സാഹിത്യ നഗരമായി വിശ്വ ഭൂപടത്തില്‍ അംഗീകാരം ലഭിച്ച കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം കാവ്യാസ്വാദകര്‍ക്ക് വേറിട്ടൊരനുഭവമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ കാവ്യോത്സവത്തില്‍ മലയാളത്തിനു പുറമെ ചെറുതും വലുതുമായ 24 ഭാഷകളില്‍ നിന്നുള്ള കവിതകളുടെ മലയാള വിവര്‍ത്തനം അവതരിപ്പിച്ചപ്പോള്‍ അത് സമകാലീന ഭാരതീയ കവിതയുടെ തേജസ്സാര്‍ന്ന ആവിഷ്‌ക്കാരമായി. മലബാര്‍ കൃസ്ത്യന്‍ കോളജില്‍ സാഹിത്യോത്സവം തെലുഗു സാഹിത്യകാരന്‍ ഡോ. ജെ.എല്‍.റെഡ്ഡി ഉദ്ഘാടനം ചെയ്തു. വിവര്‍ത്തനയുഗം വരുന്നതിനും എത്രയോ മുമ്പ് തന്നെ ഭാരതീയ ഭാഷകള്‍ തമ്മിലുള്ള സൗഹൃദ ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവെന്നും പതിനാറാം നൂറ്റാണ്ടോടെ എല്ലാ ഭാഷകളിലും രാമായണം പുനരാഖ്യാനം ചെയ്യപ്പെട്ടത് ഇതിന്റെ തെളിവാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ജെ.എല്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. വര്‍ത്തമാനകാലത്ത് വിവര്‍ത്തനം ഭാരതീയ സാഹിത്യത്തെയും ഭാഷകളെയും സമ്പുഷ്ടമാക്കുന്നുവെന്നും മലയാളം ഇക്കാര്യത്തില്‍ മാതൃകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യത്യസ്ഥ ഭാഷകളാണ് ലോകത്തുള്ളതെങ്കിലും മനുഷ്യ വികാരം ഏകമാണന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പില്‍ സഹോദര ഭാഷകളിലെ ചെറുകഥകള്‍ ഉള്‍പ്പെടുത്തിയതിലും തെലുഗു ഭാഷയ്ക്ക് ഇടം നല്‍കിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. റിപ്പബ്ലിക് പതിപ്പിന്റെ കോപ്പി കെ.കെ.സദാനന്ദന്‍ അദ്ദേഹത്തിന് സമ്മാനിച്ചു. പരിപാടിയില്‍ ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ. ആര്‍സു അധ്യക്ഷത വഹിച്ചു. കൊച്ചു ഭാഷകളിലും മികച്ച കവിതകള്‍ പിറക്കുന്നുണ്ടെന്നും എന്നാല്‍ അവ കുടത്തിലെ വിളക്കായി നില്‍ക്കുന്ന ഇന്നത്തെ അവസ്ഥ മാറ്റി കിട്ടാന്‍ വിവര്‍ത്തനം വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഇന്ദിര ഗോസ്വാമിയുടെ അസാമിസ് നോവലിന്റെ വിവര്‍ത്തനം ഛിന്നമസ്താ യുടെ പ്രകാശനം ജി.എല്‍ റെഡ്ഡി നിര്‍വ്വഹിച്ചു.ഡോ. പി.കെ.രാധാമണി ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡോ.ആര്‍സുവാണ് വിവര്‍ത്തകന്‍. പരിപാടിയുടെ സംയോജക ഡോ. പി.കെ.രാധാമണി ജെ.എല്‍ റെഡ്ഡിയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. പ്രൊ.കെ.ജെ.രമാഭായ് പൊന്നാട അണിയിച്ചു. അഞ്ജിജത എം സംസാരിച്ചു. അശ്വതി പി.ടി, ആര്യ പ്രാര്‍ഥന ആലപിച്ചു. മലയാള വിഭാഗം മേധാവി ഡോ. റോബര്‍ട്ട് വി.എസ് സ്വാഗതവും ഭാഷാസമന്വയ വേദി സെക്രട്ടറി ഡോ.ഒ.വാസവന്‍ നന്ദിയും രേഖപ്പെടുത്തി.
കാവ്യോത്സവത്തില്‍ മലയാളത്തിന് പുറമെ സമകാലീന ഭാരതത്തിന്റെ സാംസ്‌ക്കാരിക തുടുപ്പുകള്‍ ഒപ്പിയെടുത്ത 24 ഭാഷകളില്‍ നിന്നുള്ള കവിതകളുടെ മലയാളം പരിഭാഷ അവതരിപ്പിച്ചു.ചെറിയ വ്യവഹാരമണ്ഡലമുള്ള ഡോഗ്രി, സിന്ധി, സന്താലി, ഭോജ്പുരി, രാജസ്ഥാനി, കശ്മീരി, മൈഥിലി ഭാഷകളിലെ കവിതകള്‍ക്കും സ്ഥാനം ലഭിച്ചു. പി.പി.ശ്രീധരനുണ്ണി മലയാളം കവിത അവതരിപ്പിച്ചു. ഡോ.സി.രാജേന്ദ്രന്‍ (അസമിയ), ഡോ.ആര്‍സു (കശ്മീരി), ഡോ. പി.കെ.രാധാമണി (ഹിന്ദി), ഡോ.ഒ.വാസവന്‍ (ഡോഗ്രി ), കെ.ജി.രഘുനാഥ് (ബോഡോ), കെ.വര ദേശ്വരി (നേപ്പാളി ), രമ ചെപ്പ് (കന്നഡ), കെ.എസ്.വെങ്കിടാചലം (തമിഴ്), ഡോ.എം.കെ.പ്രീത (പഞ്ചാബി ), കെ.എം.വേണുഗോപാല്‍ (കൊങ്കണി ), എം.എസ് ബാലകൃഷ്ണന്‍ (ഭോജ്പുരി ), തുളസീദളം ( ബംഗാളി), പി.ടി.രാജലക്ഷ്മി (ഇംഗ്ലീഷ് ), ഡോ.കെ.ആശീവാണി (മാറാഠി ), ഡോ.എം.കെ.അജിതകുമാരി (മൈഥിലി ), ടി.കെ.ജ്യോത്സന (മണിപുരി ), സഫിയ നരിമുക്കില്‍ (ഒറിയ), പ്രൊഫ.കെ.ജെ.രമാഭായ് (രാജസ്ഥാനി ), ഡോ.സി.ശ്രീകുമാരന്‍ (സംസ്‌കൃതം), ഡോ.രശ്മി യുഎം (സിന്ധി ), എ.കെ.പ്രഭാകരന്‍ നായര്‍ ( സന്താലി ), ഡോ.സി.സേതുമാധവന്‍ (ഉര്‍ദു) എന്നിവര്‍ വിവിധ ഭാഷകളില്‍ നിന്നുള്ള കവിതകളുടെ പരിഭാഷ അവതരിപ്പിച്ചു.