സൗദി അറേബ്യയില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് പ്രീമിയം ഇഖാമ വ്യാപിക്കാന്‍ തുടങ്ങി. സ്വദേശി സ്‌പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ തൊഴിലെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് പ്രീമിയം ഇഖാമ. അഞ്ച് വിഭാഗക്കാര്‍ക്ക് പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീന്‍ കാര്‍ഡ് മാതൃകയിലുള്ള പ്രീമിയം റസിഡന്‍സി പെര്‍മിറ്റിനായി അപേക്ഷിക്കാം.
ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധരും വിവിധ വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നവര്‍ക്കും പുറമെ സ്‌പെഷ്യല്‍ ടാലന്റ്, ഗിഫ്റ്റഡ്, കലാകായിക പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെ അഞ്ച് വിഭാഗകാര്‍ക്കാണ് പ്രീമിയം ഇഖാമ അനുവദിച്ചത്. നാലായിരം റിയാലാണ് ഫീസ്. അഞ്ചുവര്‍ഷമാണ് കാലാവധി. അതിന് ശേഷം മുന്‍കാലയളവിലെ പ്രവര്‍ത്തനം കര്‍ശനമായി പരിശോധിച്ചശേഷം മാത്രമേ ഇഖാമ പുതുക്കുകയുള്ളൂ.
അഞ്ച് വര്‍ഷത്തിനിടെ 30 മാസമെങ്കിലും തുടര്‍ച്ചയായോ ഇടവിട്ടോ രാജ്യത്ത് താമസിച്ചിരിക്കണം. ആരോഗ്യ, ശാസ്ത്രം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രത്യേക കഴിവുള്ളവര്‍ക്ക്, സൗദിയില്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ സ്‌പെഷ്യല്‍ ടാലന്റ് ഇഖാമ അനുവദിക്കും. ഗവേഷകര്‍ക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയും, ചുരുങ്ങിയത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും, 14,000 റിയാല്‍ പ്രതിമാസ ശമ്പളവും വേണം. ആരോഗ്യ-ശാസ്ത്ര മേഖലകളിലെ വിദഗ്ധര്‍ക്ക് 35,000 റിയാലും, എക്‌സിക്യൂട്ടീവുകള്‍ക്ക് 80,000 റിയാലും ചുരുങ്ങിയ ശമ്പളം വേണം. കലാ-കായിക-സാംസ്‌കാരിക മേഖലയിലെ പ്രതിഭകള്‍ക്ക് ഗിഫ്റ്റഡ് റസിഡന്‍സി അനുവദിക്കും.
അവരുടെ കഴിവും അനുഭവ സമ്പത്തും സൗദിയില്‍ പ്രയോജനപ്പെടുത്തണം എന്ന വ്യവസ്ഥയുണ്ട്. ഇന്‍വെസ്റ്റര്‍ റസിഡന്‍സിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സിനൊപ്പം, 70 ലക്ഷം റിയാലില്‍ കുറയാതെ നിക്ഷേപം നടത്തുകയും വേണം. 10 പേര്‍ക്കെങ്കിലും ജോലി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ തരം നിക്ഷേപങ്ങള്‍ കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കാണ് ഓന്റ്റപ്രണര്‍ ഇഖാമ. രണ്ട് വിഭാഗങ്ങളിലായാണ് ഇത് നല്‍കുന്നത്. വസ്തു സ്വന്തം പേരില്‍ ഉള്ളവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സി നല്‍കും. ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ഇല്ലാത്ത 40 ലക്ഷം റിയാലിന്റെ ആസ്തി ഉണ്ടായിരിക്കണം.
2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവില്‍ വന്നത്. പ്രീമിയം ഇഖാമ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക് പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.
പ്രീമിയം ഇഖാമ കൂടുതല്‍ വിഭാഗങ്ങളിലേക്ക്
വ്യാപിപ്പിച്ച് സൗദി അറേബ്യ