ഇന്‍ഷൂറന്‍സ് പോളിസികളില്‍ പണം അടക്കുന്നതില്‍ നിന്ന് ഇന്ന് ആളുകള്‍ പിന്നോക്കം പോകുന്നു. പോളിസി വില്‍പ്പന പഴയത് പോലെ ഇപ്പോള്‍ നടക്കുന്നില്ല. കാരണം ഇന്‍ഷൂറന്‍സ് നിക്ഷേപമല്ലെന്നും അത് വിതരണക്കാര്‍ക്കും ഏജന്റുമാര്‍ക്കും വരുമാനമുണ്ടാക്കാനുള്ള സാധ്യതകളാണെന്നുമുള്ള ജനങ്ങള്‍ക്കുള്ള അവബോധമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണം എല്‍ഐസിയുടെ വരുമാനത്തിലുണ്ടായ ഇടിവു തന്നെയാണ്.
വിലക്കയറ്റത്തേക്കാള്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന പദ്ധതികള്‍ക്കാണിപ്പോള്‍ പ്രിയം. എന്നാലും നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിച്ചേര്‍ത്ത പദ്ധതികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. എന്‍ഡോവ്മെന്റ്, മണിബാക്ക്, യിലിപ് പോളിസികളുമായി ബാങ്കുകളും ഏജന്റുമാരും ഉപഭോക്താക്കളെ പിടികൂടുകയാണ്. ഈ പോളിലിസികളിലൂടെ വിതരണക്കാരും ഏജന്റുമാരും ഉയര്‍ന്ന കമ്മീഷനാണ് നേടുന്നത്.ചുരുങ്ങിയ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ പരിരക്ഷ ലഭിക്കാന്‍ ടേം ഇന്‍ഷുറന്‍സാണ് മികച്ചതെന്ന് പലര്‍ക്കും അറിയില്ല. നിശ്ചിത കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നേട്ടത്തോടുകൂടി ഇന്‍ഷുറന്‍സിലെ തുക തിരികെ ലഭിക്കണമെന്ന് താല്‍പര്യപ്പെടുന്നവരാണല്ലോ ഭൂരിഭാഗവും. ഇന്‍ഷുറന്‍സ് എന്നാല്‍ നിക്ഷേപമല്ലെന്ന അവബോധത്തിന്റെ അഭാവമാണ് ഇതിന് കാരണം.
നിര്‍ബന്ധമായതിനാല്‍ വാഹന ഇന്‍ഷുറന്‍സ് എല്ലാവര്‍ഷവും പുതുക്കിക്കൊണ്ടുപോകുന്നു. പത്തുവര്‍ഷം കഴിഞ്ഞാലും അതിന് മുടക്കിയ പണം തിരികെ ലഭിക്കാറില്ല. അത് പരിരക്ഷയാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യവും അതുപോലെതന്നെ. കാറിനും വീടിനും വിലകൂടിയ ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതുപോലതന്നെയാണ് ലൈഫ് ഇന്‍ഷുറന്‍സും. അത് നിക്ഷേപമല്ല. അപ്രതീക്ഷിത വിയോഗത്തില്‍ ആശ്രിതര്‍ക്കായി കരുതിവെക്കുന്നതാണത്. നിക്ഷേപവുമായി കൂട്ടിക്കലര്‍ത്താതെ ലൈഫ് കവര്‍മാത്രം നല്‍കുന്നവയായതിനാല്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ തുകയുടെ പരിരക്ഷ ടേം ഇന്‍ഷുറന്‍സില്‍നിന്ന് ലഭിക്കുന്നു. മെച്യൂരിറ്റി ആനുകൂല്യങ്ങള്‍, സര്‍വൈവല്‍ ബെനഫിറ്റുകള്‍ തുടങ്ങിയവയൊന്നും വാഗ്ദാനം ചെയ്യുന്നവയല്ല ടേം പ്ലാനുകള്‍. അതുകൊണ്ടുതന്നെ പ്രീമിയം കുറവാണ്. കമ്മീഷനും.