2014 ല്‍ കാനിലെ കാമറെ ഡി ഓര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം നേടുകയും എട്ട് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ആദ്യ ഫീച്ചര്‍ ചിത്രമായ ‘തിത്ലിയും’ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രം ‘ആഗ്ര’യും 2023 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡയറക്ടര്‍സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐ.എഫ്.എഫ്.കെയുടെ 28-ാം പതിപ്പില്‍ ‘ആഗ്ര’ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ബേല്‍ മായി നടത്തിയ അഭിമുഖം.
? ‘ആഗ്ര’യിലെ നായകന്‍ ഗുരു, ഇന്ത്യന്‍ യുവജനങ്ങളുടെ ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തിന്റെ പ്രതിനിധിയാണോ
തീര്‍ച്ചയായും. യുവജനങ്ങളുടെ മാത്രമല്ല, ഇന്ത്യയില്‍ എല്ലാ പ്രായത്തിലുമുള്ള മുതിര്‍ന്നവരുടെ ലൈംഗികതയും കൂടുതല്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കാമസൂത്രയുടെ ദേശക്കാരാണ് നാം എന്ന് കൂടി ഓര്‍ക്കണം.
? അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത വ്യക്തിയുടെയും സമൂഹത്തിന്റെയും മറ്റ് വശങ്ങളെക്കൂടി സാരമായി ബാധിക്കുന്നില്ലേ
അതെ. മൂടിവെക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് എന്നെ കുറേകൂടി നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് നയിക്കുന്നു. അടിച്ചമര്‍ത്തല്‍ സാമൂഹിക ജീവിതവുമായും രാഷ്ട്രീയ ജീവിതവുമായും സമ്പദ് വ്യവസ്ഥയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം കൂടിച്ചേര്‍ന്നാണ് ‘ഞെരിക്കപ്പെട്ട’ ഒരു ജീവിതം ഉടലെടുക്കുന്നത്.
? ‘ആഗ്ര’യിലെ സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന വീട് ചിത്രത്തില്‍ എങ്ങിനെയാണ് മെറ്റഫറായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്
ആഗ്ര നഗരത്തില്‍ മാത്രമല്ല, നമ്മുടെ രാജ്യത്ത് തന്നെ പരിമിതമായ ഇടമേ ഉള്ളൂ. 1.4 ബില്യണ്‍ ആളുകള്‍ പരിമിതമായ സ്ഥലത്ത് തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണിത്. സ്ഥലപരിമിതി, അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള പരിമിതി, അതിജീവനത്തിനായി ദിനേന പൊരുതേണ്ടിവരുന്ന സാഹചര്യം… ഇത്തരം ജീവിതസാഹചര്യങ്ങളാണ്, ഒരുപാട് പേര്‍ ദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് ഇന്ത്യ. ചൈനയില്‍ വലിയ ജനസംഖ്യയുണ്ടെങ്കിലും അവര്‍ക്ക് ധാരാളം ഭൂമിയുണ്ട്.
വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്നാണ് നമ്മുടെ അവകാശവാദം. സത്യസന്ധമായി അവകാശപ്പെടുകയാണെങ്കില്‍ നമ്മുടെ സംസ്‌കാരം, പൈതൃകം എന്നിവയെ യുക്തിയുടെ കണ്ണില്‍കൂടി കാണുകയാണ് വേണ്ടത്. മുകളില്‍പ്പറഞ്ഞ എല്ലാ വിഷയങ്ങളും സത്യസന്ധമായി ചര്‍ച്ച ചെയ്യപ്പെടുകയും വേണം.
‘ആഗ്ര’യില്‍ നമ്മുടെ ലൈംഗികതയെയും രഹസ്യജീവിതത്തെയും സ്ഥലമില്ലായ്മ എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ലെന്‍സിലൂടെ നോക്കിക്കാണുക ആയിരുന്നു എന്റെ ഉദ്ദേശ്യം. ഇല്ലായ്മ, അതിനിടയില്‍ ഞെരുങ്ങുന്ന കുടുംബ ബന്ധങ്ങള്‍, വൈകാരിക അടുപ്പം. ഇവ എവിടെയൊക്കെ കൂട്ടിമുട്ടുന്നു, നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിച്ചു.
? പുതിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒ.ടി.ടി എത്രത്തോളം പ്രയോജനകരമാണ്
ഒ.ടി.ടി പുതിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇടം നല്‍കുന്നില്ല. ഒ.ടി.ടി കമ്പനികള്‍ പ്രധാനമായും ബിസിനസ് ലക്ഷ്യമിടുന്ന ടെക് കമ്പനികളാണ്. അവര്‍ പുതിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ട ഇടം നല്‍കുമെന്നും അനുകൂലമായി സ്വാധീനിക്കുമെന്നതും യുക്തിരഹിതമായ പ്രതീക്ഷയാണ്.
? ആഗോള പ്രേക്ഷകരും പ്രാദേശിക പ്രേക്ഷകരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്
സിനിമയുടെ സാംസ്‌കാരിക പരിസരം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുക പ്രാദേശിക പ്രേക്ഷകര്‍ക്കാണ്. ആ നിലയില്‍ അവരാണ് യഥാര്‍ത്ഥം. അവര്‍ക്ക് തീര്‍ച്ചയായും അവരുടെ ജീവിതവുമായി സിനിമയെ എളുപ്പം ബന്ധിപ്പിച്ച് കാണാന്‍ സാധിക്കും.
? കേരളത്തിലെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (IDSFFK) നിലയില്‍ എന്താണ് ഇവിടുത്തെ സിനിമാ സംസ്‌കാരത്തെക്കുറിച്ചുള്ള അനുഭവം. ഐ.എഫ്.എഫ്.കെ യെക്കുറിച്ചുള്ള അഭിപ്രായം
IDSFFK മനോഹരമായ അനുഭവമായിരുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പ് ശരിക്കും ആകര്‍ഷണീയമായിരുന്നു. ഐ.എഫ്.എഫ്.കെ യും അതുപോലെ തന്നെ ഭംഗിയായി സംഘടിപ്പിച്ചിരിക്കുന്നു. ജസ്റ്റിന്‍ ട്രയറ്റ് സംവിധാനം ചെയ്ത ‘അനാട്ടമി ഓഫ് എ ഫാള്‍’ കണ്ടതിന് ശേഷം എനിയ്ക്ക് ഇപ്പോഴും ഹാംഗ് ഓവര്‍ മാറിയിട്ടില്ല. ആ സിനിമ കാണാനുള്ള പ്രേക്ഷകരുടെ നീണ്ട നിര എന്നെ ഏറെ സന്തോഷിപ്പിച്ചു.
? പുതിയ ചിത്രം ‘ഡെസ്പാച്ച്’ നെക്കുറിച്ച്
ഡെസ്പാച്ച് പ്രീ പ്രൊഡക്ഷന്റെ അന്തിമഘട്ടത്തിലാണ്. ക്രൈം പത്രപ്രവര്‍ത്തനത്തിന്റെ ലോകമാണ് പ്രമേയം. കൊള്ളാവുന്ന സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ വ്യക്തി വഹിക്കുന്ന പങ്ക്, വ്യക്തിയുടെ ആര്‍ത്തി, അതിനു നല്‍കേണ്ട വില എന്നിവ പരിശോധിക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രം അവതരിപ്പിക്കുന്നത് മനോജ് ബാജ്‌പേയി ആണ്.
നമ്മുടെ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍