അതും സമ്പൂര്‍ണ്ണ വിജയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര്‍ ഒ

അതും സമ്പൂര്‍ണ്ണ വിജയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര്‍ ഒ

ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം തിരികെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തിക്കുന്ന പരീക്ഷണത്തിലും സമ്പൂര്‍ണ വിജയം നേടി ഐ എസ് ആര്‍ ഒ. ചന്ദ്രയാന്‍ മൂന്നു ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് തിരികെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര്‍ ഒ. ബെംഗളൂരുവിലെ യു ആര്‍ അനന്തറാവു സാറ്റ്ലൈറ്റ് സെന്ററില്‍ നിന്നാണ് ഇതിനുള്ള നിര്‍ദേശങ്ങള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യുളിനു ശാസ്ത്രജ്ഞര്‍ നല്‍കിയത്. ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ ആളെ ഇറക്കുകയും തിരികെ ഭൂമിയിലെത്തിക്കുകയും ചെയ്യുന്ന ദൗത്യ പദ്ധതിക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ് ഐ എസ് ആര്‍ ഒ നടത്തിയ ഈ ‘ഘര്‍വാപസി ‘.
ചന്ദ്രയാന്‍ 3 ദൗത്യം അവസാനിച്ചെങ്കിലും പേടകത്തില്‍ അവശേഷിച്ച 100 കിലോഗ്രാം ഇന്ധനം പ്രയോജനപ്പെടുത്തി രണ്ടു തവണയായി ഭ്രമണപഥം ഉയര്‍ത്തിയാണ് പേടകത്തെ തിരികെ ഭൂമിയിലേക്കുള്ള പ്രയാണത്തിന് സജ്ജമാക്കിയത്.

ഇപ്പോള്‍ പേടകം ഭൂമിയില്‍ നിന്ന് 1.5 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിക്കുന്നത്. പേടകത്തിലെ പേ ലോഡായ ഷേപ്പ്‌ന്റെ പരീക്ഷണങ്ങള്‍ ഇന്ധനം തീരും വരെ ഇവിടെ തുടരും. ഭൂമിക്കു പുറത്തു വാസയോഗ്യമായ ഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന പെലോഡാണ് ഷേപ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജൂലൈ 14 -നാണ് എല്‍ വി എം -3 റോക്കറ്റിന്റെ സഹായത്തോടെ ചന്ദ്രയാന്‍ 3 ദൗത്യ പേടകം വിക്ഷേപിച്ചത്. ഘട്ടം ഘട്ടമായി ഭ്രമണ പഥം ഉയര്‍ത്തിയായിരുന്നു പേടകത്തെ ഭൂമിയുടെ ആകര്‍ഷണ വലയം കടത്തി ചന്ദ്രനിലേക്കു തിരിച്ചു വിട്ടത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്നതായിരുന്നു ചാന്ദ്ര ദൗത്യ പേടകം. ഭ്രമണ പഥം സമയാസമയങ്ങളില്‍ താഴ്ത്തിയായിരുന്നു പേടകത്തെ ചന്ദ്രോപരിതലത്തിനു തൊട്ടു മുകളിലത്തെ ഭ്രമണ പഥം വരെ എത്തിച്ചത്.

തുടര്‍ന്ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടുകയും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഴി ആയിരുന്നു ചന്ദ്രോപരിതലത്തിലിറങ്ങിയ ലാന്‍ഡറും റോവറും ഭൂമിയിലെ ഐ എസ് ആര്‍ ഒ ആസ്ഥാനവുമായി ആശയ വിനിമയം നടത്തി കൊണ്ടിരുന്നത്. 14 ദിവസങ്ങള്‍ കൊണ്ട് ദൗത്യ കാലാവധി അവസാനിച്ചെങ്കിലും ഇന്ധനം അവസാനിക്കാതെ കര്‍മനിരതനായിരുന്നു ഇത്ര നാളും പ്രൊപ്പല്‍ഷന്‍ മൊഡ്യുള്‍. ഇതോടെയാണ് പേടകത്തെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ നടത്തിയത്.

 

 

 

 

 

അതും സമ്പൂര്‍ണ്ണ വിജയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ തിരികെ
ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര്‍ ഒ

 

Share

Leave a Reply

Your email address will not be published. Required fields are marked *