എന്താണ് ഗോള്‍ഡന്‍ വിസ, അത് എങ്ങനെ സ്വന്തമാക്കാം

എന്താണ് ഗോള്‍ഡന്‍ വിസ, അത് എങ്ങനെ സ്വന്തമാക്കാം

ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. അതിനാല്‍ വിദേശികളെ ആകര്‍ഷിക്കുക എന്നത് യുഎഇയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കിയത്.100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗോള്‍ഡന്‍ വിസ അനുവദിച്ചവര്‍ക്ക് സ്പോണ്‍സറിന്റെ ആവശ്യമില്ല.അഞ്ചുവര്‍ഷത്തേയ്ക്കോ അല്ലെങ്കില്‍ പത്തു വര്‍ഷത്തേയ്ക്കോ ആണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വമേധയാ വിസ പുതുക്കാം.

നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. കുറഞ്ഞത് അഞ്ചുലക്ഷം ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ നടത്തുന്ന സംരംഭകര്‍ക്കും ഇതിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ രാജ്യത്തെ അംഗീകൃത ബിസിനസ് ഇന്‍ക്യൂബേറ്ററിന്റെ അനുമതിയുള്ള സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.ഒരു കോടി ദിര്‍ഹത്തില്‍ കുറയാത്ത പൊതുനിക്ഷേപം നടത്തുന്നവര്‍ക്ക് മാത്രമാണ് പത്തുവര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. അഞ്ചുവര്‍ഷത്തേയ്ക്കുള്ള വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപം നടത്തണം. വായ്പ വഴി ലഭിച്ച പണമാകരുത് നിക്ഷേപത്തിന് ഉപയോഗിച്ചത്. മൂന്ന് വര്‍ഷം വരെ നിക്ഷേപം നിലനിര്‍ത്തുകയും വേണം.

മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡ് നിര്‍ബന്ധമാണ്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞത് 3.75 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം.ശാസ്ത്രരംഗത്ത് ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെയാണ് യുഎഇ പ്രോത്സാഹിപ്പിക്കുന്നത്.

ദീര്‍ഘകാല വിസ പരിധിയില്‍ കുടുംബങ്ങള്‍ക്കും അപേക്ഷിക്കാം.മികച്ചനിലയില്‍ പഠിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
സാംസ്‌കാരികരംഗത്തെ കലാകാരന്മാര്‍ക്ക്ാവിസ അനുവദിക്കുന്നതിന് സാംസ്‌കാരികമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വഴി ഓണ്‍ലൈനായിട്ടാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓഫ്ലൈനായി അപേക്ഷിക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സിനെയാണ് സമീപിക്കേണ്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *