മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാന ഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന് ഇന്ന് 84.ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ സംഗീതമാലപിച്ചങ്കെിലും മലയാളിക്ക് ഇത്രയേറെ സ്വരമാധുര്യം നല്‍കിയ വേറെ ആരുമില്ല എന്നു തന്നെ പറയാം. അതുകൊണ്ടാണ് ആ സ്വര മാധുരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാവുന്നതും. ആ ഗന്ധര്‍വ്വ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്.
ഒരു സ്വരം തലമുറകളിലൂടെ ഹൃദയത്തിലേറ്റിയ സ്വരം, നമ്മുടെ തന്നെ ഇന്നലെകളെ ഓര്‍മപ്പെടുത്തുന്ന ഒരു സ്വരം. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും ചെന്നെത്തുന്നത്. ആ സ്വരസാധനയ്ക്ക് മുന്നില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ട്. പോറല്‍ ഏല്‍പ്പിക്കാനാവാതെ പോയ കാലം. വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ പദങ്ങളില്ലാതെപോയ ഭാഷ, കീഴടക്കാനൊരുമ്പെട്ട് കീഴ്‌പ്പെട്ടുപോയ ഈണങ്ങള്‍. കെ.ജെ.യേശുദാസ് മനുഷ്യസാധ്യമായ കല്‍പനകള്‍ക്കെല്ലാമപ്പുറം ഒരു വിസ്മയമായതിന് ഉത്തരമില്ല, ഒരിക്കലും.സംഗീതത്തിനായി ദൈവം സൃഷ്ടിച്ച മനുഷ്യന്‍. തലമുറകള്‍ ആ സുകൃതഗീതികള്‍ നെഞ്ചേറ്റി ഏറ്റുപാടി. അതിലെല്ലാം ഈ നാടിന്റെ ജീവിതമുണ്ടായിരുന്നു. യേശുദാസ് പാടിയപ്പോഴെല്ലാം വരികള്‍ സംഗീതംപോലെ തരളമായി. ഈണം കാവ്യംപോലെ മധുരതരവും. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് സിദ്ധിച്ച പുണ്യം.
അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും മകനായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് ജനിച്ചുവീണത് 1940 ജനുവരി 1നാണെങ്കിലും നവംബര്‍ 14നാണ് യേശുദാസ് എന്ന പിന്നണി ഗായകന്‍ ജന്മം കൊള്ളുന്നത്.ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുദേവശ്ലോകം പാടിയാണ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തുന്നത്. ‘കാല്‍പ്പാടുക’ളിലൂടെ പിന്നണിഗായകനായി അരങ്ങേറി രണ്ടു വര്‍ഷത്തിനകം ‘ബൊമ്മൈ’ എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു യേശുദാസ്. വീണാവിദ്വാന്‍ എസ് ബാലചന്ദര്‍ സംവിധാനം ചെയ്ത ഈ പടത്തിലാണ് യേശുദാസ് ആദ്യമായി ക്യാമറക്ക് മുന്നില്‍ നിന്നതും. തൊട്ടടുത്ത വര്‍ഷം മലയാള സിനിമയിലും തെളിഞ്ഞു യേശുദാസിന്റെ മുഖം. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കാവ്യമേള’യില്‍ ‘സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ’ എന്ന പാട്ട് സ്വയം ഈണമിട്ടു പാടുന്ന ഗായകരുടെ കൂട്ടത്തില്‍ ദക്ഷിണാമൂര്‍ത്തി, പി ബി ശ്രീനിവാസ്, പി ലീല, എം ബി ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം യുവാവായ യേശുദാസിനെയും കാണാം.
യേശുദാസിന്റെ മുഴുനീള വേഷവുമായി ‘കായംകുളം കൊച്ചുണ്ണി’ കടന്നുവന്നത് 1966ല്‍. സുറുമവില്‍പ്പനക്കാരനായ ഖാദറിന്റെ റോള്‍ സ്വീകരിച്ചത് സംവിധായകനും നിര്‍മാതാവുമായ പി എ തോമസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് പറയുന്നു യേശുദാസ്. പടത്തില്‍ യേശുദാസിനൊരു നായികയുമുണ്ട്-ഉഷാകുമാരി. ‘കുങ്കുമപ്പൂവുകള്‍ പൂത്തു’ എന്ന ഗാനരംഗത്ത് ഷാജഹാനും മുംതാസുമായി പ്രത്യക്ഷപ്പെടുന്നത് യേശുദാസും ഉഷാകുമാരിയും. യേശുദാസ് ഒരു മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ചിത്രം എന്ന പ്രത്യേകതയുമുണ്ട് സത്യന്‍ നായകനായ കായംകുളം കൊച്ചുണ്ണിക്ക്.
പിന്നാലെ വന്ന ‘അനാര്‍ക്കലി’യില്‍ അക്ബറിന്റെ സദസ്സിലെ ആസ്ഥാന ഗായകന്‍ മിയാന്‍ താന്‍സന്‍ ആയി ‘സപ്തസ്വരസുധാ സാഗരമേ’ എന്ന ഗാനരംഗത്ത് അഭിനയിക്കുന്നു യേശുദാസ്. യേശുദാസിന് വേണ്ടി അന്ന് പിന്നണി പാടിയിരിക്കുന്നത് സാക്ഷാല്‍ ഡോ. ബാലമുരളീകൃഷ്ണ ആണെന്നത് മറ്റൊരു കൗതുകം. അച്ചാണി,പഠിച്ച കള്ളന്‍, കതിര്‍മണ്ഡപം, ഹര്‍ഷബാഷ്പം, നിറകുടം, റൗഡി രാജമ്മ, പാതിരാ സൂര്യന്‍, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങി വേറെയും ചിത്രങ്ങളില്‍ ഗായക വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് യേശുദാസ്.അഭിനയം ഗായകന് പറഞ്ഞിട്ടുള്ളതല്ല. ഷൂട്ടിങ് സ്ഥലത്തെ ചൂടും പൊടിയും തന്നെ പ്രധാന വെല്ലുവിളി. അഭിനയിക്കാനുള്ള ക്ഷണങ്ങള്‍ പലതും നിരസിക്കേണ്ടി വന്നത് അതുകൊണ്ടാണെന്നും യേശുദാസ് പറയുന്നു.
ഓരോ ഗാനങ്ങളിലും വാക്കുകള്‍ക്ക് യേശുദാസ് നല്‍കുന്ന വൈകാരികമായ വ്യതിയാനങ്ങളാണ് ശ്രോതാക്കളുടെ ഹൃദയം കവരുന്നത്. ഓര്‍ത്തു നോക്കിയാല്‍ പല നല്ല പാട്ടുകളും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് യേശുദാസ് നല്‍കിയ ചെറിയ വികാര ഭാവങ്ങള്‍കൊണ്ടാണെന്നു കാണാം. ആത്മ വിശ്വാസമുള്ള കലാകാരനായ അദ്ദേഹം സ്വന്തം പ്രതിഭയുടെ ശക്തി മറ്റാരേക്കാളും മനസ്സിലാക്കിയ ആ ഗന്ധര്‍വ്വന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു.