എഡിറ്റോറിയല്‍
നീതി നിഷേധിക്കപ്പെടുമ്പോള്‍ തകരുന്നത് സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പീഢിപ്പിക്കപ്പെട്ട അതിജീവതക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് എന്താണ് തടസ്സം? നീണ്ട പോരാട്ടങ്ങള്‍ നടത്തിയിട്ടും അവരുടെ പ്രശ്‌ന പരിഹാരത്തിന് എന്താണ് സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്? ഒരു വനിത, ആരോഗ്യമന്ത്രിയായിരിക്കുന്ന ഒരുസംസ്ഥാനത്ത് ഒരു സ്ത്രീക്ക് നീതിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടി വരുന്നത് എന്ത്‌കൊണ്ടാണ്?
ഈ സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ക്കാണ് ആരോഗ്യ മന്ത്രിയും സര്‍ക്കാരും മറുപടി പറയേണ്ടത്. രോഗബാധിതയായി ആശുപത്രിയിലെത്തിയാല്‍ അവിടെയും രക്ഷയില്ലാത്ത അവസ്ഥ വന്നാല്‍ എന്ത് ചെയ്യും? അത്യന്തം നാണക്കേടാണ് സര്‍ക്കാരിന്റെ സമീപനം. അവനവന്റെ കുടുംബത്തിലെ ഒരംഗത്തിനാണ് ഈ ദുര്യോഗമുണ്ടായതെങ്കില്‍ നാമെങ്ങനെ പ്രതികരിക്കുമെന്ന് ഓരോരുത്തരും ആലോചിക്കുന്നത് നന്ന്.
മറ്റൊരു വനിതയും നീതിക്കായി പോരാടുകയാണ്. പ്രസവ ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക അകപ്പെട്ട് തീരാ വേദന തിന്നുന്ന സഹോദരി. അവരും നീതിക്കായി വലിയ സമരം തന്നെ നടത്തി. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം പോലും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അവരിപ്പോഴും അന്നുണ്ടായ ചിക്ത്‌സാ പിഴവിനെ തുടര്‍ന്ന് ചികിത്സയിലാണ്.
പാവപ്പെട്ടവന്റെയും, കഷ്ടപ്പെടുന്നവന്റെയും ഒരു പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എന്നാല്‍ നീതിക്കായി പോരാടുന്നവരെ കണ്ണ് തുറന്ന് കാണാനുള്ള മനോഭാവം ഭരണാധികാരികള്‍ക്കില്ല. കോഴിക്കോട്ടുണ്ടായ ഈ രണ്ട് സംഭവങ്ങളും കേരളീയ സമൂഹത്തിന് മുന്‍പില്‍ വലിയ ചോദ്യങ്ങളാണുര്‍ത്തുന്നത്. അനീതി കണ്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ മടിയുള്ള ഒരു സമൂഹമായി കേരളം മാറുകയാണോ?
അന്ധമായ രാഷ്ട്രീയ മനോഭാവത്താല്‍ പാര്‍ട്ടി അണികള്‍ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കരുത്. ഏത് പാര്‍ട്ടി ഭരിച്ചാലും നീതി ഉറപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാവണം.
അതിജീവതക്ക് നീതി ലഭിക്കണം. നീതിയെ ആര് തടയാന്‍ ശ്രമിച്ചാലും അത് ഇരട്ട ശക്തിയോടെ തിരിച്ചുവരുമെന്നതാണ് കാലം നമുക്ക് നല്‍കുന്ന പാഠം. നീതി നിഷേധത്തിന് കുടപിടിക്കുന്നവര്‍ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ ഭദ്രത തകര്‍ക്കുന്ന പ്രവര്‍ത്തിയും.
അതിജീവതക്ക് നീതി ഉറപ്പാക്കണം