കോഴിക്കോട്:അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷം ജനുവരി 4 മുതല്‍ 7 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (സ്വപ്ന നഗരി) നടക്കുമെന്ന് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ സൂപ്രണ്ട് റവ.ഡോ.വി.ടി.എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി യുവജന സമ്മേളനം, കുടുംബ സംഗമം, പൊതു സമ്മേളനം, സണ്‍ഡേ സ്കൂള്‍ സമ്മേളനം, വിമണ്‍സ് മിഷനറി കൗണ്‍സില്‍, ബൈബിള്‍ കണ്വെന്ഷന്, പൊതുസഭായോഗം എന്നിവ നടക്കും. 4ന് ഉച്ചക്ക് 3 മണിക്ക് സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച്, പുതിയ ബസ് സ്റ്റാന്റ് വഴി ബേബി മെമ്മോറിയല്‍ പരിസരത്തുകൂടി സമ്മേളന നഗരിയിലെത്തുന്ന വിധത്തില്‍ സുവിശേഷ വിളംബര ജാഥ നടത്തും.
ലഹരിക്കെതിരെ എന്നതാണ് വിളംബര ജാഥയുടെ സന്ദേശം. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് റവന്യൂ ജില്ലകളുള്‍പ്പെടുന്ന മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സിലില്‍ ഏകദേശം 300 സഭകളുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തും. 5 ലക്ഷം രൂപയുടെ ബജറ്റിലുള്ള വീട് നിര്‍ദ്ധനരായ 5 കുടുംബങ്ങള്‍ക്ക് നല്കല്, പാവപ്പെട്ട അവിവാഹിതരായ 25 പെണ്‍കുട്ടികള്‍ക്ക് വിവാഹ ചിലവുകള്‍ക്കായി 50,000 രൂപ ധന സഹായം, 25 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം തുടരുന്നതിന് 10,000 രൂപ വീതവും, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 25 വിധവകള്‍ക്ക് 10,000 രൂപ വീതവും, വികലാംഗരും കിടപ്പ് രോഗികളുമായ 25 പേര്‍ക്ക് 10,000 രൂപ വീതവും നല്‍കുമെന്ന് റവ.ഡോ.വി.ടി.എബ്രഹാം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ റവ.ഡോ.വി.ടി.എബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ കെ.യു.പീറ്റര്‍, ട്രഷറര്‍ പാസ്റ്റര്‍ അനീഷ്.എം, കമ്മറ്റിയംഗം പാസ്റ്റര്‍ ഹെന്‍സ്വല്‍ ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ പാസ്റ്റര്‍ പി.ടി.തോമസ്, പാസ്റ്റര്‍ റിജു ജോബ് എന്നിവര്‍ സംബന്ധിച്ചു.