മാനസിക ആരോഗ്യം നന്നാകണമെങ്കില്‍ നല്ല ജീവിതസാഹചര്യം അനിവാര്യം മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ

മാനസിക ആരോഗ്യം നന്നാകണമെങ്കില്‍ നല്ല ജീവിതസാഹചര്യം അനിവാര്യം മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഒരു വ്യക്തിയുടെ മാനസിക ആരോഗ്യം ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാടിനെ അനുസരിച്ചായിരിക്കുമെന്നും മാനസിക ആരോഗ്യം നന്നാകണമെങ്കില്‍ നല്ല ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ അത്യന്താപേക്ഷിതമാണെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ പറഞ്ഞു. മാനസിക ആരോഗ്യം ആനുകൂല്യമല്ല, അവകാശമാണ് എന്ന വിഷയത്തില്‍ ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് കൗണ്‍സിലിംഗ് സൈക്കോതെറാപ്പി കേന്ദ്രം സ്‌കൈ കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇത്തരം സാഹചര്യങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നല്ലൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ച് നമുക്കൊരുമിച്ചു മുന്നേറാം എന്നും കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു.
മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷത്തോടെയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയും അസി.പ്രൊഫസറുമായ ഡോ. മിലു മരിയ ആന്റോ മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അതുമായി ബന്ധപ്പെട്ട തടസങ്ങളെ തകര്‍ത്തെറിയാനും അതിനെ അഭിസംബോധന ചെയ്യാനും പ്രാപ്തരായ ഒരു സമൂഹത്തിനെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മിലു പറഞ്ഞു. വിവര സാങ്കേതിക വിദ്യ അനുസ്യൂതം വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ മാനസിക ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ഇംഹാന്‍സിലെ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ ഇന്‍ ചാര്‍ജും അസി. പ്രൊഫസറുമായ ഡോ. പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. സൈക്കോളജി സര്‍ക്കിള്‍ പ്രസിഡന്റും ഇംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സോനു എസ് ദേവ്, അന്വേഷി വുമന്‍ കൗണ്‍സിലിംഗ് സെന്റര്‍ അധ്യക്ഷ കെ. അജിത, കോഴിക്കോട് ലോ കോളേജ് അസി. പ്രൊഫസര്‍ പി.കെ അനീസ്, സ്‌കൈ മാനേജിംഗ് പാര്‍ട്ണറും സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ നിമ്മി മൈക്കിള്‍, മാനേജിംഗ് പാര്‍ട്ണറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഹാദിയ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗോപിക സുരേഷ്, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് അശ്വതി ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *