കാര്‍ഷിക മേഖലയെ അവഗണിച്ച കേന്ദ്ര ബജറ്റ്

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ അവഗണനയാണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ കുറവാണ് കാര്‍ഷിക മേഖലക്കുണ്ടായിട്ടുള്ളതെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ ഗൗരവമേറിയതാണ്. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം മുഴങ്ങുന്ന രാജ്യമാണ് നമ്മുടെ ഭാരതം. കാര്‍ഷിക മേഖല തന്നെയാണ് ജനങ്ങളുടെ മുഖ്യ ജീവനോപാധി. കാര്‍ഷിക മേഖലയില്‍ പരിമിതികളുണ്ടായിരുന്ന സ്വാതന്ത്ര്യാനന്തര കാലത്ത് നെഹ്രുവിന്റെ  നേതൃത്വത്തില്‍ എം.എസ്.സ്വാമിനാഥനെപോലുള്ള കാര്‍ഷിക ശാസ്ത്രജ്ഞന്മാരുടെയൊക്കെ ശ്രമ ഫലമായാണ് ഭക്ഷ്യ രംഗത്തടക്കം ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യയെ, ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത നേടുകയും, സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രൂപത്തിലേക്ക് രാജ്യത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തത്. കാര്‍ഷിക മേഖലയില്‍ മോദി സര്‍ക്കാര്‍ കേര്‍പ്പറേറ്റുകളെ സഹായിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ നിരന്തരം ആരോപണം ഉന്നയിക്കുകയും, രാജ്യവും ലോകവും കണ്ട ഏറ്റവും വലിയ കര്‍ഷക സമരവും നടന്ന ഒരു പശ്ചാത്തലത്തില്‍ പോലും കാര്‍ഷിക മേഖലക്ക് അര്‍ഹമായ പരിഗണന കേന്ദ്ര ധനമന്ത്രി ബജറ്റില്‍ നല്‍കിയില്ല എന്നത് നിരാശാജനകമാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ ഭക്ഷ്യോത്പാദന-കാര്‍ഷിക രംഗത്ത് പിടിമുറുക്കുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ കൃഷിഭൂമികളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും, ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ അവര്‍ കൃഷി അവസാനിപ്പിക്കുകയോ, ആത്മഹത്യയില്‍ അഭയം തേടേണ്ടി വരികയോ ചെയ്യേണ്ടി വരുന്ന വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തടക്കം വാര്‍ത്തകളായി വരുന്നുണ്ട്. കോര്‍പ്പറേറ്റ് ആധിപത്യം കാര്‍ഷിക മേഖല കച്ചവടമാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണവും അവരുടെ കൈകളിലാവും. സ്വാഭാവികമായും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കടക്കം വിലക്കയറ്റമുണ്ടാവും. ഇതില്ലാതാക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയില്‍ മൂലധനമിറക്കുകയും, കര്‍ഷകരെ സംരക്ഷിക്കാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുകയും വേണം. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ കുറച്ചുകൊണ്ട് വരികയാണ്.
ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തുകയാണ് കാര്‍ഷിക മേഖലക്കായി സര്‍ക്കാര്‍ മാറ്റിവെച്ചതെന്ന് കാണാന്‍ സാധിക്കും. 2022-23 വര്‍ഷം മുതല്‍ കാര്‍ഷിക മേഖലയ്ക്ക് തുക കുറയുകയാണ്. 2022-23ല്‍ 4,68,290 കോടിയാണ് മാറ്റിവെച്ചതെങ്കില്‍ 2024-25 വര്‍ഷത്തില്‍ 3,63944.8 കോടി രൂപയാണെന്ന് കാണാന്‍ സാധിക്കും. യു.പി.എ സര്‍ക്കാര്‍ കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതിക്ക് ഈ വര്‍ഷവും 86,000 കോടി രൂപ തന്നെയാണ് അനുവദിച്ചിട്ടുള്ളത്. അതുപോലെ ഭക്ഷ്യ സബ്‌സിഡി, വളം സബ്‌സിഡി, മൊത്തം സബ്‌സിഡി, വിള മെച്ചപ്പെടുത്തല്‍ എന്നീ രംഗങ്ങളിലെല്ലാം സര്‍ക്കാര്‍ നിക്ഷേപം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കാര്‍ഷിക സമ്പദ് വ്യവസ്ഥ രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ നിക്ഷേപം പരിമിതപ്പെടുത്തുന്നത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും, ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും തിരിച്ചടിയാകും. ഇക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കുകയും, കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാവുകയും വേണ്ടതുണ്ട്.

കാര്‍ഷിക മേഖലയെ അവഗണിച്ച കേന്ദ്ര ബജറ്റ്

Share

Leave a Reply

Your email address will not be published. Required fields are marked *