തിരുവനന്തപുരം: ഗവേഷണം, വിദ്യാര്‍ത്ഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി. ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോംഗ് ലേണിങ് ഹബ് അധ്യക്ഷന്‍ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ ഏഷ്യ പസഫിക്, യൂറോപ്യന്‍ മേഖലകളില്‍ പ്രചരിപ്പിക്കുന്നതിനുള്ള പിന്തുണയും ഡോ. സീമസ് അറിയിച്ചു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ക്കും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതാ വിദ്യാഭ്യാസ മുന്നേറ്റം, നൈപുണ്യ പരിശീലനം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, പ്രാദേശിക വിജ്ഞാനം, ലൈഫ് ലോങ്ങ് ലേണിങ് എന്നീ മികവുകളും കേരളത്തിന് മുതല്‍ക്കൂട്ടാകും. ഈ രംഗത്ത് കേരളത്തിന്റെ പരിശ്രമങ്ങള്‍ക്ക് എഎസ്ഇഎം ഹബ്ബിന്റെ പിന്തുണയും സഹായ വാഗ്ദാനവും അദ്ദേഹം ഉറപ്പു നല്‍കി. കൂടിക്കാഴ്ചയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ് എന്നിവരും പങ്കെടുത്തു.
തുടര്‍ വിദ്യാഭ്യാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന, വിദ്യാഭ്യാസ രംഗത്തെ ആഗോള കൂട്ടായ്മയാണ് 2005ല്‍ സ്ഥാപിതമായ എഎസ്ഇഎം ഹബ്. നിലവില്‍ 51 രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. യൂറോപ്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിലുള്ളത്.