നീറ്റ് എംഡിഎസ് 18ന് തന്നെ; ഇന്റേണ്‍ഷിപ്പ് സമയപരിധി ജൂണ്‍ 30 വരെ നീട്ടി
പിജി ഡെന്റല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ് പരീക്ഷയില്‍ മാറ്റമില്ല. അതേസമയം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നീറ്റ്-എം.ഡി.എസ് പരീക്ഷ നീട്ടണമെന്നും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് തീരുമാനം.
പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ്- എം.ഡി.എസ് രജിസ്ട്രേഷന് 3 ദിവസം കൂടി അനുവദിക്കാനും നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ തീരുമാനിച്ചു. നീറ്റ്-പിജി പരീക്ഷ മാറ്റിയതിന് പിന്നാലെയാണ് നീറ്റ്-എംഡിഎസ് പരീക്ഷയും മാറ്റണമെന്ന് ആവശ്യമുയര്‍ന്നത്.
മാര്‍ച്ച് 18നാണ് നീറ്റ് എം.ഡി.എസ് പരീക്ഷ. മാര്‍ച്ച് 31 നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കേ പരീക്ഷയെഴുതാന്‍ സാധിക്കൂവെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇത് പരിഷ്‌കരിച്ചാണ് ജൂണ്‍ 30 ആക്കിയിട്ടുള്ളത്. നാളെ രാവിലെ 10 മുതല്‍ 11ന് രാത്രി 11.55 വരെ വീണ്ടും രജിസ്ട്രേഷന് അവസരം ലഭ്യമാക്കും. ഇവര്‍ക്ക് പിന്നീട് എഡിറ്റ് വിന്‍ഡോ ലഭ്യമായിരിക്കില്ലെന്നും പിഴവുകളില്ലാതെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും എന്‍.ബി.ഇ വ്യക്തമാക്കി. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 15ന് ലഭ്യമാക്കും. വിവരങ്ങള്‍ക്ക്: https://natboard.edu.in സന്ദര്‍ശിക്കാം.