കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം അപകടങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ശരിക്കും കാറിലെ എസി ഇത്ര അപകടമാണോ? ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അപകടം എങ്ങനെ?
അപൂര്‍വമാണ് ഇത്തരം അപകടങ്ങള്‍ നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ ചിലര്‍ക്ക് മരണവും സംഭവിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസലിന്റെ പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്.
ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാര്‍ബര്‍ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാല്‍ അപകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതില്‍ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാല്‍ മരണം സംഭവിക്കാം.
കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വില്ലന്‍
മദ്യപിച്ചോ അല്ലാതെയോ ‘എസി’ യില്‍ ഉറങ്ങിപ്പോകുന്ന പലര്‍ക്കും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാല്‍, അതു രക്തത്തിലെ ഓക്‌സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു.
എയര്‍ കണ്ടിഷന്‍ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാല്‍ കാറിനുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്‌സിജന്‍ രക്തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാല്‍ ഓക്‌സിജനൊപ്പം കാര്‍ബണ്‍ മോണോക്‌സൈഡും ശരീരത്തിലെത്തിയാല്‍ ഹീമോഗ്ലോബിന്‍ മുന്‍ഗണന കൊടുക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിനൊപ്പം ചേരാനാണ്.
കാര്‍ബണ്‍ മോണോക്‌സൈഡ് കൂടുതല്‍ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങള്‍ നശിക്കും. ശ്വാസതടസ്സം, ഛര്‍ദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കാര്‍ബണ്‍ മോണോക്‌സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാന്‍.
കുട്ടികളെ കാറിലിരുത്തി പോകരുത്
മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. പോകേണ്ടിവന്നാല്‍ തന്നെ വിന്‍ഡോ 34 സെ.മീ എങ്കിലും ഉയര്‍ത്തിവയ്ക്കുക. പവര്‍ വിന്‍ഡോ ആണെങ്കില്‍ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിന്‍ഡോയ്ക്കിടയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയേറെയാണ്. വീട്ടിലാണെങ്കിലും പാര്‍ക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തില്‍ കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകാതിരിക്കും.