ഇസ്രയേല്‍ -ഹമാസ് താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗാസ വീണ്ടും കുരുതിക്കളമായി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഗാസയിലെ ഏഴ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ നടപടി. ഗാസയിലെ വിവിധ ഇടങ്ങളില്‍ ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും ഉണ്ടായി.ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷമുണ്ടായ ആക്രമണത്തില്‍ ഇന്നലെ മാത്രം ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ഏതാണ്ട് 190 പേര്‍ മരിച്ചു. അവിടേക്ക് റഫാ അതിര്‍ത്തി വഴിയുള്ള സഹായ വിതരണങ്ങളും നിലച്ചതോടെ ജനജീവിതം ദുസ്സഹമായി.
വെടിനിര്‍ത്തല്‍ നിലനിന്ന ഏഴ് ദിവസങ്ങളില്‍ ഗാസയില്‍ ഹമാസ് ബന്ദികളാക്കി വച്ചിരുന്ന 110 പേരാണ് മോചിക്കപ്പെട്ടത്.വടക്ക്-പടിഞ്ഞാറന്‍ ഗാസ, തെക്കന്‍ ഖാന്‍ യൂനിസ് മേഖലകളിലായിരുന്നു ഇന്നലെ പ്രധാനമായും ആക്രമണം നടന്നത്. അല്‍- നസര്‍ ആശുപത്രിക്ക് സമീപമുള്ള വീടുകളും ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തു. അതേസമയം, ഹമാസ് ഉള്‍പ്പെടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ തിരിച്ചടിയെന്നോണം ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വീണ്ടും ഗാസ കുരുതിക്കളമായി