നിര്‍മിതബുദ്ധിയെ വരുതിയിലാക്കാനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂഎസ്, ചൈന, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍മിതബുദ്ധിയെ നിയന്ത്രിക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്തിയത്. യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന് ധാരണയായത്.നിയമത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ന് മുമ്പ് തന്നെ നിയമം നിലവില്‍വരാനാണ് സാധ്യത.
യൂറോപ്പില്‍ ഒരു എഐ പരിതസ്ഥിതി വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഈ നിയമനിര്‍മാണം എന്നും മനുഷ്യന് പ്രാധാന്യം നല്‍കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് എന്നും പാര്‍ലമെന്റിലെ ചര്‍ച്ചാ സംഘത്തിന് നേതൃത്വം നല്‍കിയ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ബ്രാന്‍ഡോ ബെനെഫെയ് പറഞ്ഞു.
എഐ മാത്രമല്ല സോഷ്യല്‍ മീഡിയയും സെര്‍ച്ച് എഞ്ചിനുകളും പുതിയ നിയമം വഴി നിയന്ത്രിക്കപ്പെടും. എക്സ്, ടിക് ടോക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെല്ലാം ഈ നിയമത്തിന്‍ കീഴില്‍വരും.’ചരിത്രപ്രധാനം’ എന്നാണ് നിയമനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച യൂറോപ്യന്‍ കമ്മീഷണറായ തിയറി ബ്രെട്ടണ്‍ ഈ കരാറിനെ വിശേഷിപ്പിച്ചത്. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുവെങ്കിലും ചെറുകിട കമ്പനികള്‍ക്ക് പ്രയോജനം ചെയ്യും വിധം നിയമം ലളിതമാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും ടെക്ക് കമ്പനികള്‍ക്കുള്ളതെന്ന് സ്പെയിന്‍ എഐ സ്റ്റേറ്റ് സെക്രട്ടറി കാര്‍മെ ആര്‍ട്ടിഗാസ് വ്യക്തമാക്കി.
നിരീക്ഷണങ്ങള്‍ക്കായി വികാരങ്ങള്‍ തിരിച്ചറിയുന്നതുള്‍പ്പടെയുള്ള ബയോമെട്രിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും സംവാദം നടന്നു.ബയോമെട്രിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം യൂറോപ്യന്‍ പാര്‍ലമെന്റ് നിരോധിച്ചുവെന്ന് ബ്രെട്ടണ്‍ പറയുന്നു. എന്നാല്‍ ഇതിന് മൂന്ന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇതുവഴി ഭീകരാക്രമണം പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ പോലീസിന് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തത്സമയ നിരീക്ഷണം നടത്താനാവും. പോലീസിന്റെ എഐ ഉപയോഗം നിരീക്ഷിക്കുന്നതിന് സ്വതന്ത്ര അധികാരികള്‍ ഉണ്ടാവും.
ഭീഷണി അടിസ്ഥാനമാക്കി വ്യത്യസ്ത ശ്രേണികളായാണ് നിയമം ഒരുക്കിയിരിക്കുന്നത്. യന്ത്രങ്ങള്‍ ആരോഗ്യം, സുരക്ഷ, മനുഷ്യാവകാശം എന്നിവയ്ക്ക് ഭീഷണിയാവുന്നത് തടയുന്നതിനാണ് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നിയന്ത്രണങ്ങളുള്ളത്. ഒരു യന്ത്രത്തെ പരിശീലിപ്പിക്കുന്നതിനുള്ള കംപ്യൂട്ടേഷണല്‍ സങ്കീര്‍ണതകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍മിതബുദ്ധിയെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുക. അതായത് ഉയര്‍ന്ന കംപ്യൂട്ടിങ് ശേഷി ഉപയോഗിച്ച് നിര്‍മിച്ച നിര്‍മിത ബുദ്ധി കൂടുതല്‍ ശക്തമായിരിക്കും. നിലവില്‍ ജിപിടി-4 മാത്രമാണ് ഈ വിഭാഗത്തില്‍ വരിക.
നിര്‍മിത ബുദ്ധിയെ നിയന്ത്രിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയ ശക്തവും സമഗ്രവുമായ നിയന്ത്രപണം നിര്‍മിതബുദ്ധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന മറ്റ് ഭരണകൂടങ്ങള്‍ക്ക് മികച്ചൊരു മാതൃക സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍ വിശ്വസിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കമ്പനികള്‍ മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിച്ചേക്കാമെന്നത് അതിന് ആഗോള പ്രാധാന്യം നല്‍കുന്നുണ്ട്.
നിര്‍മിതബുദ്ധിയെ വരുതിയിലാക്കാന്‍
നിയമനിര്‍മാണവുമായി യൂറോപ്പ്