തദ്ദേശസ്ഥാപനങ്ങളില്‍ ഇനി കയറി ഇറങ്ങേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന കെ-സ്മാര്‍ട്ട് മലയാളികള്‍ക്കുള്ള സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

തദ്ദേശസ്ഥാപനങ്ങളില്‍ ഇനി കയറി ഇറങ്ങേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന കെ-സ്മാര്‍ട്ട് മലയാളികള്‍ക്കുള്ള സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ-സ്മാര്‍ട്ട് സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കും.

കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് കെ-സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കെ-സ്മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ടി.ജെ വിനോദ് എം എല്‍ എ, കെ ജെ മാക്‌സി എം എല്‍ എ, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്‌സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് ഐ.എ.എസ് എന്നിവരും സംസാരിക്കും. ചടങ്ങിന് കൊച്ചി നഗരസഭ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ സ്വാഗതവും ഐ.കെ.എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി പി.എസ് നന്ദിയും പറയും.

കെ-സ്മാര്‍ട്ട് എങ്ങനെ?

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുകയാണ് കെ-സ്മാര്‍ട്ട്. വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന -മരണ വിവാഹ രജിസ്‌ട്രേഷന്‍), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മോഡ്യൂള്‍, ബില്‍ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും
കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. കെ-സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും ഈ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്നതാണ്.

കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ വേഗത്തില്‍

ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. കെട്ടിടം നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടങ്ങള്‍ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്വെയര്‍ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാല്‍ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടുകയും വേഗത്തില്‍ നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാവുകയും ചെയ്യും. ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും പെര്‍മിറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാര്‍ട്ടിലൂടെ സാധിക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ എയര്‍പോര്‍ട്ട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഉള്‍പെട്ടതാണോ എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാന്‍ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തില്‍ നിര്‍മിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ്വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആകുന്നത്. കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചുകൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള ഈ ശ്രമത്തില്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

 

 

 

 

 

തദ്ദേശസ്ഥാപനങ്ങളില്‍ ഇനി കയറി ഇറങ്ങേണ്ട
മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന കെ-സ്മാര്‍ട്ട്
മലയാളികള്‍ക്കുള്ള സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *