കോഴിക്കോട്: 1994ല്‍ സംസ്ഥാന ബഡ്ജറ്റില്‍ ഫണ്ടനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ച പൂഴിത്തോട്-വയനാട് ബദല്‍ റോഡ് (സ്‌റ്റേറ്റ് ഹൈവേ 54) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിലച്ച് പോയതെന്നും, ഇപ്പോള്‍ വികസനാവശ്യങ്ങള്‍ക്ക് വനം വിട്ടു നല്‍കുന്ന സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് 20ന് (വെള്ളി) ഉച്ചക്ക് 2 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ കെ.മുരളീധരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. ഈ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിനിധി സംഘം നിവേദനം നല്‍കും. കണ്‍വെന്‍ഷനില്‍ വയനാട്ടിലെയും, കോഴിക്കോട്ടെയും എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. ചുരമില്ലാതെയും, വലിയ സാമ്പത്തിക ബാധ്യതയില്ലാതെയും ഏറ്റവും എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന റോഡാണിത്.
30 വര്‍ഷം മുമ്പുള്ള ഫോറസ്റ്റ് റിപ്പോര്‍ട്ടാണ് പദ്ധതി നടക്കാതെ പോയതിന് കാരണം. ഇപ്പോള്‍ വയനാട് ജില്ലാ ഭരണകൂടവും, വനം,റവന്യൂ വകുപ്പുകളും സംയുക്തമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിനനുകൂലമാണ്. കോഴിക്കോട് ജില്ലയിലുള്ള ഭാഗങ്ങള്‍ സര്‍വ്വേ നടത്താനുള്ള അപേക്ഷ കോഴിക്കോട് ജില്ലാ കലക്ടറുടെ മുമ്പിലാണുള്ളത്. കക്കയം, പെരുവണ്ണാമുഴി, ബാണാസുര ഡാമുകളുടെ സമീപത്തുകൂടി കടന്നുപോകുന്നതിനാല്‍ ടൂറിസം വികസനത്തിനും വലിയ സാധ്യതയാണുള്ളത്. യാത്രാ ദുരിതവും ബ്ലോക്കും കാരണം പൊറുതി മുട്ടുന്ന വയനാട് യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ റൂട്ടുകൂടിയാണിത്. 30 വര്‍ഷം മുന്‍പ് ഈ റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ നിരവധിയാണ്. റോഡിനാവശ്യമായ ഫോറസ്റ്റ് വക 52 ഏക്കര്‍ ഭൂമിക്ക് പകരം പടിഞ്ഞാറത്തറ പഞ്ചായത്ത് 52 ഏക്കറും ചക്കിട്ടപ്പാറ പഞ്ചായത്ത് 52 ഏക്കറും, ചങ്ങരോത്ത് പഞ്ചായത്ത് 104 ഏക്കര്‍ ഭൂമിയും ഫോറസ്റ്റിന് വിട്ടു നല്‍കിയതാണ്.
ഈ റോഡില്‍ 11 കി.മീ കൂടി മാത്രമാണ് പുതുതായി നിര്‍മ്മിക്കാനുള്ളത്. 6 മാസം കൊണ്ട് റോഡ് പണി പൂര്‍ത്തിയാക്കാനാവുമെന്നും 1994ല്‍ ഈ റോഡിന്റെ ചിലവ് 300 കോടിയാണ് കണക്കാക്കിയിരുന്നതെന്നും കെ.സുനില്‍ ചൂണ്ടിക്കാട്ടി. ചുരമില്ലാതെ എളുപ്പത്തിലും, ചിലവ് കുറഞ്ഞതും, ചുരുങ്ങിയ സമയത്തിനുള്ളിലും നിര്‍മ്മിക്കാവുന്ന ഈ റോഡിന് പ്രഥമ പരിഗണന നല്‍കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, ഇ.എം.ശ്രീജിത്ത്, വിനീഷ ദിനേശന്‍, കെ.ജോസുട്ടി പങ്കെടുത്തു.