പൊതു തിരഞ്ഞെടുപ്പിന്റെ പേരില്‍ ഭാരതീയരില്‍ ഭിന്നിപ്പുണ്ടാക്കരുത്

പൊതു തിരഞ്ഞെടുപ്പിന്റെ പേരില്‍ ഭാരതീയരില്‍ ഭിന്നിപ്പുണ്ടാക്കരുത്

എഡിറ്റോറിയല്‍

      ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മാതൃകയാണ്. അതുകൊണ്ട്തന്നെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഭാരതീയര്‍ക്ക് മാത്രമല്ല, ലോകത്തിനാകെ പ്രാധാന്യമേറിയ ഒരു തിരഞ്ഞെടുപ്പായി മാറുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഐതിഹാസികമായ പോരാട്ടത്തിലൂടെയാണ് 1947ല്‍ ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം നേടിയെടുത്തത്. ധീരദേശാഭിമാനികള്‍ രക്തം നല്‍കിയും, ജീവന്‍ നല്‍കിയും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ട ചരിത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുള്ളത്. മഹാത്മജിയുടെ നേതൃത്വത്തിന്‍ കീഴില്‍ നടന്ന പോരാട്ടം വിജയം വരിക്കുകയും രാജ്യം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറുകയും ചെയ്തു. അന്നു മുതല്‍ ഇന്നുവരെ രാജ്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും  മുന്നോട്ട് കോണ്ട്‌പോകുകയുമാണ്.
പാര്‍ലമെന്റ് തിരഞ്ഞടുപ്പ് രാജ്യത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണ സാരഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ എന്‍ഡിഎയും, ഇന്ത്യ മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്. ഇന്ത്യ മുന്നണിയെ രാഹുല്‍ഗാന്ധിയും, എന്‍ഡിഎയെ നരേന്ദ്രമോദിയുമാണ് നയിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പതിവാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി രാജസ്ഥാനിലും, യു.പിയിലും നടത്തിയ പ്രസംഗം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്നതാണെന്ന് വ്യാപകമായ ആക്ഷേപം ഉയരുകയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഇത് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിന് നിരക്കാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെന്ന ആരോപണം ശരിവെക്കുന്നതാണ് മോദിയുടെ പ്രസ്താവനക്കെതിരെ നടപടിയെടുക്കാത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലമായാലും, അല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവര്‍ത്തികളോ, പ്രസംഗങ്ങളോ നടത്താന്‍ പാടില്ല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് നിരവധി ഉദാഹരണങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യം കനത്ത വില നല്‍കേണ്ടി വരും. മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന വലിയ പ്രയാസമുണ്ടാക്കിയുട്ടുണ്ടെന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.
അധികാരം പിടിക്കാന്‍ നിലനിര്‍ത്താന്‍ രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കത്തിവെക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. ജാതിയും മതവും പറഞ്ഞ് ലേകത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍, മാധ്യമ വാര്‍ത്തകളായി വരുന്നത് നിത്യ കാഴ്ചയാണ്. അത്തരമൊരു സാഹചര്യം നമ്മുടെ രാജ്യത്തുണ്ടാവാന്‍ പാടില്ല. നേതാക്കള്‍ അറിഞ്ഞോ, അറിയാതെയോ നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടി അണികള്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് പറയാനാവില്ല. മണിപ്പൂരില്‍ ആളിക്കത്തിയ കലാപം രാജ്യം ദര്‍ശിച്ചതാണ്. മനുഷ്യ മനസ്സുകള്‍ അകന്നാല്‍ അത് യോജിപ്പിലെത്തിക്കാന്‍ വലിയ ശ്രമങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് ഈ രാജ്യത്ത് ഏകോദരസഹോദരങ്ങളെപോലെ കഴിയുന്ന മനുഷ്യരെ നാല് വോട്ടിനും, അധികാരത്തിനും വേണ്ടി ഭിന്നിപ്പിക്കുന്നതും, അവരെ തമ്മില്‍ തല്ലാന്‍ പ്രേരിപ്പിക്കുന്നതും ആരുടെ ഭാഗത്ത് നിന്നായാലും ഉണ്ടാവാന്‍ പാടില്ല. ഈ ലക്ഷ്മണ രേഖ ലംഘിക്കുന്നവര്‍ ആരായാലും രാജ്യത്തെ നിയമ നടപടിക്ക് അവരെ വിധേയമാക്കണം. നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്ല്യരാണ്. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി കഴിഞ്ഞ് പോകും. പിന്നീട് ക്രമാനുഗതമായി അഞ്ച് വര്‍ഷം കൂടുമ്പോഴാണ് അസാധാരണ സാഹചര്യമില്ലെങ്കില്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഒന്നിച്ച് കഴിയുകയും, ഒരുമയോടെ ജീവിക്കേണ്ടവരുമാണ് ഭാരതീയര്‍. രാജ്യത്തിന്റെ  വൈവിധ്യം, മതസൗഹാര്‍ദ്ദം, മതനിരപേക്ഷത എന്നിവ ലോകം അംഗീകരിക്കുന്നതാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഈ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഒരാളെയും ഭാരതീയര്‍ സമ്മതിക്കരുത്.

പൊതു തിരഞ്ഞെടുപ്പിന്റെ പേരില്‍ ഭാരതീയരില്‍

ഭിന്നിപ്പുണ്ടാക്കരുത്

Share

Leave a Reply

Your email address will not be published. Required fields are marked *