ഒരാമുഖവും ആവശ്യമില്ലാത്ത വിധം നിരവധി സവിശേഷതകളാല്‍ കാലങ്ങള്‍ക്ക് മുമ്പേ ദേശാന്തര ശ്രദ്ധ നേടിയ പ്രദേശമാണ് മലബാര്‍. ഇന്ത്യയുടെ തെക്കു-പടിഞ്ഞാറന്‍ തീരങ്ങളെ പ്രതിനിധീകരിച്ചിരുന്ന ഈ നാമം ഇന്നത്തെ കേരളത്തെയും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന വിശാലമായ ഭൂവിഭാഗങ്ങളെയും ഉള്‍ക്കൊള്ളു
ന്നതായിരുന്നു. സമ്പന്നമായ ചരിത്രവും മഹത്തായ സാംസ്‌കാരിക പൈതൃകവും വിസ്മയകരമായ കോസ്മോപൊളിറ്റന്‍ പരിസരവും നിലനിര്‍ത്തിയ
മലബാര്‍ ഭൂമിശാസ്ത്രപരമായ ഒരു ഇടമെന്നതിനപ്പുറം സവിശേഷമായ ഒരാശയമോ, ഊഷ്മളമായ ഒരു വികാരമോ ആണ്. ദേശീയവും അന്തര്‍ദേശീയവുമായ അനവധി ഗവേഷകരും പണ്ഡിതരും ഇവിടത്തെ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അന്വേഷിക്കാനും പൂര്‍വ്വോപരി ഉത്സാഹത്തോടെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നുവെന്നത് അതിന്റെ തെളിവാണ്. കരയെഴുതിയ ചരിത്രത്തിനപ്പുറം സമുദ്രത്തിലൂടെ വന്നതും പോയതുമായ ചരിത്ര പഠനത്തിലേക്ക് പുതിയ അന്വേഷണങ്ങള്‍ വ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്ര യാത്രകളുടെ പ്രധാന ഇടത്താവളമായ മലബാര്‍ അക്കാദമിക മേഖലയില്‍ വീണ്ടും പുതു പഠനങ്ങളുടെ വേദിയാവുകയാണ്. വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളുടെയും തനതായ സംസ്‌കാരങ്ങളുടെയും ആസ്ഥാന കേന്ദ്രമായിട്ടാണ് ചരിത്രത്തിലെ മലബാര്‍ തീരങ്ങള്‍ അറിയപ്പെടുന്നത്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി സഞ്ചാരികള്‍, വ്യാപാരികള്‍, കുടിയേറ്റക്കാര്‍, സൂഫികള്‍, സുവിശേഷകര്‍, പണ്ഡിതന്മാര്‍ തുടങ്ങി അനവധി പേരെ ഈ നാട് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. അവരുടെ ബൗദ്ധികവും സാംസ്‌കാരികവുമായ പങ്കുവക്കലുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളെ അറബ് ലോകവുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന വ്യാപാര-സാംസ്‌കാരിക വിനിമയത്തിന്റെ ഒരു കവാടമായും സുഗന്ധവ്യഞ്ജനങ്ങളുടെ കേന്ദ്രമായിരുന്ന ഈ തീരം വര്‍ത്തിച്ചു.
പുരാതനകാലം മുതല്‍ മധ്യകാലഘട്ടം വരെ പലപ്പോഴായി ഈ തീരം സന്ദര്‍ശിച്ച പ്രമുഖരായ ലോക സഞ്ചാരികളുടെ യാത്രാകുറിപ്പുകള്‍ വിദേശികളും ഈ നാടും തമ്മിലുള്ള, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വ്യാപാര സാംസ്‌കാരിക ബന്ധങ്ങളുടെ ആഴം രേഖപ്പെടുത്തിവച്ചതായി കാണാം. ഇന്ത്യന്‍ മഹാസമുദ്രം വ്യത്യസ്ത ചിന്തകളുടെയും സാഹിത്യങ്ങളുടെയും കടന്നുവരവിന് ഒരു ഇടനാഴിയായി വര്‍ത്തിച്ചു. കോളനീകരണത്തിന് മുമ്പുള്ള കാലം തന്നെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കച്ചവടക്കാരുടെയും മിഷനറിമാരുടെയും പ്രവാഹം കൊണ്ട് ഇവിടെ ഒരു കോസ്‌മോപോളിറ്റന്‍ അഥവാ ഒരു വിശ്വദേശ പരിസരം രൂപപ്പെട്ടു. ആ വൈവിധ്യങ്ങള്‍ക്കിടയിലാണ് മലബാര്‍ അതിന്റെ സവിശേഷമായ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തിയത്. നിരന്തരമായി നടന്നുകൊണ്ടിരുന്ന അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളാണ് ഈ നാടിന്റെ സ്വത്വനിര്‍മിതിയെ സാധ്യമാക്കിയത് എന്നു ചുരുക്കം.
ഒടുവില്‍ സാമ്രാജ്യത്വ അജണ്ടകളോടെ കടന്നുവന്ന യൂറോപ്യന്‍ കൊളോണിയലിസം മലബാറിന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മേഖലകളെ സാരമായി ബാധിച്ചു. വലിയ രീതിയിലുള്ള പോരാട്ടങ്ങള്‍ക്കും പ്രതിരോധമുന്നേറ്റങ്ങള്‍ക്കും ഇത് വഴി തുറന്നു. ഈ പ്രതിരോധ മുന്നേറ്റം പോലും ഒരുപിടി സാഹിത്യ യസൃഷ്ടികള്‍ക്കു ജന്മം നല്‍കിയെന്നു മാത്രമല്ല, വലിയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തു.വ്യതിരിക്തമായ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും പൈതൃകങ്ങളെയും സൗന്ദര്യശാസ്ത്രങ്ങളെയും ഉള്‍ക്കൊള്ളുകയും അവയെ സമഞ്ജസമായി സമ്മേളിപ്പിക്കുകയും ചെയ്തുവെന്നതാണ് മലബാറിന്റെ എക്കാലത്തെയും വലിയ സവിശേഷത. ഈ ബഹുസ്വര സന്ദേശത്തിന്റെ പൊലിമ കൂട്ടുന്ന സഹവര്‍ത്തിത്വത്തിന്റെ കഥകള്‍ പുതിയ കാലത്തും രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ആശ്വാസമാണ്. കാലുഷ്യത്തിന്റെ കാലത്ത് മലബാറിന്റെ ബഹുസ്വര സംസ്‌കൃതിയുടെ സൗന്ദര്യത്തെ ആഘോഷിക്കുന്നതിന് ഏറെ പ്രസക്തിയുണ്ട്; ചരിത്ര രചനകളും സാഹിത്യോത്സവങ്ങളും വരേണ്യ അജണ്ടകള്‍ സ്ഥാപിച്ചെടുക്കാനുള്ള പൊതുവേദികളായി മാറുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും.
ഈയൊരു സവിശേഷ ഘട്ടത്തിലാണ് ചെമ്മാട്-കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബുക്പ്ലസ് പബ്ലിഷേഴ്സ് ‘മലബാറിനെ ആഘോഷിക്കുന്നു’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (എം.എല്‍.എഫ്) സംഘടിപ്പിക്കാനായി മുന്നോട്ടു വന്നിരിക്കുന്നത്. മലബാറിന്റെ സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പൈതൃകവും ചരിത്രപരമായ അതിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും നാടിന്റെ ബഹുസ്വര നിര്‍മിതിയും ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനുമാണ് എം.എല്‍.എഫ് വേദിയൊരുക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നാല് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോഴിക്കോട് ബീച്ചില്‍ അരങ്ങേറുന്ന ഈ സാഹിത്യോത്സവം അക്കാദമികവും ജനപ്രിയവുമായ അനവധി വിഭവങ്ങള്‍കൊണ്ട് സമ്പന്നമാണ്.മലബാറിലെ മനുഷ്യര്‍, സമുദായങ്ങള്‍, അവരുടെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം, ചരിത്രം, ഭാഷകള്‍, യാത്രകള്‍, കലകള്‍ എന്നിവ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക കൂടിച്ചേരല്‍ കൂടിയാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍. നൂറ്റാണ്ടുകളായി മലബാറുമായി പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന കായല്‍പട്ടണം, ഗുജറാത്ത്, ലക്ഷദ്വീപ്, ശ്രീലങ്ക, ആന്‍ഡമാന്‍ നിക്കോബാര്‍, ഹളര്‍മൗത്ത്,ഹിജാസ്, മലായ, ആഫ്രിക്കന്‍ തീരങ്ങള്‍ തുടങ്ങിയ വിദൂര നാടുകളെയും അവിടത്തെ സാംസ്‌കാരിക ഈടുവെപ്പുകളെയും ഈ സാഹിത്യോത്സവം നമ്മിലേക്കു ചേര്‍ത്തുവക്കുന്നു. ഒപ്പം പ്രസ്തുത ദേശങ്ങളുമായുള്ള മലബാറിന്റെ ബന്ധങ്ങളും അത് ഈ നാടിന്റെ സവിശേഷ സ്വത്വത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കും ഫെസ്റ്റിവലിന്റെ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
മലബാറിന്റെ ഭാഷ, സംസ്‌കാരം, കല തുടങ്ങിയ വൈവിധ്യങ്ങള്‍ ആഘോഷിക്കുന്ന ഫെസ്റ്റിവലില്‍ ന്യൂനപക്ഷ, കീഴാള, ദളിത്, ആദിവാസി പ്രാതിനിധ്യവും കൃത്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗോത്ര കലകളും പിന്നോക്ക സാഹിത്യവും രാഷ്ട്രീയവും വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടും. വിദ്യാഭ്യാസ-ആരോഗ്യ-വിനോദ സഞ്ചാര രംഗത്തെ മലബാറിന്റെ അവസ്ഥയും സാധ്യതകളും അതതു മേഖലകളിലെ പ്രമുഖര്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. ഒപ്പം കായിക രംഗവും വിവിധ കലാരൂപങ്ങളും ചര്‍ച്ചയാകും.
ഇരുന്നൂറ്റിയമ്പതോളം പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ അതിഥികള്‍ എണ്‍പതോളം സെഷനുകളിലായി പങ്കെടുക്കുന്നു. പണ്ഡിതര്‍, ചരിത്രകാരന്മാര്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യാത്രികര്‍, ശാസ്ത്രജ്ഞര്‍, ചിത്രകാരന്മാര്‍,കലാകാരന്മാര്‍, കായിക താരങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഈ സെഷനുകളില്‍ പങ്കെടുക്കും. പാനല്‍ ചര്‍ച്ച, സംഭാഷണം, പ്രഭാഷണം എന്നിവക്ക് പുറമെ ഡോകുമെന്ററി പ്രദര്‍ശനവും ലൈവ് ഷോകളും നടക്കും. നാല് ദിവസങ്ങളിലും പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ വിവിധ വേദികളിലായി നടക്കുന്നുണ്ട്്. ഖവ്വാലി ജുഗല്‍ബന്ധി ഗസല്‍ സദസ്സുകള്‍ ആസ്വാദകരുടെ ഹൃദയം കവരുന്നതോടൊപ്പം വലിയൊരു ചരിത്ര പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാകും.
എം.എല്‍.എഫിന്റെ ഓരോ എഡിഷനും പ്രത്യേക തീം അടിസ്ഥാനമാക്കിയാണ് നടത്താന്‍ ആലോചിച്ചത്. ഇപ്രാവശ്യം കടല്‍ ആണ് പ്രധാന തീമായി സ്വീകരിച്ചിട്ടുള്ളത്. കടലുമായി ബന്ധപ്പെട്ട് മാത്രം പത്തോളം സെഷനുകള്‍ ഉണ്ടാകും. കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗരം പദവി എം.എല്‍.എഫിന് മാറ്റ് കൂട്ടും. മലയാള പ്രസാധനത്തിന്റെ 200 വര്‍ഷങ്ങള്‍, കോഴിക്കോടിന്റെ സാഹിത്യനഗരി പദവി തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകം സെഷനുകളുണ്ട്.
രാഷ്ട്രീയം, കഥ, നോവല്‍, വിവര്‍ത്തനം സാഹിത്യം, പോപ്പുലര്‍ കള്‍ച്ചര്‍, ആരോഗ്യം, ഫുഡ് കള്‍ച്ചര്‍, മാധ്യമം, സിനിമ, പ്രസാധനം, നാടകം, ടൂറിസം, ഫുട്ബോള്‍, ഫലസ്തീന്‍, ഗോത്രീയത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോക്ലോര്‍, ഓര്‍മ, യാത്ര തുടങ്ങിയ മേഖലകളെല്ലാം എം.എല്‍.എഫ് വിവിധ സെഷനുകളിലൂടെ സ്പര്‍ശിക്കുന്നു. ദേശീയ-അന്തര്‍ദേശീയ എഴുത്തുകാരുടെ പ്രധാന രചനകളുടെ ലഭ്യത ഉറപ്പുവരുത്തുന്ന വിപുലമായ ബുക്ഫെയറും സംവിധാനിക്കപ്പെട്ടിട്ടുണ്ട്.
പ്രമുഖ അക്കാദമീഷ്യനും ആന്ത്രോപോളജിസ്റ്റുമായ എന്‍സെങ് ഹോയുടെ ഗ്രൈവ്സ് ഓഫ് തരീം എന്ന വിഖ്യാത കൃതിയുടെ വിവര്‍ത്തനം ഉള്‍പ്പെടെ ബുക്പ്ലസ് അടക്കം വിവിധ പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന ധാരാളം പുസ്തകങ്ങളുടെ പ്രകാശനവും ഫെസ്റ്റിവലില്‍ നടക്കുന്നതാണ്.
കേരളത്തിന്റെ പുതിയ സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചാ മണ്ഡലത്തില്‍ സവിശേഷ ഇടം രേഖപ്പെടുത്താന്‍ പോകുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മലബാര്‍ തീരങ്ങളുടെ ബഹുസ്വര സാംസ്‌കാരിക സത്വം രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന ഘടകങ്ങളുടെ സൂക്ഷ്മമായ ഒരന്വേഷണവും ആഘോഷവുമായിരിക്കുമെന്നത് തീര്‍ച്ചയാണ്. അപനിര്‍മ്മിതിയുടേയും അപരവത്കരണങ്ങളുടെയും കാലത്ത് ചേര്‍ന്നുനില്‍പിന്റെ സാഹിതീയവും സാംസ്‌കാരികവുമായ സാധ്യതകളെ തുറക്കുകയാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.