ഇന്ത്യന്‍ വ്യോമസേന പേരുമാറാനൊരുങ്ങുന്നു.വ്യോമമേഖലയിലെ ശക്തികേന്ദ്രമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേന പേരുമാറ്റാനൊരുങ്ങുന്നത്. ഇന്ത്യന്‍ എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സ് (ഐഎഎസ്എഫ്) എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രം നിര്‍ദേശം ഉടന്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യാന്വേഷണം, ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലയിലേക്ക് പരിമിതപ്പെടാതെ ബഹിരാകാശ അതിര്‍ത്തി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും വ്യോമസേനയ്ക്കുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി വ്യോമസേന നിലവില്‍ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഇന്‍ സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) എന്നിവയെ കൂടാത സ്വകാര്യമേഖലകളുമായും വ്യോമസേന സഹകരിക്കുന്നുണ്ട്.
പൊസിഷനിങ്, നാവിഗേഷന്‍, ടൈം ഇങ്, ഐഎസ്ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ കാലാവസ്ഥ പ്രവചനം, ബഹിരാകാശ സാഹചര്യത്തെക്കുറിച്ചുള്ള അവബോധം, സ്‌പേസ് ട്രാഫിക് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അടുത്ത് ഏഴ്, എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ചെറുതും വലുതുമായ 100 സൈനിക സാറ്റ്‌ലൈറ്റുകള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുക എന്ന ആശയവും സേനയ്ക്കുണ്ട്. 740 കിലോഗ്രാം ഭാരമുള്ള മൈക്രൊസാറ്റ്-ആര്‍ സാറ്റലൈറ്റിനെ 283 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് തകര്‍ക്കാന്‍ ഡിആര്‍ഡിഒ ഒരു ആന്റി സാറ്റലൈറ്റ് (എ-സാറ്റ്) ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷിച്ചിരുന്നു.
പ്രതിരോധമേഖലയിലെ ബഹിരാകാശ പദ്ധതികള്‍ക്കായി ചൈനയ്ക്കും (പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മി സ്ട്രാറ്റെജിക് സപ്പോര്‍ട്ട് ഫോഴ്‌സ്),അമേരിക്കക്കും (യുഎസ്എസ്എഫ്) അവരുടെ സായുധസേനയുടെ ഭാഗമായുള്ള വിങ് നിലവിലുണ്ട്.ചൈനയ്ക്കും അമേരിക്കയ്ക്കും പുറമെ യുകെ, ജപ്പാന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും സമാനമായ വിങ്ങുകളുണ്ട്.
ഇന്ത്യന്‍ വ്യോമസേന പേരു മാറ്റാനൊരുങ്ങുന്നു