സാധാരണയായി പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം.എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഇത് കാണപ്പെടുന്നു. അറുപത്തഞ്ചു വയസ്സിനു താഴെ പ്രായമുള്ളവരില്‍ കാണുന്ന ഡിമെന്‍ഷ്യയെ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യ എന്നാണ് വിളിക്കുന്നത്.ദൈനം ദിന കാര്യങ്ങളില്‍പോലും തടസ്സം നേരിടുന്ന വിധത്തില്‍ ഓര്‍മ്മശക്തിക്ക് തടസ്സം നേരിടുന്ന ഡിമെന്‍ഷ്യ എന്ന അവസ്ഥയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്.
ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വ്വകലാശാലകളിലെയും, നെതര്‍ലാന്റിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകര്‍ പഠനം നടത്തി ജമാ ന്യൂറോളജിയിലാണ് ഏര്‍ലി ഓണ്‍സൈറ്റ് ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന പതിനഞ്ച് അപകട സാധ്യതകളെക്കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള അറുപത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ള 3,50,000 പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
സാമൂഹികമായ ഒറ്റപ്പെടല്‍, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന സാമൂഹികസാമ്പത്തിക ചുറ്റുപാട്, വിറ്റാമിന്‍ ഡി അഭാവം, കേള്‍വിക്കുറവ്, അമിതമദ്യപാനം, വിഷാദം, ശാരീരികമായി ദുര്‍ബലമാവുക, പക്ഷാഘാതം, ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ പതിനഞ്ചോളം ഘടകങ്ങളാണ് ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതാ ഘടകങ്ങളായി ഗവേഷകര്‍ കണക്കാക്കുന്നത്. ഈ ഘടകങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും പരിഹാരം കണ്ടെത്തുകയും വഴി ഏളി ഓണ്‍സെറ്റ് ഡിമെന്‍ഷ്യാ സാധ്യത കുറയ്ക്കാനാവുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. മധ്യവയസ്സില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നത് ഈ സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കരുതുന്നു.
വിഷാദം മസ്തിഷ്‌കത്തിന്റെ ഘടനയേയും പ്രവര്‍ത്തനത്തേയും നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. കൂടാതെ വിഷാദ രോഗികളില്‍ സാമൂഹിക ഇടപെടലുകള്‍ കുറവുമായിരിക്കും. ഇവയെല്ലാം മറവിരോഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ഭക്ഷണം, ജീവിതരീതി, സമ്മര്‍ദം തുടങ്ങിയവയ്ക്കും ഡിമെന്‍ഷ്യയുമായി ബന്ധമുണ്ടെന്നും സാമൂഹിക സാമ്പത്തിക ചുറ്റുപാട് കുറഞ്ഞവരില്‍ ആരോഗ്യപരിപാലനം കുറയുന്നതും മറവിരോഗ സാധ്യത കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു.
വായന, പസിലുകള്‍ പോലുള്ള ഗെയിമുകള്‍ കളിക്കുന്നത്, കത്തെഴുതുന്നത് തുടങ്ങിയവ നേരത്തേയെത്തുന്ന മറവിരോഗത്തെ പ്രതിരോധിക്കുമെന്ന് മുമ്പൊരു പഠനത്തില്‍ വ്യക്തമായിരുന്നു.
ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെന്‍ഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വര്‍ഷവും 10 ദശലക്ഷം പുതിയ ഡിമെന്‍ഷ്യ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെന്‍ഷ്യ രോഗങ്ങളിലൊന്നാണ് അല്‍ഷൈമേഴ്സ് രോഗം. ഡിമെന്‍ഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അല്‍ഷൈമേഴ്സ് ആണ്.
നേരത്തെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി നിയന്ത്രിക്കാന്‍ ചെയ്യാന്‍ സാധിക്കും. ഡിമെന്‍ഷ്യയ്ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.