ലണ്ടന്‍: ബട്ടര്‍ ചിക്കന്‍ കഴിച്ച് ഇംഗണ്ടില്‍ 27കാരന്‍ മരിച്ച സംഭവത്തില്‍ മരണ കാരണം അനാഫൈലക്‌സിസ് അലര്‍ജിയാണെന്ന് കണ്ടെത്തല്‍. പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കന്റെ ഒരു കഷ്ണം കഴിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബട്ടര്‍ ചിക്കനില്‍ അടങ്ങിയ ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണ കാരണമെന്ന് കൊറോണര്‍ കോടതി സ്ഥിരീകരിച്ചു.
ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 2022 ഡിസംബര്‍ 28ന് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഹിഗ്ഗിന്‍സണ്‍ കുഴഞ്ഞു വീണത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു യുവാവ്. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഹിഗ്ഗിന്‍സണ് അലര്‍ജിയുണ്ടെന്ന് കണ്ടെത്തിയത്. അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണമായ എപിപെന്‍ ഹിഗ്ഗിന്‍സണ്‍ കൈവശം കരുതിയിരുന്നു. അടിയന്തിര വൈദ്യ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും ഹിഗ്ഗിന്‍സന്റെ അവസ്ഥ അതിവേഗം വഷളായി.
അന്വേഷണത്തില്‍ ബട്ടര്‍ ചിക്കനില്‍ ബദാം ഉണ്ടെന്ന് മെനുവില്‍ വ്യക്തമായി പറഞ്ഞിരുന്നു എന്ന് കൊറോണര്‍ കോടതി വ്യക്തമാക്കി. മുന്‍പ് അണ്ടിപ്പരിപ്പ് കഴിച്ചപ്പോള്‍ കാര്യമായ പ്രശ്‌നമില്ലാത്തതിനാലാണ് ഹിഗ്ഗിന്‍സണ്‍ ബട്ടര്‍ ചിക്കന്‍ കഴിച്ചതെന്നാണ് കരുതുന്നത്.
എന്താണ് അനാഫൈലക്‌സിസ്?
പ്രാണികളുടെ കുത്തേല്‍ക്കുന്നതിനേത്തുടര്‍ന്നോ, ഭക്ഷണം, മരുന്ന് തുടങ്ങിയവയോടുള്ള അലര്‍ജിയാണ് അനാഫൈലക്‌സിസ്. ചൊറിച്ചില്‍, ചുവന്നു തടിക്കല്‍, പിടലി വീക്കം, കുറഞ്ഞ രക്തസമ്മര്‍ദം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വെളുത്ത രക്താണുക്കളില്‍ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപെടുന്നതാണ് അനാഫൈലക്‌സിസ്‌നു കാരണം.
രോഗലക്ഷണങ്ങള്‍ വഴിയാണ് ഈ അസുഖം കണ്ടുപിടിക്കപെടുന്നത്. അഡ്രിനാലിന്‍ ആണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്. ലോകമെമ്പാടും ഉള്ള കണക്കുകളില്‍ 0.05% മുതല്‍ 2% വരെ ആളുകള്‍ അവരുടെ ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ അനാഫൈലക്‌സിസിന് ഇരയാവാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.