കനത്ത മഴ സാധാരണയായി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയും പ്രത്യേകിച്ച് നദികളും തടാകങ്ങളും ഉള്‍പ്പെടെയുള്ള വലിയ ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള നഗരങ്ങളില്‍ പെട്ടെന്ന് വെളളപ്പൊക്കം ഉണ്ടാകുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ചെന്നൈയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ നിങ്ങളുടെ വാഹനങ്ങള്‍ സുരക്ഷിതമാക്കാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ വാഹനത്തില്‍ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കില്‍ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കാന്‍ ശ്രദ്ധിക്കുക. കാര്‍ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാല്‍ ഡോറുകള്‍ ജാം ആകുകയും വാഹനത്തില്‍ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്.
നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്ന് വെളളം ഇരച്ചുകയറുകയോ വാഹനം മാറ്റാനുളള സാവകാശം നിങ്ങള്‍ക്ക് ലഭിക്കുകയോ ചെയ്തില്ലെങ്കില്‍ എത്രയും പെട്ടെന്ന് വാഹനത്തിന്റെ ബാറ്ററി വിച്ഛേദിക്കാന്‍ ശ്രദ്ധിക്കുക. അതുവഴി കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാം. നിങ്ങളുടെ വാഹനം മുഴുവനായി മുങ്ങി പോയിട്ടില്ലെങ്കില്‍ നിങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് നന്നാക്കാന്‍ ഈ വഴി ഉപകരിക്കും. അത് പോലെ തന്നെ വാഹനം വെള്ളം കയറിയ സമയത്ത് സ്റ്റാര്‍ട്ട് ചെയ്യാന്‍ മുതിരരുത്.
സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം.
എഞ്ചിന്‍ ഇന്‍ലെറ്റ് എയര്‍ ട്യൂബിലൂടെ വെള്ളം പ്രവേശിച്ചാല്‍ എഞ്ചിന് ശാശ്വതമായി കേടുപാടുകള്‍ സംഭവിക്കും, അങ്ങനെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാകാത്തതോ മന്ദഗതിയിലോ ആക്കുന്നു. ഇടിമിന്നലില്‍, വെള്ളത്തിലൂടെ ഒഴുകുന്ന കാറുകള്‍ എളുപ്പത്തില്‍ തീപിടുത്തത്തിന് കാരണമാകും. ഇത് എഞ്ചിന്‍ സ്‌ക്രാപ്പിംഗിലേക്കും നയിച്ചേക്കാം. നിങ്ങളുടെ വാഹനത്തിന്റെ ടയറിന്റെ പകുതിയേക്കാള്‍ പൊക്കത്തില്‍ വെള്ളമുണ്ടെന്ന് കണ്ടാല്‍ വണ്ടി നിര്‍ത്തുക. കാരണം സാധാരണയായി, എക്സ്ഹോസ്റ്റ് സിസ്റ്റം ടയറിന്റെ പകുതി ഉയരത്തിന് സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എക്സ്ഹോസ്റ്റ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത സൃഷ്ടിക്കുകയും, കാറിന് കേടുപാടുകള്‍ വരികയും ചെയ്യും.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്സ് കുറയുമ്പോള്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.