ബൈജൂസിന്റെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ സിഇഒ ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബൈജു രവീന്ദ്രന്‍ കമ്പനിയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിലേക്ക് എത്തുന്നത്.
തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം വിലപ്പെട്ടതാണെന്നും ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അര്‍ജുന്‍ മികച്ച പ്രവര്‍ത്തനമാണ് നല്‍കിയതെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
നൂതനമായ ലേണിങ് ആപ്ലിക്കേഷനിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ച ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ട്അപ്പുകളില്‍ ഒന്നായിരുന്നു. 2022ല്‍ കമ്പനിയുടെ മൂല്യം 22 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും അതിനോടൊപ്പം കമ്പനിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉടലെടുത്തതോടെയാണ് തകര്‍ച്ചയിലേക്ക് നീങ്ങിയത്.
തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ പൂട്ടാനുള്ള നിര്‍ദേശം കമ്പനി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടാനാണ് നിര്‍ദേശം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. നിയമപ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം കൂടാതെ ബൈജൂസിന്റെ വിദേശ നിക്ഷേപത്തെക്കുറിച്ച് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണവും നേരിടേണ്ടി വന്നു.ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 28,000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 9,000 കോടി രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ട് ബൈജൂസ് ലേണിങ് ആപ്പിന് ഇ ഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബൈജു രവീന്ദ്രനെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബൈജുവിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ സ്ഥാപനത്തിന്റെ ഓഹരി ഉടമകള്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബൈജുവിന്റെ തീരുമാനം.
ബൈജൂസ് സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവെച്ചു