ഷിബു ടി ജോസഫ്
എഴുത്തകാരന് സമൂഹത്തിന് വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന ചര്‍ച്ച ലോകത്ത് വളരെ ഗൗരവതരമായി തന്നെ നടക്കുന്നുണ്ട്. ലോകത്തെ കണ്ണില്‍ക്കൂടി മാത്രമല്ല എഴുത്തുകാരന്‍ ദര്‍ശിക്കുക. അയാളുടെ മനസ്സും മസ്തിഷ്‌കവും ലോകത്തെ ജാഗരൂകമായി നോക്കിക്കാണുന്നുണ്ട്. തന്റെ തന്നെ ജീവിതത്തിലേക്കും തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളിലേക്കും പ്രകൃതിയിലേക്കും അതിലെ സകല ജീവജാലങ്ങളിലേക്കും കണ്ണോടിക്കുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. മനുഷ്യരുടെയും പ്രകൃതിയുടെയും സുഖങ്ങളേക്കാള്‍ അപ്പുറം സങ്കടങ്ങളിലേക്കും കണ്ണീരിലേക്കും വിഷമതകളിലേക്കും നിരാശകളിലേക്കും തകര്‍ച്ചകളിലേക്കുമാണ് ഒരു നല്ല എഴുത്തുകാരന്റെ ഹൃദയം ചായുന്നത്.
അവനവനെത്തന്നെ പ്രദര്‍ശനവസ്തുവാക്കി വച്ചിരിക്കുന്ന പുതിയ കാലത്തെ എഴുത്തുകാരെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്, മറിച്ച് തന്റെ അനുഭവങ്ങളെ ലോകത്തിന് പകര്‍ത്തി നല്‍കി മാറിനടക്കുന്നവരെക്കുറിച്ചാണ്. അതിനാല്‍ എഴുത്തുകാരന്റെ ഓരോ വാക്കുകള്‍ക്കും കരുത്തും ശക്തിയുമുണ്ട്. അത് സമൂഹത്തിന് നേരെ കൈചൂണ്ടി അത്ര പ്രിയങ്കരമല്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയും. അത് എല്ലാവരും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തുകൊള്ളണമെന്നില്ല. മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുക എന്ന പ്രക്രിയയില്‍ നിരന്തരം ഇടപെടുന്നവനാണ് എഴുത്തുകാരന്‍. അതിനാല്‍ ഒരെഴുത്തുകാരന് എന്തെല്ലാം ചെയ്യാനാവും എന്നതിനപ്പുറം അയാള്‍ക്ക് സമൂഹത്തിന്റെ കണ്ണാടിയായി മാറാന്‍ കഴിയുമെന്ന് തന്നെയാണ് ചിന്തിക്കേണ്ടത്.
സമൂഹത്തിന്റെ പുഴുക്കുത്തുകളെ നിര്‍മ്മലീകരിക്കുന്നതില്‍ കലയ്ക്കും സാഹിത്യത്തിനും വലിയ പങ്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഭാവിയെയും ഭൂതത്തെയും മാത്രമല്ല വര്‍ത്തമാനകാലത്തെയും സര്‍ഗാത്മകത അഭിമുഖീകരിക്കുക തന്നെ വേണം. അത്തരം സൃഷ്ടികള്‍ സമൂഹത്തോടുള്ള പ്രതികരണങ്ങള്‍ തന്നെയാണ്. അവ കാണുകയും വായിക്കുകയും ചെയ്യുന്നവര്‍ പല വീക്ഷണകോണുകളിലും നിന്നുകൊണ്ട് അതിന്റെ ആത്മസത്ത ഉള്‍ക്കൊള്ളുകയും മാറ്റത്തിനുവേണ്ടിയുള്ള പ്രക്രിയകളില്‍ ഇടപെടുകയും ചെയ്യും. സര്‍ഗാത്മകതയുള്ളവര്‍ക്ക് നിര്‍ഭയരായി പ്രതികരിക്കാനാവുമെന്ന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പ്രശസ്തിയും അംഗീകാരവും ലാക്കാക്കുന്നവരാണ് നിശബ്ദരായി നില്‍ക്കുക. അപ്രിയങ്ങള്‍ വിളിച്ചുപറയാന്‍ പ്രവാചകതുല്യമായ സര്‍ഗസിദ്ധിയുണ്ടാകണം. അവര്‍ക്കായിരിക്കും വജ്രസമാനമായ മനസ്സുണ്ടാവുക. അല്ലാത്തവര്‍ അപകടരഹിതമായ സര്‍ഗസൃഷ്ടിയില്‍ മാത്രം വ്യാപരിച്ചുകൊണ്ടേയിരിക്കും. അല്ലാത്തവര്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയും. അത്തരം കഥകളെ വായക്കാരന് മുന്നിലേക്ക് നീക്കിനിര്‍ത്തുകയാണ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന എന്ന അനുഭവസമ്പന്നനായ കഥാകൃത്ത്.എസ് കെ ആശുപത്രിയിലാണ് എന്ന ഈ കഥാസമാഹാരത്തില്‍ പന്ത്രണ്ട് കഥകളാണുള്ളത്. ‘ഉപ്പയില്ലാത്ത വീട്ടി’ല്‍ നിന്നാണ് നാം വായന തുടങ്ങുന്നത്. കുടംബജീവിതത്തിലെ യഥാര്‍ത്ഥ സ്നേഹമെന്തെന്നാണ് ഈ കഥ പറയുന്നത്. പറയുന്നതും ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ മാത്രമല്ല, കട്ടിയുള്ള പുറന്തോടിനുള്ളില്‍ മസൃണമായ ഹൃദയമുള്ള ആളുകളാണ് യഥാര്‍ത്ഥ മനുഷ്യരെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തും.
അതുപിന്നിട്ട് ‘മീന്‍കാരന്റെ മകളി’ലേക്ക് എത്തുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല പിന്‍തലമുറയ്ക്കും ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ ചില മക്കളെങ്കിലും മനസ്സിലാക്കുന്നുണ്ടെന്നും വായിക്കാനാകും. ഇക്കാലത്തെ കുട്ടികള്‍ വളരുന്നത് സര്‍വ്വ സൗഭാഗ്യങ്ങളോടെയുമാണ്. എന്നാല്‍ അതിനായി നട്ടം തിരിയുന്ന മാതാപിതാക്കളുടെ നോവ് കാണാന്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ടെന്ന് അവിടെ വായിക്കാനാകും.’കോയക്ക ഒരു പ്രവാസിയാണ്’ എന്ന കഥയില്‍ ചോരയും നീരും വറ്റി ചണ്ടിയായിപ്പോയ ജന്മങ്ങളുടെ പ്രതിനിധിയാണ് കഥാപാത്രം. ജീവിതത്തില്‍ നായകവേഷമാടിയ മനുഷ്യര്‍ സായന്തനത്തില്‍ ആര്‍ക്കും വേണ്ടാതെ ഒടുങ്ങുന്ന ദുരവസ്ഥ നമ്മുടെ സമൂഹത്തിന്റേത് തന്നെയാണ്. താന്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഊറ്റിയെടുത്ത് കുളയട്ടകളെപ്പോലെ കൊഴുത്ത മനുഷ്യര്‍ക്ക് അവര്‍ അവസാനം ഭാരമായി മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.സമ്പത്തുണ്ടാകുമ്പോള്‍ വന്നവഴി മറക്കുന്നവര്‍ക്ക് ഗുണപാഠമാണ് ‘ഇത് ദുനിയാവ്’ എന്ന കഥ. ഒരിക്കല്‍ തന്റെ മുന്നില്‍വന്ന് കൈനീട്ടിയ മനുഷ്യന്‍ പില്‍ക്കാലത്ത് എല്ലാം വെട്ടിപ്പിടിക്കുന്നതും പ്രമാണിയാകുന്നതും കണ്ട അതേ കണ്ണുകള്‍ പിന്നീടൊരിക്കല്‍ പഴയ അവസ്ഥയില്‍ തന്നെ ആ മനുഷ്യന്‍ എത്തിച്ചേര്‍ന്ന ജീവിതനിര്‍ഭാഗ്യങ്ങളെയും കാഴ്ച കാണാനിടയാകുന്നു. ഇതിനെല്ലാം സാക്ഷിയായ അയാള്‍ മാത്രം അന്നും ഇന്നും ഒരുപോലെ ഈ ഭൂമിയില്‍ ജീവിക്കുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് പറയാന്‍ അധികം വാചാലമാകേണ്ടതില്ല, ഈയൊറ്റക്കഥ മാത്രം മതി.’ഡോ. ഫിലിപ് ഡി. ഡിസൂസ’യുടെ പ്രവചനങ്ങള്‍ മനുഷ്യജീവിതങ്ങളെക്കുറിച്ച് തന്നെയാണ്. അയാള്‍ ഒരു അവധൂതനെപ്പോലെ പറയുന്നത് കിറുകൃത്യമായി സംഭവിക്കുന്നത് അത്ഭുതത്തോടുകൂടി മാത്രമേ വായിക്കാനാകൂ. ഓരോ മനുഷ്യരും വളര്‍ന്നുവരുന്ന സാഹചര്യങ്ങളാണ് അവര്‍ എന്തുതരം മനുഷ്യരാകണമെന്ന് നിശ്ചയിക്കുന്നത്. മുളയിലേ അറിയാം കരുത്ത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് ഡോ. ഫിലിപ് ഡി. ഡിസൂസയുടെ വായന.
ഈ കഥാസമാഹാരത്തെ അപ്പാടെ വരിഞ്ഞുമുറുക്കുന്നതാണ് ‘എസ് കെ ആശുപത്രിയിലാണ്’ എന്ന കഥ. ജീവിതത്തിന്റെ കണക്കൂകൂട്ടലുകളെ അപ്പാടെ തകിടം മറിക്കുന്ന പ്രതിഭാസം ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. നാം ആരിലാണോ പ്രതീക്ഷ വയ്ക്കുന്നത്, അവര്‍ നമ്മെ തള്ളിക്കളയുമ്പോള്‍, ഒരിക്കലും തുറക്കില്ലെന്ന് കരുതുന്ന വാതിലുകളാണ് നമ്മുടെ മുന്നില്‍ പ്രകാശം പരത്തി തുറന്നുവരിക. ഒരിക്കലും മധുരിക്കില്ലെന്ന് കരുതിയവരാണ് അതിമധുരം വിളമ്പുക. മറ്റ് മനുഷ്യര്‍ക്കായി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരെ നാം പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എന്നാല്‍ അവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ആരും കടന്നുചെല്ലാറില്ല. എല്ലാ വിഷമതകള്‍ക്കുമിടയില്‍ അവര്‍ ചിരിക്കും. എല്ലാ സങ്കടങ്ങളെയും ഉള്ളിലൊതുക്കും. എല്ലാ വേദനകളും കടിച്ചമര്‍ത്തും. എന്നാല്‍ പ്രതീക്ഷയുടെ കൈത്തിരിയുമായി അവരുടെ ജീവിതത്തിലേക്ക് കടന്നുവരിക അവരില്‍ നിന്ന് ഒരിക്കലും സഹായം സ്വീകരിക്കാത്തവര്‍ തന്നെയാകും. എസ് കെ ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ മുമ്പില്‍ ധൃതിയില്‍ നടക്കുന്ന സലാം അത്തരത്തില്‍ വെളിച്ചം പകരുന്ന അത്യപൂര്‍വ്വം മനുഷ്യരിലൊരാള്‍ തന്നെയാണ്.
‘കുഞ്ഞാന്റെ ആണ്ട്’ ഒരു പ്രതികാരകഥ തന്നെയാണ്. താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ധൂര്‍ത്തടിക്കുന്ന പിന്‍തലമുറയ്ക്ക് നേരെ ക്രോധത്തിന്റെ തീയാളുന്നത് ഈ കഥയില്‍ വായിക്കാം. ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി മാറ്റിവയ്ക്കുന്നവര്‍ക്ക് വേണ്ടിയുള്ള കഥയാണിത്. അവനവന്റെ ജീവിതമാണ് വലുതെന്ന് കുഞ്ഞാന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സാധാരണ മനുഷ്യരുടെ ജീവിത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും വരച്ചുകാണിക്കുകയാണ് ‘പ്രവാസി’ എന്ന കഥ. ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ പ്രകാശം കെട്ടുപോകാനും ജീവിതമപ്പാടെ അന്ധകാരത്തിലേക്ക് മാറിപ്പോകാനും നിമിഷങ്ങള്‍ മതിയെന്ന് ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ഇത്തരത്തില്‍ നാം ചുറ്റിലും കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ കഥകളിലുണ്ടെന്ന ഉറപ്പാണ്. ഈ സമാഹാരത്തിലെ ഓരോ താളുകളും പിന്നിടുമ്പോള്‍ വായിക്കുന്നവരുടെ കണ്‍കോണുകളില്‍ നനവുണ്ടാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കാരണം ഇത് ഹൃദയത്തില്‍ നിന്നുള്ള നിലവിളികളും ഏങ്ങലടികളും സങ്കടങ്ങളും അക്ഷരങ്ങളിലേക്ക് പകര്‍ത്തിയതിനാല്‍ തന്നെയാണ്. കഥാകാരന്റെ ജീവിതം തന്നെ അത്തരത്തില്‍ കഠിനാധ്വാനങ്ങളുടെയും ജീവിതസമരങ്ങളുടെയും ആയതിനാല്‍ ഓരോ കഥകളിലും ആത്മാംശത്തെയും ദര്‍ശിക്കാനാകും. ഏതൊരു മനുഷ്യനും രണ്ടോ മൂന്നോ കഥകള്‍ അവനവന്റെ ജീവിതത്തില്‍ നിന്ന് തന്നെ എഴുതാന്‍ കഴിയും. എന്നാല്‍ നാം അറിയാത്തതും അനുഭവിക്കാത്തതുമായ ജീവിതങ്ങളുടെ വൈവിദ്ധ്യങ്ങളെ നിരന്തരമായി എഴുതുമ്പോഴാണ് ഒരാള്‍ എഴുത്തുകാരനെന്ന വിശേഷണത്തിന് അര്‍ഹനാകുന്നത്. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന എന്ന ഈ സാധാരണക്കാരനായ അസാധാരണ മനുഷ്യന്‍ ജീവിതമെന്ന അത്ഭുതത്തിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ അംശങ്ങളെ എഴുത്തിലൂടെ നിരന്തരമായി വെളിച്ചത്തിലെത്തിക്കുന്നുണ്ട്. ഉറപ്പായും പറയാനാകും ഈ മനുഷ്യന്റെ മനസ്സില്‍ നിന്ന് ഒരിക്കലും കഥകള്‍ ഒഴിഞ്ഞുപോകില്ലെന്ന്.