അലി പറഞ്ഞു.