ആത്മധൈര്യം ചോരാതെ തൊഴിലാളികള്‍, ജീവിതത്തോട് പൊരുതിയത് 400 മണിക്കൂര്‍

ആത്മധൈര്യം ചോരാതെ തൊഴിലാളികള്‍, ജീവിതത്തോട് പൊരുതിയത് 400 മണിക്കൂര്‍

ഉത്തരാഖണ്ഡ്: നവംബര്‍ 12ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തില്‍ അപകടമുണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 13ന് ആദ്യഘട്ടത്തില്‍ ഓക്സിജനും ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള സ്റ്റീല്‍ പൈപ്പ് തൊഴിലാളികള്‍ക്ക് എത്തിച്ചു. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം തൊഴിലാളികളുമായി സംസാരിക്കാനും ഇതുവഴി കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം എത്തിച്ച മെഷീന്‍ ഉദ്ദേശിച്ച ഫലം തരാതെ വന്നതോടെ അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ എത്തിക്കാന്‍ എന്‍എച്ച്‌ഐഡിസിഎല്‍ ആവശ്യപ്പെട്ടു. ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് ആദ്യം നിര്‍മിച്ച പ്ലാറ്റ്ഫോം മണ്ണിടിഞ്ഞ് തകര്‍ന്നു. പിന്നീട് നവംബര്‍ 16-ന് മറ്റൊരു പ്ലാറ്റ്ഫോം സജ്ജമാക്കി അര്‍ധരാത്രിയോടെ ഓഗര്‍ രക്ഷാദൗത്യം ആരംഭിച്ചു. തൊട്ടടുത്ത ദിവസം 24 മീറ്റര്‍ തുരന്ന് നാല് പൈപ്പുകള്‍ അകത്ത് കടത്തി.

അഞ്ചാമത്തെ പൈപ്പ് കടത്തുമ്പോള്‍ പാറക്കല്ല് തടസ്സമായി. തുരങ്കത്തില്‍ വിള്ളല്‍ കണ്ടതോടെ രക്ഷാപ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനം കൂടുതല്‍ അപകടമുണ്ടാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് ഡ്രില്ലിങ് പുനരാരംഭിക്കാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് മറ്റുവഴികള്‍ തേടി. തുരങ്കത്തിന് മുകളില്‍ നിന്നുള്ള വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ഉള്‍പ്പെടെ അഞ്ച് രക്ഷാദൗത്യങ്ങള്‍ ഒരേസമയം നടത്താന്‍ തീരുമാനിച്ചു.

ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് തൊഴിലാളികള്‍ക്കരികിലെത്തിച്ചു. ഇതുവഴി ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. നവംബര്‍ 21നാണ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അവര്‍ കുടുംബാങ്ങളുമായി സംസാരിച്ചു. അന്നു തന്നെ തുരങ്കത്തിന്റെ മറുഭാഗത്ത് നിന്ന് മറ്റൊരു തുരങ്കം നിര്‍മ്മിക്കാനും ആരംഭിച്ചു. നവംബര്‍ 22-ന് 45 മീറ്റര്‍ ദൂരം ഡ്രില്ലിങ് പൂര്‍ത്തിയാക്കി പൈപ്പുകള്‍ സ്ഥാപിച്ചു. ലക്ഷ്യത്തിലേക്ക് 12 മീറ്റര്‍ മാത്രമുള്ളപ്പോള്‍ ഓഗര്‍ മെഷീന്റെ വഴിമുടക്കി ലോഹഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ഡ്രില്ലിങ് വീണ്ടും തടസപ്പെട്ടു.

നവംബര്‍ 23ന് ഡ്രില്ലിങ് പുനരാരംഭിച്ചെങ്കിലും ഓഗര്‍ മെഷീന്‍ സ്ഥാപിച്ച പ്ലാറ്റ്ഫോമില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ഡ്രില്ലിങ് നിര്‍ത്തിവെച്ചു. അടുത്ത ദിവസം ഓഗര്‍ മെഷീന്റെ ഷാഫ്റ്റും ബ്ലേഡും പൊട്ടി അകത്ത് കുടുങ്ങിയതോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം നിലച്ചു. പിന്നാലെ ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. മെഷീന്റെ ഭാഗങ്ങള്‍ നീക്കിയാലുടന്‍ മാനുവല്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തീരുമാനിച്ചു. മുകളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ആരംഭിച്ചു.

നവംബര്‍ 27-ന് ഇന്ത്യന്‍ സൈന്യവും രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി. റാറ്റ് ഹോള്‍ മൈനേഴ്സ് എന്നറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികള്‍ സില്‍കാരയില്‍ എത്തി. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് 31 മീറ്റര്‍ പിന്നിട്ടു. നവംബര്‍ 28-ന് റാറ്റ് ഹോള്‍ മൈനിങ്ങിലൂടെ ഡ്രില്ലിങ് 50 മീറ്റര്‍ പിന്നിട്ടു. ഇതിന് പിന്നാലെ ആശ്വസ വാര്‍ത്തകളും എത്തി. ഇന്ന് രാത്രിയോടെ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. രക്ഷാദൗത്യം വിജയം.

 

ആത്മധൈര്യം ചോരാതെ തൊഴിലാളികള്‍, ജീവിതത്തോട് പൊരുതിയത് 400 മണിക്കൂര്‍

Share

Leave a Reply

Your email address will not be published. Required fields are marked *