സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുന്ന സംസ്ഥാനത്തിന് ഒറ്റയടിക്ക് രക്ഷപ്പെടാനാവില്ലെന്നും കേന്ദ്ര വിഹിതം കുറഞ്ഞാലും സ്വന്തമായ മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയിലൂടെ അവതരിപ്പിച്ച ബജറ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. അര്‍ഹമായ വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണെന്ന് കേരളം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. കേന്ദ്രവും, കേരളവും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയിലും എത്തി. അവിടെ വാദ പ്രതിവാദങ്ങള്‍ തുടരട്ടെ.
സംസ്ഥാനത്തെ മൂന്നരക്കോടിയോളം വരുന്ന ജനവിഭാഗത്തിന് ബജറ്റ് പ്രതികൂലമാണോ അനുയോജ്യമാണോ എന്നതാണ് പ്രധാനം. ജനങ്ങളുടെ മേല്‍ അമിത ഭാരം ഒന്നും തന്നെ ഈ ബജറ്റിലില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അവകാശവാദങ്ങള്‍ക്കോ, വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കോ ധനമന്ത്രിക്കാവില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന മേഖലകളില്‍ നവീകരണത്തിനും സുസ്ഥിരതയ്ക്കും ബജറ്റ് മുന്‍തൂക്കം നല്‍കുന്നു. കേരളം സൂര്യോദയ(സണ്‍റൈസ്) സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന പ്രതീക്ഷയാണ് ധനകാര്യ വകുപ്പ് മന്ത്രി പ്രകടിപ്പിക്കുന്നത്. സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഉപരി പഠനത്തിന് നമ്മുടെ കുട്ടികള്‍ സംസ്ഥാനം വിട്ട് പോകുന്നതാണ്. ഇത് പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ കേരളത്തെ പ്രാപ്തമാക്കുമെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ടൂറിസം മേഖല നമുക്ക് പ്രതീക്ഷ തരുന്ന ഒന്നാണ്. ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് മികച്ച വരുമാനം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. കാര്‍ഷിക പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പ്രത്യേക പദ്ധതികള്‍ ഇല്ല. എന്നാല്‍ റബ്ബറിന്റെ താങ്ങുവിലയില്‍ വരുത്തിയ 10 രൂപയുടെ വര്‍ദ്ധനവ്് പര്യാപ്തമാണുതാനും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്ലാനും സ്വാഗതാര്‍ഹമാണ്. പ്രായമായവരുടെ ക്ഷേമത്തിനായി വയോമിത്രം പദ്ധതിക്ക് 27.5 കോടി രൂപ നീക്കിവെച്ചത് നല്ലൊരു ചുവട് വെപ്പാണ്.
പരാധീനതകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ബജറ്റ്