ഒന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം

ഒന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം

പതിനെട്ടാം ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുഴുവന്‍ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ 8.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിക്കിം 7.99 ശതമാനം, ത്രിപുര 15.21, ഉത്തര്‍പ്രദേശ് 12.66, ഉത്തരാഖണ്ഡ് 10.54, മേഘാലയ 13.71, മിസോറാം 10.84, നാഗാലാന്റ് 9.66, പുതുച്ചേരി 8.78, രാജസ്ഥാന്‍ 10.67 എന്നിങ്ങനെയാണ് കണക്കുകള്‍.

പോളിങിന്റെ ആദ്യമണിക്കൂറില്‍ തന്നെ പ്രമുഖരെല്ലാം വോട്ടുരേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് മുന്നോടിയായി സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും സംഘര്‍ഷത്തില്‍ പരസ്പരം പഴിചാരുന്നു.ചന്ദമാരിയില്‍ ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചു. ബെഗാകത്ത മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസിയും ആരോപിച്ചു. പത്ത് മണിയോടെ തന്നെ ഒരു ഡസനോളം പരാതികളാണ് കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം ഫയല്‍ ചെയ്യപ്പെട്ടത്.

കൂടാതെ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ പോളിങ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയുണ്ടായ സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടോടുപ്പില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് തുടക്കമായി എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കൃത്യതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം എന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു.

 

 

ഒന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *