ഒരേയൊരിന്ത്യ, ഒരായിരം രുചികള്‍ ”ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്24”

ഒരേയൊരിന്ത്യ, ഒരായിരം രുചികള്‍ ”ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്24”

കോഴിക്കോട് : ഇന്ത്യന്‍ ഭക്ഷ്യവൈവിദ്ധ്യങ്ങളുടെ സമൃദ്ധി ആഘോഷിക്കുന്ന, രുചിയുടെ ബഹുസ്വരതകളില്‍ ഐക്യത്തിന്റെ പെരുമ ഉള്‍ക്കൊള്ളുന്ന മഹാരുചിമാമാങ്കത്തിന് കോഴിക്കോട് നഗരം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് കേരളം വരെ പരന്നു കിടക്കുന്ന, ഇരുപത്തിയഞ്ച് പ്രധാന നഗരങ്ങളില്‍ നിന്നുള്ള പാചക കലാകാരന്മാര്‍ തയ്യാറാക്കുന്ന പരമ്പരാഗതവും നൂതനവുമായ രുചികളുടെ പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് ‘ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട് 24’.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 3 മുതല്‍ 12 വരെ നടക്കുന്ന സ്വാദിന്റെ ഈ മഹാസര്‍ഗവൈഭവം ഒരുക്കിയിരിക്കുന്നത് ”ഈറ്റോപ്പിയ ഇവന്റേഴ്‌സ് ‘, ”ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ്” എന്നിവര്‍ ചേര്‍ന്നാണ്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക നല്ല രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേവലമൊരു ഫുഡ് ഫെസ്റ്റിവല്‍ എന്നതിനപ്പുറം വ്യത്യസ്തസംസ്‌കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ഭക്ഷണത്തിന്റെ ശക്തിയെ അടിവരയിട്ടുറപ്പിക്കാനാണ് പരിപാടിയിലൂടെ തങ്ങള്‍ ശ്രമിക്കുന്നത് എന്ന് മുഖ്യസംഘാടകരായ ‘ഈറ്റോപ്യ ഇവന്റേഴ്സിന്റെ’ ഡയറക്ടര്‍ മുഹമ്മദ് ഹനീഫ വ്യക്തമാക്കി.

കാശ്മീര്‍, ഡല്‍ഹി, ലഖ്നൗ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭഗല്‍പൂര്‍, ഹരിദ്വാര്‍, അമൃത്സര്‍, ഭോപ്പാല്‍, ജയ്പൂര്‍, ചമ്പാരന്‍, ലക്ഷദ്വീപ്, അഹമ്മദാബാദ്, രാംപൂര്‍, അംരോഹ, അലിഗഡ്, മലേര്‍കോട്ല തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ രുചിമാന്ത്രികര്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോടെത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ ലോക ഭൂപടത്തില്‍ ഇന്ത്യയെ ഭക്ഷണത്തെ മുന്‍നിര്‍ത്തി സവിശേഷമായി അടയാളപ്പെടുത്താനും ഇന്ത്യന്‍ ഭക്ഷണ വൈവിധ്യങ്ങളുടെ തനിമ ചോരാതെയുള്ള ആസ്വാദനം സാധ്യമാക്കാനുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു സംഘാടകരായ ജി.എം.ഐ പ്രസിഡന്റ് പി സി അബ്ദുല്‍ റഷീദ് പറഞ്ഞു.

ഇന്ത്യയിലെ നാനാകോണിലെയും വ്യത്യസ്ത പാചക രീതികളെയും ഭക്ഷണസംസ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെ രാജ്യത്തിന്റെ മഹത്തായ ഭക്ഷണ പാരമ്പര്യത്തെ ആഘോഷിക്കാനും വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ കൊടുക്കല്‍ വാങ്ങലുകളെ ഉയര്‍ത്തിക്കാട്ടാനുമാണ് പരിപാടി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഒരേയൊരിന്ത്യ, ഒരായിരം രുചികള്‍ ”ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്24”

 

 

Share

Leave a Reply

Your email address will not be published. Required fields are marked *