102 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം കുറിച്ചു. 17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഇന്നത്തെ ജനവിധി ഇരു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്.
ഇതില്‍ത്തന്നെ തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. എന്‍.ഡി.എയുടെ സീറ്റുകളുടെ എണ്ണം 400 കടക്കണമെങ്കില്‍, തമിഴ്നാട്ടില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകൂ.
അരുണാചല്‍പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാര്‍ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുര്‍ (രണ്ട്), രാജസ്ഥാന്‍ (13), മേഘാലയ (രണ്ട്), തമിഴ്നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാള്‍ (മൂന്ന്), ഉത്തര്‍പ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങള്‍) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ന് ജനവിധി തേടുന്ന 1600 സ്ഥാനാര്‍ഥികളില്‍ എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണറും ഉള്‍പ്പെടുന്നുണ്ട്.കൂടാതെ ഇന്ന് വിധിയെഴുതുന്ന മണ്ഡലങ്ങളിലെ 2019 ലെ വിധി പരിശോധിച്ചാല്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും പുതിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും തുല്യശക്തികളാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം