ഹോട്ടല്‍ ബുക്കിങ് വെബ്‌സൈറ്റായ ബുക്കിങ് ഡോട്ട്‌കോം വഴി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യ ഇന്റര്‍നെറ്റ് ഫോറങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഇവര്‍ ഇരകളെ തിരയുന്നത്. ഹോട്ടലുകളുടെ ലോഗിന്‍ വിശദാംശങ്ങള്‍ക്കായി 2000 ഡോളര്‍ പോലും നല്‍കാന്‍ തയ്യാറാവുകയും അത് ഉപയോഗിച്ച്, ഹോട്ടലുകളില്‍ താമസിക്കുന്ന അതിഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
ഹാക്കര്‍മാരുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. Booking.com വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെങ്കിലും ഓരോ ഹോട്ടലുകളും ബുക്കിങ് വെബ്‌സൈറ്റുകളുമായി ലിങ്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുക്കിങ് ഡോട്ട് കോം വഴി റൂമുകള്‍ ബുക്ക് ചെയ്ത ശേഷം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയായതായി യുകെ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുഎസ്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ പരാതി അറിയിച്ചിട്ടുണ്ട്.
ഹോട്ടലില്‍ താമസിച്ചിരുന്ന സമയത്ത് തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ അവിടെ വെച്ച് മറന്നുപോയെന്നും അത് തിരികെ കിട്ടാന്‍ സഹായിക്കണമെന്നും അപേക്ഷിച്ച് ഹോട്ടലിലേക്ക് ഇ-മെയില്‍ അയക്കുകയാണ് ആദ്യ പടി. ഹോട്ടല്‍ ജീവനക്കാരെ ലക്ഷ്യം വെയ്ക്കുന്ന ഇത്തരം മെയിലുകളില്‍ പാസ്‌പോര്‍ട്ടിന്റെ ചിത്രങ്ങളെന്ന പോലെ ചില രഹസ്യ പ്രോഗ്രാമുകളുടെ ലിങ്കുകളും നല്‍കും. പാസ്‌പോര്‍ട്ട് ചിത്രങ്ങള്‍ കാണാനായി ഇതില്‍ ഹോട്ടല്‍ ജീവനക്കാര്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ പ്രോഗ്രാമുകളുടെ സഹായത്തോടെ കംപ്യൂട്ടറുകളില്‍ നിന്ന് ബുക്കിങ് ഡോട്ട് കോമിന്റെ റിസര്‍വേഷന്‍ സംവിധാനത്തില്‍ കടന്നുകയറി ഹോട്ടലിലെ അതിഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പദ്ധതി.
റൂമുകളോ ഹോളിഡേകളോ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതുവഴി ശേഖരിക്കും. ശേഷം അവരെ നേരിട്ട് ബന്ധപ്പെട്ട് ബുക്കിങിനെന്ന പേരില്‍ പണം തട്ടുകയാണ് ചെയ്യുന്നത്. കൂടുതല്‍ ഹോട്ടല്‍ സംവിധാനങ്ങളുടെ സേവനങ്ങളിലേക്ക് കടന്നു കയറാനുള്ള വഴികള്‍ കൂടി ഇത്തരം ഹാക്കിങിലൂടെ സാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം ഹാക്കിങ് പോലെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നാണ് ബുക്കിങ് ഡോട്ട് കോം.
തങ്ങളുമായി ബന്ധപ്പെടുന്ന ഹോട്ടലുകളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ സുരക്ഷിതമാക്കാനും നഷ്ടമായ പണം വീണ്ടെടുക്കാനും സഹായം നല്‍കുമെന്നും കമ്പനി പറയുന്നു. ഹോട്ടലുകള്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പോലുള്ള അധിക സുരക്ഷാ നടപടികള്‍ ചേര്‍ക്കണമെന്നാണ് സൈബര്‍-സുരക്ഷാ വിദഗ്ധരുടെ നിര്‍ദ്ദേശം.