കൊച്ചിയിലെ സുരക്ഷാ ദുരന്തം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം

പ്രധാന മന്ത്രിയുടെ സുരക്ഷക്കായി പോലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ നടപടിയില്‍ ഒരു ജീവിതം കൂടി പൊലിഞ്ഞു എന്ന ദു:ഖവാര്‍ത്തായണ് ഇന്നലെ നാം കേട്ടത്. 2012ല്‍ സമാന സംഭവം തിരുവനന്തപുരത്തും ഉണ്ടായിട്ടുണ്ട്. വിവിഐപികളുടെ സുരക്ഷാ ചുമതല ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുള്ള പോലെ തന്നെ പൊതുജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസ് മറന്നതാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ മരണപ്പെട്ട മനോജ് ഉണ്ണിയുടെ ബന്ധുക്കള്‍ ഇതുന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാന സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റോഡിന് കുറുകെ വട്ടം കെട്ടരുതെന്ന ഉത്തരവിറക്കിയത്. ആ ഉത്തരവിന് യാതൊരു വിലയും അധികാരികള്‍ നല്‍കിയിട്ടില്ല എന്നതാണ് കൊച്ചിയിലുണ്ടായ ദുരന്തം വിളിച്ചോതുന്നത്.

മനോജ് അമിത വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്നും, വടത്തിന് മുന്‍പില്‍ പോലീസുകാര്‍ ഉണ്ടായിരുന്നെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞിട്ടുണ്ട്. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. സാധാരണ ട്രാഫിക് ബ്ലോക്ക് ചെയ്യാന്‍ പോലീസ് ബാരിക്കേഡുകളോ കനം കുറഞ്ഞ റിബണുകളോ ആണ് ഉപയോഗിക്കാറ്. ബാരിക്കേഡുണ്ടായിരുന്നെങ്കില്‍ മനോജിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് വെളിച്ചമില്ലായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

മനോജിന്റെ മരണം നിരവധി ചോദ്യങ്ങളാണ് സമൂഹത്തോട് ഉയര്‍ത്തുന്നത്. വിവിഐപികളെ പോലെ പ്രധാനമല്ലേ സാധാരണക്കാരന്റെ ജീവനും. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും മുന്‍ ഉത്തരവുകള്‍ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതല്ലെ. ഇനിയും ഇത്തരം സംഭവങ്ങളില്‍ മനുഷ്യ ജീവന്‍ പൊലിയാന്‍ പാടില്ല. അതിനാവശ്യമായ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിവിഐപികളുടെ സന്ദര്‍ശന വേളയിലെടുക്കുന്ന മുന്‍ കരുതലുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഫലപ്രദമായ സംവിധാനം ഒരുക്കണം. സുരക്ഷയുടെ പേരിലുണ്ടാവുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍, ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ വീഴാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

 

 

 

കൊച്ചിയിലെ സുരക്ഷാ ദുരന്തം
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം

Share

Leave a Reply

Your email address will not be published. Required fields are marked *