ഇന്നത്തെ ചിന്താവിഷയം

ഇന്നത്തെ ചിന്താവിഷയം

ശരിയായ വ്യക്തികള്‍ നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കുക. വിജയികള്‍ക്കൊപ്പം പ്രവൃത്തിക്കുക

 

ജീവിതത്തെ നിസാരമായി നോക്കിക്കാണുന്നിടത്ത് ധന്യത നേടാനാവില്ല. നമ്മുടെ ചുറ്റിലും ദിനംപ്രതി സംഭവബഹുലമായ ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നു. വിജയം പോലെ പരാജയവും പരാജയത്തില്‍ ജനിക്കുന്ന നിരാശയും നിരാശയേറി ജീവിതത്തിനു വിരാമം കുറിക്കുന്നവരും നമുക്കു കാണാനാവും. അത് എത്ര പേര്‍ ഉള്‍ക്കൊള്ളുന്നു എന്നത് പ്രധാന്യമേറിയതാണ്. ശരിയായ വ്യക്തികള്‍ ചുറ്റിലും നടക്കുന്നവയില്‍ ശ്രദ്ധാലുവായിരിക്കും. അവര്‍ സത്യദാര്‍ശനീകരായിരിക്കും. അപരന്റെ ദുഃഖം സ്വന്തം ദു:ഖം പോലെ കാണുന്നവനായിരിക്കും. സ്വഭാവശുദ്ധിയോടൊപ്പം ഈശ്വരവിശ്വാസവും ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ മാനവസേവയില്‍ തല്‍പ്പരനാകാനും അതിലൂടെ മാനസീക സംതൃപ്തി നേടാനും കഴിയൂ. സത്യസന്ധത പുലര്‍ത്തുന്നിടത്ത് ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും അതിനു അവസാനം തിളക്കമേറും. കുടുംബഭദ്രതയെ അത് കൂടുതല്‍ ബലവത്താക്കും. അവിടെ അനുഭവിക്കുന്ന സന്തോഷം അവാച്യമത്രെ. കുടുംബ സന്തോഷങ്ങള്‍ അനുഭവിച്ചറിയുന്നവന്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ സമൂഹത്തിലും വെട്ടിത്തിളങ്ങും. അവിടെ വിജയികളോടൊപ്പം സഹകരിക്കുമ്പോള്‍ പുതിയ പാഠങ്ങളാണ് പഠിക്കാനാകുക. അത് വ്യക്തിത്വത്തിനു മാറ്റു വര്‍ദ്ധിപ്പിക്കും. ജീവിത പ്രാധാന്യം കുടുംബത്തിലും സമൂഹത്തിലും കാണുന്നവന്‍ മനുഷ്യസ്‌നേഹിയായി മാറുന്നു. ഒരു മനുഷ്യസ്‌നേഹിയായി ഭവിക്കുക സര്‍വ്വഗുണ ശ്രേഷ്ഠമത്രെ.
ഓര്‍ക്കുക ജീവിതത്തിനു സത്യം പ്രധാനമായിരിക്കണം, സത്യനിഷ്ഠയോട് കര്‍മ്മങ്ങള്‍ തുടരണം, സത്യത്തിനു മാത്രമേ വിജയിക്കാനാവൂ എന്ന വിശ്വാസവും അരക്കിട്ടുറപ്പിക്കണം. അങ്ങനെ സത്യത്തിലൂടെ വിജയം നേടുകയും അത്തരം വിജയികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുക പ്രശംസകളും ബഹുമാനങ്ങളും വന്നുചേരുന്നതിനൊപ്പം സ്വയം സംതൃപ്തനാകാനും കഴിയുന്നു. അതിനോടൊപ്പം അറിവും ബുദ്ധിയും ജ്ഞാനവും ഉപയോഗിക്കുന്നിടത്ത് നന്മതിന്മകളെ വേര്‍തിരിച്ചു നന്മയുടെ പ്രഭാവത്തില്‍ ജീവിക്കുവാന്‍ കഴിയുമെങ്കില്‍ അതായിരിക്കും മനുഷ്യജീവിതത്തിനു കിട്ടുന്ന അമൂല്യ സൗഭാഗ്യം.

 

കെ. വിജയൻ നായർ

 

 

ഇന്നത്തെ ചിന്താവിഷയം

 

Share

Leave a Reply

Your email address will not be published. Required fields are marked *