കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഇന്ത്യന്‍ നിര്‍മിത മസാലപ്പൊടികളള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്. ഹോങ് കോങ്ങിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് മസാലപ്പൊടികളുടെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കറി പൗഡറുകളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഇതോടെ എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല പൗഡര്‍, കറി പൗഡര്‍ എന്നിവയും എവറസ്റ്റ് ഗ്രൂപ്പിന്റെ ഫിഷ് കറി മസാല എന്നിവയും വിപണിയില്‍ നിന്ന് അധികൃതര്‍ പിന്‍വലിച്ചു. ഹോങ് കോങ്ങിലേയും സിംഗപൂരിലേയും ഫുഡ് റെഗുലേറ്റര്‍ അര്‍ബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിന് പിന്നാലെ പൊടികളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള നിര്‍ദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറപ്പെടുവിച്ചു.എവറസ്റ്റിന്റെ ഫിഷ് കറി മസാലയില്‍ അനുവദനീമായ അളവില്‍ കൂടുതല്‍ എഥിലിന്‍ ഓക്‌സൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിംഗപൂര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വില്‍പ്പന വിലക്കിയത്.കമ്പനികളുടെ എല്ലാ നിര്‍മാണ ശാലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കാക്കാന്‍ എഫ്എസ്എസ്എഐ തീരുമാനിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
എഥിലിന്‍, ഗ്ലൈക്കോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ നിര്‍മാണത്തിനാണ് നിറമില്ലാത്തതും കത്തുന്നതുമായ എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിക്കുന്നത്. കൂടാതെ ഡിറ്റര്‍ജെന്റ്‌സ്, തുണികള്‍, മരുന്നുകള്‍, പശ എന്നിവയുടെ നിര്‍മാണത്തിനും എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിക്കാറുണ്ട്. ഡിഎന്‍എ നശിപ്പിക്കാന്‍ ശേഷിയുള്ള എഥിലിന്‍ ഓക്‌സൈഡ് ആശുപത്രികളില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു.അര്‍ബുദത്തിന് കാരണമാകുന്നതിന് പുറമെ, എഥിലിന്‍ ഓക്‌സൈഡുമായി ദീര്‍ഘനേരമുള്ള സമ്പര്‍ക്കം കണ്ണ്, ത്വക്ക്, മൂക്ക്, ശ്വാസകോശം എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതിനുപുറമെ തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും തകരാറിന് കാരണമായേക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്‍വയര്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) പറയുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതയ്ക്കും എഥിലിന്‍ ഓക്‌സൈഡ് കാരണമായേക്കും.
കാന്‍സറിന് കാരണമാകുന്ന രാസ വസ്തുക്കള്‍, ഇന്ത്യന്‍ നിര്‍മ്മിത മസാലപ്പൊടികള്‍ക്ക് വിദേശങ്ങളില്‍ വിലക്ക്